തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ മാറുമെന്ന് സൂചന.തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് എഐസിസി കട്ടായം പറഞ്ഞാൽ മുല്ലപ്പള്ളിക്ക് അനുസരിക്കാതിരിക്കാൻ ആവില്ല. മുല്ലപ്പള്ളി ഒഴിയുമ്പോൾ പകരം വർക്കിങ് പ്രസിഡന്റ് കെ സുധാകരന്നറുക്ക് വീഴും. എഐസിസി ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല എന്നാണ് ശനിയാഴ്ച കെപിസിസി പ്രസിഡന്റ് പറഞ്ഞത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉജ്ജ്വല ജയമാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പുറമേ പറഞ്ഞെങ്കിലും മത്സരിക്കില്ല എന്ന തറപ്പിച്ച് പറഞ്ഞതുമില്ല

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

'സ്ഥാനാർത്ഥി നിർണയത്തിന്റെ പ്രാഥമിക ഘട്ടങ്ങളൊക്കെ പൂർത്തിയാക്കി. അന്തിമപട്ടിക ഉടൻ തന്നെ തയ്യാറാക്കും. ഘടകകക്ഷികളുമായി ഏകദേശം പൂർത്തിയായി കഴിഞ്ഞു. രോഗബാധിതനായതിനാൽ പി.ജെ.ജോസഫുമായുള്ള ചർച്ച പൂർത്തിയായില്ല.

ഓരോ സീറ്റു നിർണായകമായ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ?

'ഞാൻ ഇവിടെ വച്ച് തന്നെ പലവട്ടം പറഞ്ഞതാണ്. എന്റെ മുന്നിൽ ഇപ്പോൾ ഒറ്റ ലക്ഷ്യം മാത്രമേയുള്ളു. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ഐക്യജനാധിപത്യ മുന്നണിയെയും, വിജയസോപാനത്തിൽ എത്തിക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം.'

കണ്ണൂരും കോഴിക്കോട്ടും കൽപ്പറ്റയിലും അങ്ങയുടെ പേര് കേൾക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ മുല്ലപ്പള്ളിയുടെ മറുപടി:

'കോഴിക്കോട് ജില്ലയിൽ നിന്ന് തന്നെ മൂന്നോ നാലോ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരാദിത്തപ്പെട്ട നേതാക്കൾ എന്നെ കണ്ടിരുന്നു. കണ്ണൂരിലെ നോതാക്കന്മാർ കണ്ടിരുന്നു. നിങ്ങൾ അറിഞ്ഞതും അറിയാത്തതുമായ പല മണ്ഡലങ്ങളിൽ നിന്നും ക്ഷണം വന്നിട്ടുണ്ട്. ദക്ഷിണകേരളത്തിൽ നിന്നും മത്സരിക്കണമെന്ന നിർബന്ധവും ഉണ്ടായിട്ടുണ്ട്. ഇതിനൊക്കെ എന്റെ മറുപടി ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെയും ഐക്യജനാധിപത്യ മുന്നണിയെയും, വിജയസോപാനത്തിൽ എത്തിക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം എന്നായിരുന്നു.'

'ഹൈക്കമാൻഡ് ഇക്കാര്യത്തിൽ ഒരുതീരുമാനം എടുത്തുകഴിഞ്ഞിട്ടില്ല. മാർച്ച് ആദ്യവാരം എന്തായാലും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കും. ഹൈക്കമാൻഡിന് മുന്നിൽ ഇതവതരിപ്പിക്കും. സ്ഥാനാർത്ഥികളുടെ ദൗർലഭ്യം കോൺഗ്രസിൽ ഉണ്ടായിട്ടില്ല. നേമത്തായാലും വട്ടിയൂർക്കാവിലായാലും കോൺഗ്രസിന്റെ മികച്ച സ്ഥാനാർത്ഥികൾ തന്നെ മത്സരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചിട്ട് 20 വർഷമായി. 2001 ലാണ് ജില്ലയിൽ കോൺഗ്രസിന്റെ അവസാന ജയം. അന്ന് കോഴിക്കോട് ഒന്നാം മണ്ഡലത്തിൽനിന്നു എ. സുജനപാലും കൊയിലാണ്ടിയിൽനിന്നു പി.ശങ്കരനും ജയിച്ചു മന്ത്രിമാരായി. എന്നാൽ പിന്നീട് കോഴിക്കോടുനിന്ന് കോൺഗ്രസിന് ഒരു എംഎൽഎ പോലുമുണ്ടായില്ല. ആ കുറവ് നികത്താൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥികളെ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

കൊയിലാണ്ടിക്കൊപ്പം പേരാമ്പ്ര, കൽപറ്റ മണ്ഡലങ്ങളും മുല്ലപ്പള്ളിയുടെ പേരിനൊപ്പം പറഞ്ഞുകേൾക്കുന്നുണ്ട്. എന്നാൽ കെപിസിസി പ്രസിഡന്റായതിന്റെ പേരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽനിന്ന് മത്സരിക്കാതെ മാറി നിന്ന മുല്ലപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയാൽ പാർട്ടിക്കുള്ളിൽ വിമർശനമുയരും. മുല്ലപ്പള്ളി വടകരയിൽ മത്സരിക്കാൻ തയാറാവാത്തിനാലാണു വട്ടിയൂർകാവ് മണ്ഡലം ഉപേക്ഷിച്ചു കെ.മുരളീധരൻ വടകരയിലെത്തിയത്. എന്നാൽ, നിർണായക പോരാട്ടത്തിൽ മുല്ലപ്പള്ളി മത്സരിക്കാൻ ഇറങ്ങണമെന്ന വാദവും പ്രബലമാണ്.

ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിൽ അതിശക്തർ തന്നെ സ്ഥാനാർത്ഥിയാകണമെന്ന വികാരം കോൺഗ്രസിൽ ശക്തമാണ്. നേമത്തോ വട്ടിയൂർക്കാവിലോ മത്സരിക്കാൻ തയ്യാറാണെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. അല്ലെങ്കിൽ പിണറായി വിജയന്റെ തട്ടകമായ ധർമ്മടവും. ഉറച്ച സീറ്റൊന്നും തനിക്ക് വേണ്ടെന്ന് നിലപാട് എടുത്ത് ഏവരേയും അമ്പരപ്പിക്കുകയാണ് മുല്ലപ്പള്ളി. നേമത്തേയും വട്ടിയൂർക്കാവിലേയും സമവാക്യങ്ങൾ മുല്ലപ്പള്ളിക്ക് അനുകൂലമല്ല താനും.

മുല്ലപ്പള്ളി ഒഴിഞ്ഞാൽ കെ.സുധാകരൻ

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ പകരം സുധാകരൻ എത്തുമെന്നാണ് സൂചന. ഇതിനെ ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും എതിർക്കുന്നുണ്ട്. കെ മുരളീധരനെ പോലുള്ളവർക്ക് ഇത് അംഗീകരിക്കാനേ കഴിയുന്നില്ല. മുഖ്യമന്ത്രിയെ ചെത്തുകാരന്റെ മകൻ എന്ന് വിശേഷിപ്പിച്ചപ്പോൾ എതിരഭിപ്രായം ഉണ്ടായെങ്കിലും മുല്ലപ്പള്ളി മാറിയാൽ കെ.സുധാകരനാണ് ഒന്നാം പരിഗണന. ഇക്കാര്യത്തിൽ എഐസിസി തീരുമാനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നും സൂചനയുണ്ട്.