തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത കോൺഗ്രസ് ബിജെപി ദേശീയ നേതൃത്വങ്ങൾ രംഗത്ത് വരുമ്പോൾ വിപരീത നിലപാടുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വം.രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയില്ലാതെ ഭക്തർ നടത്തുന്ന വലിയ പ്രക്ഷോഭങ്ങൾ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നത്. ഇരു പാർട്ടികളുടേയും ദേശീയ നേതൃത്വവും ആർഎസ്എസ് ഉൾപ്പടെയുള്ളവരും ഇതിനെ ആദ്യ ഘട്ടം മുതൽ സ്വാഗതം ചെയ്തിരുന്നു. കേരളത്തിൽ സ്ത്രീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസിന്റെ പിന്തുണയുണ്ടാകുമെന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞതും

വിധി നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കുകയും ഇതിനെതിരെ റിവ്യൂ ഹർജി നൽകില്ലെന്നുമുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിനും പിന്നാലെയാണ് പ്രക്ഷോഭങ്ങൾ ശക്തമായത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയില്ലാതെ പന്തളത്ത് ഇന്നലെ നടന്ന പ്രാർത്ഥന സമരത്തിൽ ഉണ്ടായ വലിയ ജനപങ്കാളിത്വവും ശ്രദ്ധേയമായിരുന്നു. ദേശീയ നേതൃത്വം വിധി സ്വാഗതാർഹം എന്ന് പറയുമ്പോൾ കേരളത്തിലെ എഐസിസി നേതാക്കൾ ഉൾപ്പടെ പറയുന്നത് വിധി ശരിയല്ലെന്നും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയാണ് വിധി ഉണ്ടായത് എന്നുമാണ്.

ഈ വിഷയത്തിൽ ഇപ്പോൾ പ്രക്ഷോത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. കേരളത്തിൽ കോടിക്കണക്കിന് അയ്യപ്പഭക്തർ ഇപ്പോൾ സമരം നടത്തുന്നത് സുപ്രീം കോടതി വിധിക്കെതിരെയല്ല. എന്നാൽ കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകാത്ത സർക്കാർ നിലപാടിനെതിരെയും വിധി തിടുക്കത്തിൽ നടപ്പിലാക്കാൻ തയ്യാറെടുക്കുന്ന സർക്കാർ നിലപാടിനെതിരെയുമാണ്. ബിജെപി ഉൾപ്പടെയുള്ള പാർട്ടികൾ ഇതിൽ മുതലെടുപ്പ് ന
ടത്താനുള്ള സാധ്യത മുന്നിൽകണ്ടാണ് കോൺഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോൾ ദേവസ്വം ബോർഡ് പ്രസിഡന്റ് നിലപാട് മാറ്റിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കോടതിയിൽ സ്വീകരിച്ച അതേ നിലപാടിൽ തന്നെ യുഡിഎഫ് ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യുവതികളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാനുള്ള തീരുമാനത്തിനെതിരായ സമരങ്ങളെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നും ചെന്നിത്തല അറിയിച്ചു. പന്തളം കൊട്ടാരത്തിലെത്തി രാജകുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തിൽ പുനഃപരിശോധന ഹർജി നൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിനെയും ദേവസ്വംബോർഡിനെയും രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ കണ്ണുരുട്ടലിൽ പേടിച്ചാണ് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ മുഖ്യമന്ത്രിയുടെ വക്താവെന്ന നിലയിലേക്ക് മാറിയത്. മുൻ എംഎൽഎ കൂടിയായ ദേവസ്വം പ്രസിഡന്റിന്റെ നിലപാടിൽ സഹതാപമുണ്ട്. ശബരിമല വിഷയത്തിൽ സ്വീകരിക്കാൻ കഴിയുന്ന നിയമനടപടികളെക്കുറിച്ച് ആലോചിച്ച് പ്രതിപക്ഷം നടപടികളുമായി മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച്ച ഉപവാസസമരം നടത്തും. വ്യാഴാഴ്‌ച്ച മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തുടർനടപടികൾ വ്യാഴാഴ്‌ച്ച തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിൽ സർക്കാർ പുനഃപരിശോധനാ ഹർജി നൽകണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയത്തിൽ സമവായമുണ്ടാക്കുന്നതിന് സർവകക്ഷിയോഗം വിളിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി പെട്ടെന്നുതന്നെ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കേണ്ടതില്ല. മുൻപുണ്ടായ പല കോടതിവിധികളും നടപ്പാക്കാതെയുണ്ട്. വിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ തിരക്കുകൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു