ഔറംഗാബാദ്: ഭൂമി തർക്കത്തിലിടപെട്ട എം എൽ എ കർഷകരെ മർദിച്ചതായും അസഭ്യം പറഞ്ഞതായും പരാതി. മഹാരാഷ്ട്ര സില്ലോഡ് മണ്ഡലത്തില കോൺഗ്രസ് ജനപ്രതിനിധിയായ അബ്ദുൾ സത്താർ നബിയാണ് കർഷകരെ മർദ്ദിച്ചത്.ജൂൺ 12ന് നടന്ന സംഭവത്തിന്റെ ദൃശ്യം ഒരു ദേശീയ മാധ്യമമാണ് പുറത്ത് വിട്ടത്. അബ്ദുൾ സത്താറിനും മകൻ സമീറിനും മറ്റു രണ്ടു പേർക്കുമെതിരെ പരാതി നൽകിയെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിട്ടില്ലെന്ന് കർഷകർ പറയുന്നു.

ശൈഖ് ഖലീൽ ശൈഖ് ഇബ്രാഹിം, ശൈഖ് മുഖ്താർ ശൈഖ് സത്താർ, ശൈഖ് റഹീം ശൈഖ് കരീം എന്നീ കർഷകർക്കാണ് മർദ്ദനമേറ്റത്. തങ്ങളുടെ ഫാമിൽ കൃഷി നടത്തുന്നതിനിടെ എംഎൽഎയും കൂട്ടരും ഇവിടെയെത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് കർഷകരുടെ പരാതി.അതേസമയം ഇത് ബിജെപിയുടെ ഗൂഢാലോചനയാണെന്നാണ് എംഎൽഎ പറയുന്നത്. കർഷകർ ഈ ഭൂമി ഒരു ദളിതന് വിറ്റതാണ്. പക്ഷേ, ഭൂമി കൈമാറാൻ തയ്യാറാകുന്നില്ല. ഇതിന്റെ പേരിൽ ഇവർ ദളിതനെ മർദ്ദിച്ചപ്പോൾ ഞാൻ തടയുകയായിരുന്നുവെന്നും എംഎൽഎ പറയുന്നു.അതേ സമയം കർഷകർക്ക് നേരെ ശകാരവർഷം നടത്തിയിട്ടുണ്ടെന്ന് എംഎൽഎ സമ്മതിച്ചു. ദളിതരുടെ ഭൂമി പിടിച്ചടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു