ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിലൂടെ ആത്മവിശ്വാസം നേടിയെടുത്ത കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കർണാടകയിൽ ജീവന്മരണ പോരാട്ടത്തിനൊരുങ്ങി കോൺഗ്രസ്. കോൺഗ്രസ് ഭരിക്കുന്ന പ്രധാനപ്പെട്ട ഏക സംസ്ഥാനമാണ് കർണാടകത്തിലേത്. മികച്ച നിലയിൽ ഭരണം കൊണ്ടുപോകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സാധിക്കുന്നുണ്ടെന്നാണ് പൊതുവിൽ വിലയിരുത്തൽ. എന്നാൽ, കർണാടകയിൽ അധികാരംപിടിക്കാൻ എല്ലാ മാർഗ്ഗങ്ങളും പയറ്റുമെന്ന് ഉറപ്പിച്ചിരിക്കയാണ് ബിജെപി. അതുകൊണ്ട് തന്നെ കോൺഗ്രസിന് ഇത് ജീവന്മരണ പോരാട്ടമാണ്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് നൽകിയ ആത്മവിശ്വാസം മുതലാക്കി തന്നെയാണ് കോൺഗ്രസ് കർണാടകയിൽ രാഷ്ട്രീയം പരീക്ഷിക്കാൻ ഒരുങ്ങുന്നത്. രാഹുലിന്റെ സജീവ സാന്നിധ്യം തന്നെ സംസ്ഥാനത്തുണ്ടാകും. അധികാരം പോകാതിരിക്കാൻ വേണ്ട മുൻകരുതലെക്കാം കൈക്കൊള്ളണമെന്നാണ് രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളോട് നിർദേശിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് മോഡൽ പര്യടനം അടുത്തമാസം 10 മുതൽ തുടങ്ങും. ആദ്യവട്ടം മൂന്നുദിവസം പര്യടനം നടത്തുന്ന രാഹുൽ പിന്നാലെ മൂന്നു ത്രിദിന പ്രചാരണ പരിപാടികൾകൂടി നടത്തും. വിജയകരമായ ഗുജറാത്ത് മോഡൽ പരീക്ഷിക്കാൻ കർണാടകത്തിൽനിന്നുള്ള മുതിർന്ന നേതാക്കളുമായി രാഹുൽ നടത്തിയ യോഗത്തിലാണു തീരുമാനമായത്.

മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ, പിസിസി പ്രസിഡന്റ് ജി.പരമേശ്വര, മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖർഗെ, ഓസ്‌കർ ഫെർണാണ്ടസ്, ബി.കെ.ഹരിപ്രസാദ് തുടങ്ങിയവരും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് എന്നിവരും പങ്കെടുത്തു. നാവു പിഴയ്ക്കരുതെന്നും നേതാക്കളോടായി രാഹുൽ പറഞ്ഞിട്ടുണ്ട്. സദുദ്ദേശ്യത്തോടെ പറയുന്ന കാര്യങ്ങൾക്കായാലും ദുർവ്യാഖ്യാനമുണ്ടാകാ'മെന്ന മുന്നറിയിപ്പാണു രാഹുൽ നേതാക്കൾക്കു നൽകിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പുകാലത്തു പ്രധാനമന്ത്രിക്കെതിരെ മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഓർമപ്പെടുത്തൽ.

സംസ്ഥാനത്തെ 56,000 ബൂത്തുകളിൽനിന്നു തിരഞ്ഞെടുത്ത സജീവപ്രവർത്തകർക്കു മണ്ഡലതല പരിശീലന പരിപാടികൾ പുരോഗമിക്കുകയാണ്. വീടുതോറും കയറിയുള്ള പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ഒരുബസിൽ എല്ലാ നേതാക്കളും സംയുക്ത പ്രചാരണം നടത്താനും തീരുമാനമുണ്ട്. സ്ഥാനാർത്ഥി നിർണയം കാലേകൂട്ടി പൂർത്തിയാക്കാനും ശ്രമമുണ്ടാകും.

അതേസമയം കർണാടകയിൽ സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നാണ് സിദ്ധരാമയ്യ വ്യക്തമാക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണവിരുദ്ധ വികാരമില്ലാത്തതിൽ രാഹുൽ ഗാന്ധി സന്തുഷ്ടനാണ്. പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്. അനാവശ്യമായ വിഷയങ്ങളാണ് ബിജെപി ഉയർത്തികൊണ്ടു വരുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

നേരത്തെ ആർഎസ്എസ്സിനും ബിജെപിക്കും നേരെയുള്ള ആക്രമണങ്ങൾ തുടർന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു. ആർഎസ്എസ്സും ബിജെപിയെയും തീവ്രഹിന്ദുവാദികൾ എന്ന നിലപാടിൽ സിദ്ധരാമയ്യ ഉറച്ചു നിന്നപ്പോൾ കോൺഗ്രസ്സ് വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നവരാണെന്നും ധൈര്യമുണ്ടെങ്കിൽ ബിജെപി ആർഎസ്എസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി തിരിച്ചടിച്ചു.

ആർഎസ്എസ്സിലും ബിജെപിയിലും തീവ്രവാദികൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ആരോപിച്ചിരുന്നു. വലിയ വിമർശനങ്ങൾക്കാണ് ഈ പരാമർശം വഴിവെച്ചത്. തുടർന്നാണ് ആർഎസ്എസ്സും ബിജെപിക്കാരും ഹിന്ദു തീവ്രവാദികളാണെന്ന വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. അവർ ഹിന്ദു തീവ്രവാദികളാണെന്നാണ് ഞാൻ പറഞ്ഞത്', എന്ന് മുമ്പ് ഉന്നയിച്ച ആരോപണത്തെ മയപ്പെടുത്തിക്കൊണ്ട് സിദ്ധരാമയ്യ വിശദീകരിച്ചു. എന്നാൽ വീണ്ടും കടുത്ത ആരോപണങ്ങളാണ് ബിജെപിക്കെതിരെ സിദ്ധരാമയ്യ അഴിച്ചു വിട്ടത്.

അതേസമയം രാഹുൽ ഗാന്ധിയെ ഒരുവശത്ത് കോൺഗ്രസ് ഇറക്കുമ്പോൾ നരേന്ദ്ര മോദി തന്നെയാകും ബിജെപിയെ മുന്നിൽ നിന്നും നയിക്കുക. യെദ്യൂരപ്പയെ തന്നെയാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി ഉയർത്തിക്കാട്ടുക.