ന്യൂഡൽഹി: നിരന്തരമായി മത്സരിക്കുകയും ഈ സർക്കാറിന്റെ കാലത്ത് ഏറ്റവും അധികം പ്രതിച്ഛായാ നഷ്ടം ഉണ്ടാക്കുകയും ചെയ്ത അഞ്ച് എംഎൽഎമാരെ മാറ്റണമെന്ന കർക്കശ നിലപാടിൽ വി എം സുധീരൻ ഉറച്ചു നിന്നതോടെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇടപെട്ട് പ്രശ്‌നം തീർക്കാൻ ഫോർമുല ഒരുക്കുന്നു. ഡൽഹിയിൽ തങ്ങുന്ന നേതാക്കളുമായി രാഹുൽ ഇന്നലെ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. സുധീരന്റെ ആവശ്യം അതേപടി അംഗീകരിക്കപ്പെട്ടാൽ അത് തന്റെ ചിറകരിയുന്നതിന് തുല്യമാകുമെന്ന് ബോധ്യമായതോടെ ഉമ്മൻ ചാണ്ടി ഏത് വിധേനയും ചെറുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തുകയായിരുന്നു. ചർച്ചകളിൽ സുധീരന്റെ കടുംപിടുത്തം തുടർന്നതോടെ നാട്ടിലേക്ക് പോകാൻ വിമാനത്തിലേക്ക് മടങ്ങിയ ഉമ്മൻ ചാണ്ടിയെ രാഹുൽ ഇടപെട്ടാണ് തിരികെ വിളിച്ചത്.

ഇന്നു രാവിലെ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ സ്‌ക്രീനിങ് കമ്മിറ്റി വീണ്ടും ചേർന്ന് പരിപാഹം ഉണ്ടാക്കാനാണ് നീക്കം. നാളെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയാണു പട്ടികയ്ക്ക് അംഗീകാരം നൽകേണ്ടത്. ഇന്നലെ രാത്രിയിലേക്കു നീണ്ട തിരക്കിട്ട ചർച്ചകളിൽ, ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചകൾക്കു തയാറായി പ്രശ്‌നപരിഹാരമെന്ന ഒത്തുതീർപ്പു നിർദ്ദേശമാണ് ഉരുത്തിരിയുന്നത്. അഞ്ചു സീറ്റുകളിൽ സിറ്റിങ് എംഎൽഎമാരെ മാറ്റുകയെന്ന കടുംപിടിത്തത്തിൽനിന്നു കെപിസിസി പ്രസിഡന്റ് വി. എം. സുധീരനു പിന്മാറേണ്ടിവരും ഒരു മാറ്റവും സ്വീകാര്യമല്ലെന്ന നിലപാടിൽനിന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പിന്നോട്ടു പോകേണ്ടി വരും. ഇതോടെ അഞ്ച് പേരിൽ രണ്ട് പേർക്കെങ്കിലും സീറ്റ് നിഷേധിക്കപ്പെടും. അങ്ങനെ വരുമ്പോൾ ഏറ്റവും അധികം ആരോപണ വിധേയനായ അടൂർ പ്രകാശിനും നിരന്തരം മത്സരിക്കുന്ന കെ സി ജോസഫിനും സീറ്റുകൾ നഷ്ടമായേക്കാം.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, നേതാക്കളായ ബെന്നി ബഹനാൻ, എം. എം. ഹസൻ എന്നിവരുമായി രാഹുൽ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തി. മറ്റുള്ളവരുടെ നിലപാടു മനസ്സിലാക്കിയ രാഹുൽ, വൈകിട്ടു വീണ്ടും സുധീരനെ വിളിച്ചുവരുത്തി. കേന്ദ്രനേതാക്കളായ ഗുലാം നബി ആസാദ്, മുകുൾ വാസ്‌നിക്, ദീപക് ബാബ്‌റിയ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

എ. കെ. ആന്റണി, വയലാർ രവി, കെ. വി. തോമസ് എന്നിവരെയും നേതാക്കൾ സന്ദർശിച്ചു. ചർച്ചകൾ വഴിമുട്ടി നിൽക്കുന്നതിനിടെ മധ്യസ്ഥചർച്ചകൾക്കു മുൻകയ്യെടുത്തതു രമേശ് ചെന്നിത്തലയാണ്. ഉമ്മൻ ചാണ്ടി, വി. എം. സുധീരൻ, എ. കെ. ആന്റണി എന്നിവരെ അദ്ദേഹം പ്രത്യേകം സന്ദർശിച്ചു. സുധീരന്റെ നിലപാട് അപ്രായോഗികമാണെന്ന പരാതിയാണ് എ, ഐ വിഭാഗങ്ങളിൽനിന്നു രാഹുലിന്റെ മുന്നിലെത്തിയത്. ബെന്നി ബഹനാൻ, മന്ത്രിമാരായ അടൂർ പ്രകാശ്, കെ. ബാബു എന്നിവർക്കെതിരായ രാഷ്ട്രീയ ആരോപണങ്ങളെ നേരിടുന്നതിനു പകരം അവരെ ഒറ്റപ്പെടുത്തുന്ന സമീപനം പാടില്ല. ബെന്നി ബഹനാനെതിരായ ആരോപണം ബാലിശമാണ്. പലവട്ടം മത്സരിച്ചു ജയിച്ചെന്ന ആക്ഷേപമുന്നയിച്ചു കെ. സി. ജോസഫിനെ ഒറ്റപ്പെടുത്തരുത്- അവർ വാദിച്ചു.

വിട്ടുവീഴ്ചകൾ ഇരുഭാഗത്തുനിന്നും ഉണ്ടാകണമെന്ന രാഹുലിന്റെ നിർദ്ദേശം ഇന്നു സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിൽ പ്രതിഫലിച്ചേക്കും. തർക്കത്തിന് ഇന്നു പരിഹാരം കാണാനാകുമെന്ന ആത്മവിശ്വാസം സുധീരനും രമേശും പ്രകടിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി നടന്ന ചർച്ച തീരുംമുമ്പേ സുധീരനോട് ഏറ്റുമുട്ടി ക്ഷുഭിതനായി ഇറങ്ങിപ്പോയ ഉമ്മൻ ചാണ്ടി ഇന്നലെ രാവിലെ കേരളത്തിലേക്കു മടങ്ങാൻ വിമാനത്താവളത്തിലെത്തിയെങ്കിലും പിന്നീടു കേരള ഹൗസിൽ തിരിച്ചെത്തി. തുടർന്ന് അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, ഗുലാംനബി ആസാദ് എന്നിവരെ സന്ദർശിച്ചു.

തനിക്കൊപ്പമുള്ളവർക്കു സീറ്റ് നിഷേധിച്ചാൽ താനും മത്സരരംഗത്തുണ്ടാകില്ലെന്നു ഭീഷണി മുഴക്കി. മറ്റുള്ളവരും നിലപാടിൽ ഉറച്ചുനിന്നതോടെ സ്ഥിതിഗതികൾ ഗുരുതരമാണെന്ന റിപ്പോർട്ട് മുകുൾ വാസ്‌നിക് രാഹുലിനു കൈമാറി. ആന്റണിയുമായി ചർച്ചനടത്തി പ്രശ്‌നം പരിഹരിക്കാൻ സ്‌ക്രീനിങ് കമ്മറ്റി തലവനായ മല്ലികാർജുന ഖാർഗെ മൂന്നു നേതാക്കളോടും നിർദ്ദേശിച്ചു. മൂവരും ആന്റണിയെ വെവ്വേറേ വസതിയിലെത്തി കണ്ടെങ്കിലും ഒന്നുമുണ്ടായില്ല.

വിവാദനായകരായ അഞ്ചുപേരിൽ അടൂർ പ്രകാശും എ.ടി. ജോർജും ഐ പക്ഷത്താണെങ്കിലും മന്ത്രിസഭയുടെ അവസാനകാലത്ത് അടൂർ പ്രകാശ് ഉമ്മൻ ചാണ്ടിയോടാണ് ഏറെ അടുപ്പം പുലർത്തിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കൈവിടുന്നതിൽ രമേശിനു ഖിന്നതയില്ല. മിച്ചഭൂമിദാനക്കേസിൽ കോടതി ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടതോടെ അടൂർ പ്രകാശ് മാറിനിൽക്കേണ്ട അവസ്ഥയും സംജാതമായിട്ടുണ്ട്. എന്നാൽ എ ഗ്രൂപ്പിലെ പ്രബലരും ഉമ്മൻ ചാണ്ടിയുടെ മനഃസാക്ഷിസൂക്ഷിപ്പുകാരുമായ കെ.സി. ജോസഫും ബാബുവും ബെന്നി ബെഹനാനും സീറ്റ് നിഷേധിക്കപ്പെട്ടാൽ അത് ഉമ്മൻ ചാണ്ടിയുടെ ചിറകരിയുന്നതിനു തുല്യമാണ്.

ഈ സാഹചര്യത്തിലാണു മധ്യസ്ഥന്റെ റോളിലേക്കു മാറാൻ രമേശ് തയാറായത്. സുധീരനും ഉമ്മൻ ചാണ്ടിയും ഇന്നലെ പരസ്പരം സംസാരിക്കാൻപോലും കൂട്ടാക്കിയില്ല. കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിനുശേഷം രണ്ടാംനിരയിലായ മുരളീധരൻ ഐ ഗ്രൂപ്പിന്റെ അമരക്കാരനാകാനുള്ള നീക്കത്തിലാണ്. ഇന്നലെ രാത്രി കേരളാഹൗസിൽ രമേശിനൊപ്പമെത്തിയാണു മുരളീധരൻ ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.

എ.ഐ.സി.സി. കേരളത്തിൽ നടത്തിയ രഹസ്യ സർവേയിൽ, സുധീരൻ എതിർക്കുന്ന മന്ത്രിമാർക്കെതിരേ ജനവികാരമുണ്ടെന്നു കണ്ടെത്തിയിരുന്നു. രാഹുലുമായി സുധീരന് ഏറെ അടുപ്പവുമുണ്ട്. കടുംപിടുത്തം ഉപേക്ഷിച്ച് രമേശ് മധ്യമാർഗം സ്വീകരിക്കുകയും ചെയ്തതോടെ തനിച്ചു പോരാടേണ്ട അവസ്ഥയിലാണ് ഉമ്മൻ ചാണ്ടി. എൽ.ഡി.എഫ്. സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കിയിട്ടും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം നീളുന്നതു െഹെക്കമാൻഡിനെ ഏറെ അസ്വസ്ഥമാക്കുന്നു.

അതേസമയം എൽഡിഎഫ് ഇന്നലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെയാണ് നേതാക്കൾ പ്രശ്‌നം എത്രയും വേഗം തീർക്കണമെന്ന നിലപാടിലേക്ക് എത്തിയത്. എന്നാൽ, മുന്നണിയിലെ സീറ്റ് വിഭജന കാര്യങ്ങൾ അടക്കം കോൺഗ്രസിൽ ഇനി ബാക്കി നിൽക്കുകയാണ്. പൂഞ്ഞാറും അങ്കമാലിയും അടക്കം തർക്കത്തിലുമാണ്. എന്നാൽ പാളയത്തിലെ പട തീർത്ത ശേഷം എല്ലാം പരിഹരിക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചതമില്ല. എന്തായാലും ഡൽഹിയിൽ നിന്നും ഹൈക്കമാൻഡ് ഇടപെട്ട് സമവായം ഉണ്ടാക്കിയ ശേഷം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വേഗത്തിലാക്കാമെന്ന ധാരണയിലാണ് കോൺഗ്രസ് നേതാക്കൾ.