- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് പാർട്ടിയിൽ വീതം വെപ്പ് പാടില്ല; അച്ചടക്കം ലംഘിച്ചതിന് ശിക്ഷയനുഭവിച്ച ആളാണ് താനെന്ന് കെ മുരളീധരൻ; അനുനയ നീക്കവുമായി ഹൈക്കമാൻഡ് രംഗത്തു വരുമ്പോഴും ഗ്രൂപ്പുകൾക്ക് വഴങ്ങേണ്ടെന്ന് എ.കെ. ആന്റണിയും; മുതിർന്ന നേതാക്കളുടെ പരസ്യ വിമർശനത്തിൽ ഹൈക്കമാൻഡിന് അതൃപ്തി
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിലെ പുനഃസംഘടനയെ തുടർന്നുള്ള തർക്കങ്ങൾ വീണ്ടും നിലനിൽക്കുകയാണ്. അതേസമയം നേതാക്കൾ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്നതിലെ അതൃപ്തിയിലാണ് ഹൈക്കമാൻഡ്. എങ്കിലും അനുനയ നീക്കവുമായി മുന്നോട്ടു പോകാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ പരിഭവങ്ങൾക്ക് പരിഹാരം കാണാൻ കെപിസിസി നേതൃത്വത്തെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
കേരളത്തിലെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. ഇതുപ്രകാരം എട്ടാം തീയതി സംസ്ഥാനത്ത് എത്തുന്ന താരിഖ് അൻവർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി വിഷയങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ നേതാക്കൾ പരസ്യ പ്രസ്താവന നടത്തുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അവരെ പിന്തുണക്കുന്നവരും കെ. സുധാകരനും വി.ഡി. സതീശനും പരസ്യ പ്രസ്താവനകൾ നടത്തുന്നുണ്ട്. പ്രശ്നങ്ങൾ പാർട്ടി ഫോറത്തിൽ പറയണമെന്നും പരിഹരിക്കാൻ ഇടപെടാമെന്നും ഹൈക്കമാൻഡ് അറിയിച്ചിട്ടും നേതാക്കൾ പരസ്യ പ്രസ്താവന തുടരുകയാണ്.
അതേസമയം, സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങളിൽ മധ്യസ്ഥതക്ക് ഇല്ലെന്ന നിലപാടാണ് പ്രവർത്തക സമിതിയംഗമായ എ.കെ. ആന്റണി ഹൈകമാൻഡിനെ അറിയിച്ചിട്ടുള്ളത്. കെ. സുധാകരൻ, വി.ഡി. സതീശൻ അടങ്ങുന്ന കെപിസിസി നേതൃത്വത്തെ പിന്തുണക്കുന്ന നിലപാടാണ് ആന്റണി സ്വീകരിച്ചിട്ടുള്ളത്. ഗ്രൂപ്പുകൾക്ക് വഴങ്ങേണ്ട എന്നാണ് ആന്റണി ഹൈക്കമാൻഡിനോട് വ്യക്തമാക്കിയതെന്നാണ് വിവരം.
അതേസമയം കോൺഗ്രസ് പാർട്ടിയിൽ വീതംവെപ്പ് പാടില്ലെന്ന് കെ.മുരളീധരൻ എംപി. ആരെയും ഒഴിവാക്കി പാർട്ടിക്ക് മുന്നോട്ട് പോകാനാവില്ല. എങ്കിലും പാർട്ടിയിൽ വീതംവെപ്പ് പാടില്ല. അച്ചടക്കം ലംഘിച്ചതിന് ശിക്ഷയനുഭവിച്ച ആളാണ് താനെന്നും മുരളീധരൻ പറഞ്ഞു. ഡി.സി.സി പുനഃസംഘടനക്കെതിരെ എ, ഐ ഗ്രൂപ്പുകൾ ഒരുപോലെ രംഗത്തെത്തിയ സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം.
ഡി.സി.സി പുനഃസംഘടനക്കെതിരെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. നാലണ മെമ്പർഷിപ്പുകാരനായ തന്നെ പരിഗണിച്ചില്ലെങ്കിലും പാർട്ടിയിൽ പുനഃസംഘടന നടക്കുമ്പോൾ ഉമ്മൻ ചാണ്ടിയോട് അഭിപ്രായം തേടണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. ഇതിന് പിന്നാലെ പാർട്ടിയിലെ പരസ്യപ്രസ്താവനകൾ നിയന്ത്രിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ, പ്രശ്നങ്ങളിൽ നേതൃത്വം ചർച്ചക്ക് തയാറായാൽ അതിനോട് സഹകരിക്കുമെന്ന സൂചന ഉമ്മൻ ചാണ്ടി നൽകിയിട്ടുണ്ട്.
അതേസമയം ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കോൺഗ്രസിൽ അനുനയ ചർച്ചകൾ തുടങ്ങുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി സിദ്ദീഖ് വ്യക്തമാക്കി. കെ സുധാകരനും വി ഡി സതീശനും ഇരുവരെയും നേരിൽ കാണും. ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തില്ലെന്നും ടി സിദ്ദീഖ് പറഞ്ഞു. എല്ലാവരും ആത്മസംയമനം പാലിക്കണം. ചർച്ച ചെയ്ത് പ്രശ്നം പരിഹരിച്ച് മുന്നോട്ടുപോകണം. കൂടുതൽ പറഞ്ഞ് എരിതീയിൽ എണ്ണയൊഴിക്കാനില്ല. ഉമ്മൻ ചാണ്ടി പ്രിയനേതാവാണ്. ഉമ്മൻ ചാണ്ടിയുമായി വൈകാരിക ബന്ധമാണുള്ളത്. ഉമ്മൻ ചാണ്ടിയെ ഇരുട്ടിൽ നിർത്തിയിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു.
പാർട്ടിയിൽ പ്രശ്നങ്ങളുണ്ടായാൽ ചർച്ച ചെയ്ത് പരിഹരിക്കുകയാണ് മാർഗം. ചർച്ചകൾക്കായി നേതൃത്വം മുൻകയ്യെടുത്താൽ സഹകരിക്കും. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കും. ഡിസിസി ചടങ്ങിൽ നിന്നും വിട്ടുനിന്നതല്ല. ഡിസിസി അധ്യക്ഷ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങുകളിൽ സാധാരണ പങ്കെടുക്കാറില്ല. കെ സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ പിന്നീട് പ്രതികരിക്കാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച് താൻ ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയെന്ന് പറഞ്ഞാണ് സുധാകരൻ തെളിവായി ഡയറി കാണിച്ചത്.
ഇന്നലെ രമേശ് ചെന്നിത്തല കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചതോടെയാണ് എ, ഐ ഗ്രൂപ്പുകളുടെ പടയൊരുക്കം അടുത്ത ഘട്ടത്തിലേക്ക് കടന്നത്. താൻ നാലണ മെമ്പർ മാത്രമാണെന്നും തന്നോട് കൂടിയാലോചിച്ചില്ലെങ്കിലും ഉമ്മൻ ചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ