- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രിയങ്കയും അംബികാ സോണിയും അനുകൂലിക്കുമ്പോൾ ദിഗ് വിജയ്സിങ് അടക്കം ഉള്ളവർക്ക് എതിർപ്പ്; നിഷ്പക്ഷ നിലപാട് സ്വീകരിച്ച് കെസിയും ആന്റണിയും; പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനത്തിൽ തീരുമാനം എടുക്കാതെ കോൺഗ്രസ്; വെല്ലുവിളികളെ നേരിടാൻ എംപവേഡ് ആക്ഷൻ ഗ്രൂപ്പ്; മെയ് പകുതിയിൽ ഉദയ്പൂരിൽ വച്ച് ചിന്തൻ ശിബിറും
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമോ? അദ്ദേഹം സമർപ്പിച്ച കോൺഗ്രസിന്റെ പുനരുജ്ജീവനത്തിനുള്ള മിഷൻ 2024 പദ്ധതിക്ക് അംഗീകാരം കിട്ടിയോ? പ്രശാന്തിന്റെ സ്ഥാപനമായ ഐപിഎസി, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവുമായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കരാർ ഒപ്പുവച്ചതിന് പിന്നാലെ സംശയം വർദ്ധിച്ചു. തങ്ങളുടെ എതിർ കക്ഷികളുമായി ഐപിഎസി കരാർ ഒപ്പുവച്ചത് കോൺഗ്രസ് അംഗീകരിക്കാൻ ഇടയില്ല.
ഔദ്യോഗികമായി ഐപിഎസിയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും, പ്രശാന്തിന്റെ തീരുമാനങ്ങൾ സംഘടനയെ സ്വാധീനിക്കാതിരിക്കില്ല. പ്രശാന്തിന്റെ മിഷൻ 2024 പദ്ധതി ചർച്ച ചെയ്യാൻ രൂപീകരിച്ച പ്രത്യേക കമ്മിറ്റിയിൽ അദ്ദേഹത്തിന്റെ കോൺഗ്രസ് പ്രവേശന കാര്യത്തിൽ, ഭിന്നാഭിപ്രായമുണ്ടെന്ന് റിപ്പോർട്ട് വരുന്നു.
പ്രശാന്തിനെ അനുകൂലിക്കുന്നലർ പ്രിയങ്ക ഗാന്ധിയും, അംബികാ സോണിയും ആണ്. ദിഗ്‌വിജയ് സിങ്ങും, മുകുൽ വാസ്‌നിക്കും, രൺദീപ് സുർജേവാലയും, ജയ്‌റാം രമേഷും മറുപക്ഷത്താണ്. കെ.സി. വേണുഗോപാലും, എ.കെ.ആന്റണിയും രണ്ടുഭാഗവും പറയുന്നു. പ്രശാന്തിന്റെ ഐപിഎസി തന്നെയാണ് കല്ലുകടി. തൃണമൂൽ കോൺഗ്രസിന്റെ മമത ബാനർജി, ആന്ധ്രപ്രദേശിലെ ജഗൻ മോഹൻ റെഡ്ഡി എന്നിങ്ങനെ കോൺഗ്രസിന്റെ എതിരാളികളുടെ രാഷ്ട്രീയ ഉപദേഷ്ടാവാണ് പ്രശാന്ത് എന്നതാണ് പ്രശ്‌നം.
എംപവേഡ് ആക്ഷൻ ഗ്രൂപ്പും ചിന്തൻ ശിബിറും
അതേസമയം, അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ 'എംപവേഡ് ആക്ഷൻ ഗ്രൂപ്പ്' രൂപവത്കരിക്കാൻ പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനിച്ചതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജെവാല പറഞ്ഞു.
പാർട്ടിയെ പുനരുജ്ജീവിക്കാൻ പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദ്ദേശങ്ങൾ ചർച്ചചെയ്യാൻ ചേർന്ന നിർണായക യോഗത്തിനു പിന്നാലെയാണ് സുർജെവാല ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് സുർജേവാല പ്രതികരിച്ചില്ല.
രാജസ്ഥാനിലെ ഉദയ്പൂരിൽ മെയ് 13 മുതൽ 15 വരെ 'നവസങ്കൽപ് ചിന്തൻ ശിബിർ' സംഘടിപ്പിക്കാൻ തീരുമാനിച്ചതായും സുർജെവാല പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 400 പ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുക്കും. നിലവിലെ രാഷ്ട്രീയ-സാമ്പത്തിക സാഹചര്യങ്ങളും അവ സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളികളും നവസങ്കൽപ് ചിന്തൻ ശിബിറിൽ ചർച്ചചെയ്യും.
കർഷകർ, കർഷകത്തൊഴിലാളികൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ, മറ്റു പിന്നാക്ക ജാതിക്കാർ, ഭാഷാ-മത ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകും. സാമൂഹികനീതി-ശാക്തീകരണം തുടങ്ങിയവയും ചർച്ചചെയ്യും.
പ്രശാന്ത് കിഷോർ സമർപ്പിച്ച നിർദ്ദേശങ്ങളെ കുറിച്ച് പഠിക്കാൻ സോണിയാഗാന്ധി എട്ടംഗ സമിതി രൂപവത്കരിച്ചിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ട് ഇന്ന് ചർച്ചചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് എംപവേഡ് ആക്ഷൻ ഗ്രൂപ്പ് രൂപവത്കരിക്കാൻ സോണിയാ ഗാന്ധി തീരുമാനിച്ചത്. സമിതി അംഗങ്ങളായ കെ.സി. വേണുഗോപാൽ, ദിഗ് വിജയ് സിങ്, അംബികാ സോണി, രൺദീപ് സിങ് സുർജെവാല, ജയ്റാം രമേശ്, പ്രിയങ്കാ ഗാന്ധി എന്നിവരും ഇന്ന് നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.
രാജസ്ഥാനിലെ ഉദയ്പൂരിൽ ചേരുന്ന ചിന്തൻ ശിബിറിന് പാർട്ടി ഒരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ചിന്തിൻ ശിബിറിൽ ചർച്ച ചെയ്യേണ്ട വിവിധ വിഷയങ്ങൾ ക്രോഡീകരിക്കാൻ സോണിയാ ഗാന്ധി വിവിധ സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. രാജസ്ഥാൻ പിസിസിയുടെ നേതൃത്വത്തിൽ ക്യാംപിനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുകയാണ്. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, പാർട്ടി ദേശീയ ഭാരവാഹികൾ, സംസ്ഥാന അധ്യക്ഷന്മാർ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങി രാജ്യത്തെ നാനൂറോളം നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.
കർഷകരുടെയും കർഷകരുടെയും പ്രശ്നത്തിൽ ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചതായും യുവാക്കളുടെയും തൊഴിലില്ലായ്മയുടെയും വിഷയത്തിൽ പഞ്ചാബ് കോൺഗ്രസ് പുതിയ പ്രസിഡന്റ് രാജാ വാദിംഗിനെ സമിതിയുടെ തലവനായി നിയമിച്ചതായും എഐസിസി വൃത്തങ്ങൾ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ