- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് ടൂൾകിറ്റ്: എൻഐഎ അന്വേഷിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി; നിസാര ഹർജികൾ പരിഗണിക്കാനാവില്ല; വിഷയത്തിൽ കർശന നടപടി സ്വീകരിക്കേണ്ട സമയമെന്നും കോടതി
ന്യൂഡൽഹി: കോൺഗ്രസ് ടൂൾകിറ്റ് വിവാദം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി.ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് തെളിയിക്കപ്പെട്ടാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രജിസ്ട്രേഷൻ റദ്ദാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരുന്നത്.
ഇത്തരം നിസാര ഹർജികൾ സമർപ്പിക്കപ്പെടുന്ന വിഷയത്തിൽ കർശന നടപടി സ്വീകരിക്കേണ്ട സമയമായെന്ന് ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരന് ടൂൾകിറ്റിനോട് താത്പര്യമില്ലെങ്കിൽ അതിനെ അവഗണിച്ചാൽ മാത്രം മതിയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതെല്ലാം ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ തന്ത്രം മാത്രമാണ്. ഇത്തരം നിസാര ഹർജികൾ പരിഗണിക്കാനാവില്ല. ഇത്തരം ഹർജികളുടെ പേരിൽ കർശന നടപടി സ്വീകരിക്കേണ്ട സമയമായെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.
അതിനിടെ, കോവിഡിന്റെ ഇന്ത്യൻ വകഭേദം എന്നതടക്കമുള്ള പ്രയോഗങ്ങൾ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്നതാണെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ ശശാങ്ക് ശങ്കർ ഝാ ചൂണ്ടിക്കാട്ടി. സിംഗപ്പുർ വകഭേദമെന്ന പ്രയോഗം സിംഗപ്പുർ വിലക്കിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന കാര്യം താങ്കൾക്ക് അറിയില്ലേ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രചാരണത്തെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയുമോ എന്നും അദ്ദേഹം ആരാഞ്ഞു.
ടൂൾകിറ്റ് വിഷയത്തിൽ അന്വേഷണം പുരോഗമിക്കുന്ന കാര്യം രണ്ടംഗ ബെഞ്ചിൽ അംഗമായ ജസ്റ്റിസ് എം.ആർ ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോശമായി ചിത്രീകരിക്കാൻ കോൺഗ്രസ് ടൂൾകിറ്റ് തയ്യാറാക്കിയെന്നാണ് ബിജെപിയുടെ ആരോപണം.
ന്യൂസ് ഡെസ്ക്