- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് ഇക്കുറി രണ്ടും കൽപ്പിച്ചു തന്നെ! റിബലുകളായി മത്സരിച്ചവർക്ക് പിന്നീട് ബിരിയാണി വാങ്ങിക്കൊടുത്തു സ്വീകരിക്കുന്ന പതിവു പരിപടാി ഇനി നടക്കില്ല; ഒരിക്കൽ റിബലായാൽ പിന്നീടുള്ളകാലം കോൺഗ്രസിന്റെ പടിക്ക് പുറത്താകും; തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ തീരുമാനിക്കുന്നതും നേതൃത്വം; കെപിസിസി ഗ്രേഡിംഗിൽ റെഡ് ആയവർക്ക് സീറ്റും കിട്ടില്ല; മുല്ലപ്പള്ളിയുടെ പരിഷ്ക്കാരങ്ങൾ ഫലവത്താകുമോ?
തിരുവനന്തപുരം: ഒരിക്കലും കേഡർ അല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ഈ പാർട്ടിൽ കേഡർ സംവിധാനം ഏർപ്പെടുത്തുക എന്നു പറഞ്ഞാൽ അത് വലിയ ശ്രമകരമായ കാര്യമാണ്. എല്ലാക്കാലത്തും തെരഞ്ഞെടുപ്പു അടുക്കുമ്പോൾ റിബലായി സ്ഥാനാർത്ഥികൾ പ്രത്യക്ഷപ്പെടുക എന്നത് പതിവാണ്. ഇത്തരത്തിൽ റിബലായി മത്സരിച്ചു പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിച്ചവരെ പിന്നീട് കുറച്ചു കഴിയുമ്പോൾ ബിരിയാണിയും വാങ്ങിക്കൊടുത്തു തിരികെ കൊണ്ടുവരുന്നതും പതിവു പരിപാടിയാണ്.
ഇക്കുറിയെങ്കിലും ആ പതിവു പരിപാടി അവസാനിപ്പിക്കാൻ കർശന നിലപാടുമായി കോൺഗ്രസ് രംഗത്തുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ റിബൽ സ്ഥാനാർത്ഥിയായി രംഗത്തു വരുന്നവരെ കോൺഗ്രസിൽ നിന്ന് ആജീവനാന്തം പുറത്താക്കാനാണ് തീരുമാനം. സമീപ കാല തദ്ദേശതിരഞ്ഞെടുപ്പുകളിലെ റിബൽ ശല്യം വിലയിരുത്തിയാണു ഇത്തരമൊരു കർശന നിലപാടിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നത്.
റിബലുകളെ മുൻപും പുറത്താക്കാറുണ്ടെങ്കിലും വിജയിച്ചാൽ അവർ വൈകാതെ പാർട്ടി നോമിനിയായി മാറുന്നതാണു പലപ്പോഴും കണ്ടു വന്നിരുന്നത്. ഈ പ്രവണത നൽകുന്ന ആത്മവിശ്വാസം മൂലമാണ് പലരും റിബൽ വേഷം കെട്ടുന്നതെന്നു നേതൃത്വം കരുതുന്നു. അതിനാൽ നിർണായകമായ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വെട്ടിലാക്കുന്നവരുടെ സേവനം ഇനി കോൺഗ്രസിനു വേണ്ട. റിബലുകൾക്ക് ഒത്താശ ചെയ്യുന്നവർക്കെതിരെയും കർശന നടപടി എടുക്കണം എന്നതാണ് കോൺഗ്രസിന്റെ തീരുമാനം.
തദ്ദേശ സ്ഥാപന അധ്യക്ഷന്മാരെ നേതൃത്വമാകും തീരുമാനിക്കുകയെന്നും എല്ലാ ഡിസിസികളെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. അധ്യക്ഷ പദവി ലക്ഷ്യമിട്ടു തിരഞ്ഞെടുപ്പു സമയത്തു തന്നെ പരസ്പരം കാലു വാരുന്നതു നിയന്ത്രിക്കാനാണ് ഈ തീരുമാനം. ഭരണസമിതികളിലെ ഭൂരിപക്ഷം നോക്കി ആരും പ്രസിഡന്റാകാനുള്ള പടയൊരുക്കം ആരംഭിക്കേണ്ട. പ്രാദേശികസാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തി നേതൃത്വം നിർദ്ദേശിക്കും.
മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ സ്ഥാനാർത്ഥികളായി മത്സരിക്കുകയാണെങ്കിൽ അവർ ആ പദവി താൽക്കാലികമായി ഒഴിഞ്ഞു മറ്റൊരാൾക്കു ചുമതല നൽകണം. സഹകരണ ബാങ്ക്, വിവിധ സൊസൈറ്റികൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർ രാജിവച്ചു വേണം മത്സരിക്കാൻ. അതേസമയം കെപിസിസി ഏർപ്പെടുത്തിയ ഗ്രേഡിംഗിൽ പിന്നോക്കം പോയവർക്കും ഇക്കുറി സീറ്റു ലഭിക്കില്ല. റെഡ് വിഭാഗത്തിൽ പെട്ടവർക്ക് സീറ്റു നൽകേണ്ട കാര്യമില്ലെന്നാണ് നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്.
പ്രവർത്തനം മെച്ചപ്പെടുത്താൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ ഗ്രേഡിംഗിന്റെ ആദ്യഫലം പുറത്തുവന്നപ്പോൾ 45 കെപിസിസി ഭാരവാഹികളിൽ 16പേർ ചുവപ്പുവിഭാഗത്തിലായിരുന്നു. മികച്ച പ്രവർത്തനത്തിനുള്ള പച്ചവിഭാഗത്തിൽ 9 ഭാരവാഹികളും ശരാശരിയുള്ള മഞ്ഞവിഭാഗത്തിൽ 20 പേരുമുണ്ട്. ചുവപ്പുവിഭാഗത്തിലായവർക്ക് തിരുത്തൽ നടപടികൾ പാർട്ടി നിർദ്ദേശിച്ചിരുന്നു. മാർക്കിന്റെ അടിസ്ഥാനത്തിൽ പച്ച, മഞ്ഞ, ചുവപ്പ് ഗ്രേഡിങ് നടത്തുനന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാസംതോറും പ്രവർത്തനമികവ് വിലയിരുത്തും. എ.ഐ.സി.സി.ക്ക് മൂന്നുമാസത്തിലൊരിക്കൽ റിപ്പോർട്ട് നൽകും.
മുമ്പ് കോൺഗ്രസിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പ്രവർത്തനമികവ് വിലയിരുത്തൽ സംവിധാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. പാർട്ടിപരിപാടികളിലെ സാന്നിധ്യം, സാമൂഹിക പ്രശ്നങ്ങൾ കൈകാര്യംചെയ്യൽ, സാമൂഹികമാധ്യമങ്ങളിലെ ഇടപെടൽ, കീഴ്ക്കമ്മിറ്റികളിലെ പങ്കാളിത്തം തുടങ്ങിയവയെല്ലാം കണക്കാക്കും.
മറുനാടന് മലയാളി ബ്യൂറോ