- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോജു ജോർജുമായുള്ള വിഷയം ഒത്തുതീർപ്പാക്കാൻ കോൺഗ്രസ്; ചർച്ചയ്ക്ക് തയ്യാറെന്ന് ഡി.സി.സി. അധ്യക്ഷൻ മുഹമ്മദ് ഷിയാസ്; ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങൾ സംഭവിച്ചുവെന്നും കോൺഗ്രസ് നേതൃത്വം
കൊച്ചി: ഇന്ധന വില വർധനവിനെതിരേ കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിനിടയിൽ നടൻ ജോജു ജോർജുമായുണ്ടായ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ്. ജോജുവിന്റെ സുഹൃത്തുക്കൾ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചെന്നും പ്രശ്നങ്ങൾ പരസ്പരം സംസാരിച്ച് തീർക്കാൻ തീരുമാനിച്ചുവെന്നും ഡി.സി.സി. അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
എറണാകുളം എംപി ഹൈബി ഈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് മുൻകൈയെടുത്തത്.ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങൾ സംഭവിച്ചുവെന്നും കോൺഗ്രസ് നേതൃത്വം സമ്മതിക്കുന്നു. മനുഷ്യസഹജമായ പ്രശ്നങ്ങളാണ് ഉണ്ടായതെന്നും ഇതിൽ പരിഹരിക്കപ്പെടാൻ കഴിയാത്ത കാര്യങ്ങൾ ഒന്നും തന്നെയില്ലെന്നും ഡി.സി.സി. അധ്യക്ഷൻ പറയുന്നു. ജോജുവുമായി ചർച്ച നടത്തി പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വില വർധനവിനെതിരെയാണ് കോൺഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടൻ ജോജുവിന് എതിരെ അല്ലെന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. സമരത്തിന്റെ ഉദ്ദേശശുദ്ധി നടന് മനസ്സിലായെന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അക്കാര്യം അറിയിച്ചുവെന്നും ഡി.സി.സി. അധ്യക്ഷൻ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച എറണാകുളത്ത് ഇടപ്പള്ളി മുതൽ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള സമരത്തിൽ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നടൻ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലിൽ പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ നടന്റെ വാഹനം അടിച്ച് തകർത്തിരുന്നു.ജോജുവിന്റെ പരാതിയിൽ കൊച്ചി മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ള 15 കോൺഗ്രസ് നേതാക്കൾക്കെതിരേയും 50 പ്രവർത്തകർക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു.
മദ്യപിച്ച് വനിതാ പ്രവർത്തകരെ അപമാനിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് കാണിച്ച് ജോജുവിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കണ്ടെത്തി.
മറുനാടന് മലയാളി ബ്യൂറോ