- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയാളിയായ ശതകോടീശ്വരന് കാവലാൾ എറണാകുളത്തെ എംഎൽഎയും കോഴിക്കോട്ടെ ലീഗ് നേതാവും; ചന്ദ്രബോസിനെ കൊന്നത് കഴുമരം വാങ്ങി കൊടുക്കേണ്ടത്ര ഗൗരവം ഏറിയ ക്രിമിനൽ കുറ്റം; കേസുകൾ ഒത്തുതീർക്കുന്നത് റിട്ടയേർഡ് എസ്പിയും എജിയുടെ മക്കളും
തൃശൂർ: കാശും അധികാരത്തിൽ പിടിയും ഉണ്ടെങ്കിൽ ഇവിടെ ആർക്കും എന്തും ചെയ്യാം, ആരെയും തല്ലിക്കൊല്ലാം, അതിന് ശേഷം യാതൊന്നും സംഭവിക്കാത്തതു പോലെ പൊടിയും തട്ടിപ്പോകാം. നമ്മുടെ നിയമവ്യവസ്ഥയുടെയും പൊലീസ് സംവിധാനത്തിന്റെ വീഴ്‌ച്ച പലവട്ടം വെളിയിൽ വന്നിട്ടുണ്ട്. പത്തനംതിട്ടയിലെ കരിക്കിനേത്ത് ടെക്‌സ്റ്റെയിൽസിൽ ജീവനക്കാരനെ മോഷണക്കുറ്റം ആ
തൃശൂർ: കാശും അധികാരത്തിൽ പിടിയും ഉണ്ടെങ്കിൽ ഇവിടെ ആർക്കും എന്തും ചെയ്യാം, ആരെയും തല്ലിക്കൊല്ലാം, അതിന് ശേഷം യാതൊന്നും സംഭവിക്കാത്തതു പോലെ പൊടിയും തട്ടിപ്പോകാം. നമ്മുടെ നിയമവ്യവസ്ഥയുടെയും പൊലീസ് സംവിധാനത്തിന്റെ വീഴ്‌ച്ച പലവട്ടം വെളിയിൽ വന്നിട്ടുണ്ട്. പത്തനംതിട്ടയിലെ കരിക്കിനേത്ത് ടെക്‌സ്റ്റെയിൽസിൽ ജീവനക്കാരനെ മോഷണക്കുറ്റം ആരോപിച്ച് ഉടമകളും ഗുണ്ടകളും ചേർന്ന് തല്ലിക്കൊന്ന സംഭവം റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾ പോലും മടിക്കുകയാണ് ഉണ്ടായത്. ഒടുവിൽ മറുനാടൻ വാർത്തയെ തുടർന്ന് കൊലയാളിയെ അറസ്റ്റു ചെയ്‌തെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് തന്നെ സമർത്ഥമായി രക്ഷപെടുത്തി. അതേ അനുഭവം തന്നെയാകുമോ അതിക്രൂരനായ കൊലയാളി മുഹമ്മദ് നിസാമിന്റെയും കാര്യത്തിൽ എന്നാണ് ഇനി അറിയേണ്ടത്.
കേരളത്തിൽ ഉണ്ടായിട്ടുള്ള അതിക്രൂരമായ കൊലപാതങ്ങളിൽ ഏറ്റവും പൈശാചികമായ കൊലപാതകങ്ങളിൽ ഒന്നാണ് തൃശ്ശൂർ ശോഭ സിറ്റിയിലെ കാവൽക്കാരൻ ചന്ദ്രബോസിന് നേരെ ഉണ്ടായത്. ഉന്നത രാഷ്ട്രീയ ബന്ധത്തിന്റെയും പണത്തിന്റെയും അഹങ്കാരത്തിൽ ജീവിക്കാൻ വഴിതേടി സെക്യൂരിറ്റി ജീവനക്കാരനായ ആളെ മർദ്ദിച്ച് അവശനാക്കിയ ശേഷം ആഢംബരത്തിന്റെ പ്രതിരൂപമായ ഹമ്മർ കാർ ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തുക.
പ്രാണൻ രക്ഷിക്കാൻ ശ്രമിച്ച നിസ്സഹായനായ ഒരു മനുഷ്യനെ വിലകൂടിയ വാഹനത്തിൽ പിന്തുടർന്ന് ചെന്ന് മതിലിനോട് ചേർത്തുനിർത്തി പലവട്ടം വണ്ടി ഇടപ്പിച്ചു. അതും പോരാഞ്ഞ് മൃതപ്രായനായ അയാളെ വലച്ചിഴച്ച് കൊണ്ടുപോയി മരക്കഷണം കൊണ്ട് പാമ്പിനെ തല്ലുന്നതുപോലെ തല്ലി. കിങ്‌സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ മുഹമ്മദ് നിസാമിന്റെ ക്രൂരകൃത്യങ്ങളിൽ ഇത് ആദ്യത്തേതല്ല. പുറത്തുവന്ന ആദ്യത്തേത് മാത്രം. ഇത്രയേറെ കൊടുംക്രൂരകൾ ചെയ്തിട്ടും കൈയിൽ കാശുള്ളവൻ എന്ന ഒറ്റക്കാരണം കൊണ്ട് ഈ നരാഥമനെ രക്ഷിക്കാൻ വേണ്ടി പരസ്പ്പരം മത്സരിക്കുകയാണ് നമ്മുടെ രാഷ്ട്രീയ നേതാക്കളും പൊലീസ് അധികാരികളും. അതിപൈശാചികമായ കൊലപാതകങ്ങളുടെ ഗണത്തിൽപെടുത്താവുന്ന കൊടുംക്രൂരതയാണ് നിസാമിന്റേത്. ഈ കുറ്റത്തിന് നിസാമിന് കഴുമരം തന്നെ നൽകണമെന്ന ആവശ്യം ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു.
അതേസമയം ചന്ദ്രബോസ് ആശുപത്രിക്കിടക്കയിൽ മരണത്തോട് മല്ലിടുമ്പോഴും നിസാമിനെ എങ്ങനെ രക്ഷിക്കാം എന്ന തീവ്രചിന്തയിലായിരുന്നു നമ്മുടെ നേതാക്കളും ഉദ്യോഗസ്ഥരും. നിസാമിനെ അറസ്റ്റു ചെയ്‌തെന്ന വാർത്ത അറിഞ്ഞ ഉടനെ തന്നെ ഉന്നതനായ ലീഗ് മന്ത്രി വിഷയത്തിൽ ഇടപെട്ടു. എന്നാൽ കാര്യത്തിന്റെ ഗൗരവം ഉദ്യോഗസ്ഥർ ബോധിപ്പിച്ചപ്പോൾ അദ്ദേഹം പിൻവാങ്ങുകയാണ് ഉണ്ടായത്. എന്നാൽ അവിടംകൊണ്ട് നിന്നില്ല രാഷ്ട്രീയ ഇടപെടൽ. ചന്ദ്രബോസ് അക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് സിറ്റി പൊലീസ് കമീഷണർക്ക് നിസാമിനു രക്ഷിക്കാൻ വേണ്ടി ഫോണിൽ വിളിച്ചത് എറണാകുളത്തെ പ്രമുഖനായ എ ഗ്രൂപ്പിന്റെ എംഎൽഎ ആയിരുന്നു. കോഴിക്കോട്ട് നിന്നുള്ള മുസ്സീംലീഗിന് നേതാവ് ഇപ്പോഴും ഈ കൊലയാളിയെ രക്ഷിക്കാൻ കരുക്കൾ നീക്കുന്നുണ്ട്.
നിസാമിനെ രക്ഷിക്കാൻ ഇടപെട്ടത് എസ്‌പി റാങ്കിൽ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. മുമ്പുണ്ടായിരുന്ന കേസുകളിലെ ഒത്തുതീർപ്പുകളിലും പ്രധാനി ഇയാൾ ആയിരുന്നു. ശോഭാ സിറ്റിയിലെ സുരക്ഷാ ജീവനക്കാരന് നേരെയുണ്ടായ ആക്രമണമാണെന്ന് അറിഞ്ഞത്തെിയ എ.ഡി.ജി.പി ശങ്കർ റെഡ്ഢി നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് പ്രഖ്യപിച്ച് മൂന്നാഴ്ച പിന്നിട്ടിട്ടും നടപടികളിലേക്ക് കടക്കാതെ പൊലീസ് ഉന്നത സമ്മർദ്ദത്താൽ ഉഴപ്പുകയാണ് ഉണ്ടായത്.
ഏഴ് വയസ്സുകാരനായ മകനെക്കൊണ്ട് ആഡംബര കാർ ഓടിപ്പിച്ചതിന് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. മകനെക്കൊണ്ട് കാറോടിപ്പിച്ച് ആ ദൃശ്യങ്ങൾ ഇയാൾ യുട്യൂബിലിട്ടതും വാഹനപരിശോധന നടത്തിയ വനിതാ എസ്.ഐയെ തെറിവിളിച്ച കേസും ഇയാൾക്കെതിരെയുണ്ട്. വനിതാ പൊലീസുകാരി വാഹന പരിശോധനക്കത്തെിയപ്പോൾ ജീപ്പിനുള്ളിൽ പൂട്ടിയിട്ടാണ് ഇയാൾ തെറിവിളിച്ചത്. ഇത്തരത്തിൽ പത്തിലധികം കേസുകളാണ് നിസാമിനെതിരെയുണ്ടായിരുന്നു. ഈ കേസിൽ നിന്നൊക്കെ ഊരിപ്പോകാൻ സഹായിച്ചത് ഉന്നതർ രംഗത്തെത്തിയിരുന്നു. നിസാമിനെതിരെയുള്ള മൂന്ന് ക്രിമിനൽ കേസുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
വേലൂർ സ്വദേശി ഷംസുദ്ദീനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസാണ് ആദ്യം റദ്ദാക്കിയത്. പിന്നീട് തൃശൂർ ടൗൺ പൊലീസ് ഐ.ടി നിർദ്ദേശപ്രകാരം രജിസ്റ്റർ ചെയ്ത കേസും പരാതിക്കാരനായ അബ്ദുൽ റസാക്കുമായുണ്ടാക്കിയ ഒത്തുതീർപ്പിനത്തെുടർന്ന് റദ്ദാക്കി. ബന്ധുവായ വീട്ടമ്മക്കെതിരെ ഫേസ്‌ബുക്കിലൂടെ അപകീർത്തികരമായ ചിത്രം പ്രചരിപ്പിച്ച കേസ് മറ്റൊന്ന്. കേസുകൾ റദ്ദാക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തില്ലെന്ന് കോടതിവിധിയിൽ പരാമർശിക്കുന്നുണ്ട്. ഇതെല്ലാം നിസാമിനെതിരെ ഗുണ്ടാ നിയമപ്രകാരം നടപടി സ്വീകരിക്കാനുള്ള പൊലീസിന്റെ നീക്കത്തിന് തിരിച്ചടിയായി.
സർക്കാറിന് വേണ്ടിയും വാദിക്കുകയും അതേസമയം തന്നെ പ്രതികൾക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു എന്ന ആരോപണ വിധേയകാരയ അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണിയുടെ കുടുംബം തന്നെയാണ് നിസാമിന്റെ രക്ഷകരായി പലപ്പോഴും എത്തിയിരുന്നത്. ദണ്ഡപാണിയുടെ മകൻ മില്ലു ദണ്ഡപാണിയാണ് നിസാമിന്റെ കേസിൽ ഇന്ന് കുന്നംകുളം കോടതിയിൽ ഹാജരാകുക. കേസ് ഒതുക്കാൻ പൊലീസ് തന്നെ മനഃപൂർവം അവസരമൊരുക്കുകയായിരുന്നുവെന്ന ആക്ഷേപത്തിന് ഈ തെളിവ് ധാരാളമാണ്. വനിതാ എസ്.ഐയെ ജീപ്പിൽ പൂട്ടിയിട്ട സംഭവത്തിൽ കാക്കി കുപ്പായക്കാരന്റെ നീതിബോധം ഉണർന്നത് നിസാമിൽ നിന്നും പണം വാങ്ങി കേസ് ഒതുക്കാനാണ്.
ചന്ദ്രബോസിൽ നിന്ന് മരണമൊഴി എടുത്താനും പൊലീസ് തയ്യാറായിരുന്നില്ല. ചന്ദ്രബോസിന് നേരെയുണ്ടായ അക്രമത്തിൽ ആദ്യം രംഗത്തത്തെിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തന്ത്രപൂർവം പിന്മാറി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചന്ദ്രബോസിനെ സന്ദർശിച്ചത് പോലും വിവാദമായിരുന്നു. മുഖ്യമന്ത്രി ആശുപത്രിയിൽ എത്തി ചികിത്സാ ചെലവുകൾ വഹിക്കാമെന്ന് വാഗ്ദാനം ചെയ്തത് ഒത്തുതീർക്കാനുള്ള ശ്രമമാണെന്ന ആരോപണം ഉയർന്നിരുന്നു. ചന്ദ്രബോസിന്റെ കുടുംബത്തെ സംരക്ഷിച്ചുകൊണ്ട് നിസാമിനെ രക്ഷപെടുത്തുകയായിരുന്നു നീക്കമെന്നായിരുന്നു ഉയർന്ന ആരോപണം.
ഒത്തുതീർപ്പ് ശ്രമത്തിന്റെ ഭാഗമാായി ചന്ദ്രബോസിന്റെ കുടുംബത്തിന് രണ്ടു കോടി രൂപ നൽകാമെന്ന വാഗ്ദാനം ഇപ്പോഴും സജീവമാണെന്നാണ് അറിയുന്നത്. എറണാകുളത്ത് എ ഗ്രൂപ്പിലെ ഒരുപ്രമുഖനായ എംഎൽഎയുമുൾപ്പെടെയുള്ളവർ നേരത്തെ ഇതിന് രംഗത്തെത്തിയ കാര്യം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. തുടക്കത്തിൽ ആരംഭശൂരത്വം കാട്ടിയ പൊലീസ് ആവട്ടെ ഈ ഘട്ടത്തിൽ പ്രതിക്കനുകൂലമായ തരത്തിലേക്ക് മാറുന്നതും പല സംശയങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. ഇയാളുടെ മാഫിയാ ബന്ധം അന്വേഷിക്കാൻ ബാംഗ്ലൂരിലും കിങ്‌സ് ബീഡിക്കമ്പനിയുടെ ആസ്ഥാനമായ തിരുനൽവേലിയിലുമൊക്കെ പോയി നിസാമിന്റെ സാമ്രാജ്യങ്ങൾ കണ്ടു കണ്ണു മഞ്ഞളിച്ചു തിരിച്ചെത്തിയ പൊലീസ് നിസാമിനെ വാഴ്‌ത്തിപ്പാടാനാണ് ശ്രമിച്ചത്.
നേരത്തെ നിസാമിനെതിരെ ചുമത്തിയ വകുപ്പുകൾ പ്രകാരം ചുരുങ്ങിയത് 10 വർഷംവരെ അഴിയെണ്ണേണ്ടി വരും. ചന്ദ്രബോസ് മരണപ്പെട്ട സാഹചര്യത്തിൽ കൊലക്കയർ വരെ നിസാമിനെ തേടിയെത്തിയേക്കാം. പാവപ്പെട്ടവന്റെ കുടുംബത്തിന്റെ അത്താണിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിസാമിനും അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്കെതിരെയും അതിശക്തമായ ജനവികാരമാണ് ഉയരുന്നത്.