ന്യൂഡൽഹി: കോൺഗ്രസിന്റെ നേതൃത്വ പ്രതിസന്ധി അനന്തമായി നീളുകയാണ്. പാർട്ടി തലപ്പത്ത് ആര് വരണമെന്നതിനൊപ്പം, ലോക്‌സഭയിൽ കക്ഷിനേതൃസ്ഥാനത്തേക്ക് പുതുതായി ആരുവരണമെന്ന കാര്യത്തിലും ആശയക്കുഴപ്പം തുടരുകയാണ്. അധീർ രഞ്ജൻ ചൗധരിയെ മാറ്റാനാണ് തീരുമാനം. പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 19 ന് തുടങ്ങാനിരിക്കുന്നു. എന്തായാലും ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് രാഹുൽ ഗാന്ധി ആയിരിക്കില്ല എന്ന് നേതാക്കൾ ഉറപ്പിച്ചുപറയുന്നു. ഇടക്കാലത്ത് കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കിയ 23 വിമതനേതാക്കളിൽ ചിലരും ഈ പദവിയിലേക്കുള്ളേ മത്സരത്തിലുണ്ട്. ശശി തരൂരിന്റെയും മനീഷ് തിവാരിയുടെയും പേരുകൾ നേരത്തെ വന്നതാണ്.

ഗൗരവ് ഗൊഗോയി, രവ്‌നീത് സിങ് ബിട്ടു, ഉത്തം കുമാർ റെഡ്ഡി എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. ഇക്കൂട്ടത്തിൽ വിമത നേതാക്കളിൽ പെടുന്നവരാണ് തരൂരും, തിവാരിയും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹൈക്കമാൻഡിന് കത്തയച്ച സംഘത്തിൽ പെടുന്നവർ. കാതലായ പുനഃ സംഘടനയാണ് വിമതനേതാക്കൾ ആവശ്യപ്പെട്ടത്. കോൺഗ്രസിൽ ഇത് വലിയ കോളിളക്കമുണ്ടായെന്ന് മാത്രമല്ല, വിമതരിൽ പലർക്കും പദവികൾ നഷ്ടമാവുകയും ചെയ്തു.

വിമതരിൽ പ്രമുഖനായ ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. കോൺഗ്രസ് പ്രവർത്തക സമിതിയിൽ അദ്ദേഹം തുടരുന്നുണ്ടെങ്കിൽ പോലും. മോട്ടിലാൽ വോറ, അംബികാ സോണി, മല്ലികാർജ്ജുൻ ഖാർഗെ എന്നിവർക്കും ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമായി.

അധീർ രഞ്ജൻ ചൗധരിയെ ലോക്‌സഭാ കക്ഷി സ്ഥാനത്ത് നിന്ന് നീക്കുമെന്ന കാര്യം ഏറെ നാളായി കേൾക്കുന്നു. ഒരാൾക്ക് ഒരുപദവി എന്ന നയപ്രകാരമാണ് മാറ്റമെന്നാണ് പൊതുവെ പറയുന്നത്. അധീർ രഞ്ജൻചൗധരി ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷനും, ലോക്‌സഭാ പാർട്ടി ലീഡറുമാണ്.

പാർലമെന്റ് സമ്മേളത്തിൽ, റഫാൽ ഇടപാടിൽ കോൺഗ്രസ് സംസയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് ഉറപ്പാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പരാജയത്തിന് ശേഷം ചൂടുപോയ റഫാൽ പ്രശ്‌നം, ഫ്രഞ്ച് കോടതി അന്വേഷണ ഉത്തരവ് ഇട്ടതോടെയാണ് വീണ്ടും ഈ വിഷയം സജീവമായത്. മോദി സർക്കാരിനെതിരെ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ ഇപ്പോൾ ശരിയെന്ന് തെളിഞ്ഞിരിക്കുകയാണ് എന്നണ് കോൺഗ്രസിന്റെ അവകാശവാദം.

അധീറിനെ മാറ്റുന്നത് തൃണമൂലിനോട് അടുക്കാൻ?

ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരിയെ മാറ്റുന്നത്, തൃണമൂൽ കോൺഗ്രസുമായി അടുക്കുന്നതിന്റെ ഭാഗം കൂടിയാണ്. ബിജെപിക്കും കേന്ദ്രസർക്കാരിനുമെതിരായ പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസുമായി ബന്ധം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം. എന്നാൽ പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ കടുത്ത വിമർശകനാണ്, പാർട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ അധീർ രഞ്ജൻ ചൗധരി. ബെർഹാംപൂരിൽ നിന്നുള്ള എംപിയാണ് ചൗധരി.

ലോക്സഭ കക്ഷി നേതൃസ്ഥാനത്ത് അധീർ രഞ്ജൻ ചൗധരി തുടരുമ്പോൾ സഖ്യത്തിന് തൃണമൂൽ തയ്യാറായേക്കില്ലെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. മമത പാർലമെന്റ് സന്ദർശനത്തിനെത്തിയ സമയങ്ങളിൽ കാണാൻ കൂട്ടാക്കാതിരുന്നതും ലോക്സഭാ തെരഞ്ഞെടുപ്പു വേളയിലെ കടുത്ത വിമർശനങ്ങളും തൃണമൂലും അധീർ രഞ്ജൻ ചൗധരിയുമായുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്.

തൃണമൂൽ ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണയില്ലാതെ പ്രതിപക്ഷ നിര സജീവമാക്കാൻ കഴിയില്ലെന്ന ബോധ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് നേതൃമാറ്റത്തിനുള്ള ആലോചന. രാഹുൽ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ തിരുവനന്തപുരത്തു നിന്നുള്ള എംപി ശശി തരൂരിന്റെ പേര് നേതൃസ്ഥാനത്തേക്ക് ഉയരുന്നത്. അനന്ത്പൂർ സാഹിബിൽ നിന്നുള്ള എംപി മനീഷ് തിവാരിയുടെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.