ജയ്പൂർ: രാജസ്ഥാനിൽ ആദ്യ മണിക്കൂറുകളിലെ കോൺഗ്രസ് തരംഗത്തിന്റെ സൂചകങ്ങൾ മാറിമറിയുന്നു. മുഴുവൻ സീറ്റുകളിലെയും ഫലസൂചനകൾ പുറത്തുവരുമ്പോൾ 103 സീറ്റുകളിൽ കോൺഗ്രസ് മുന്നിലാണ്. ഇത് കേവല ഭൂരിപക്ഷവും കടന്നുള്ള അവസ്ഥയാണ് വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരം ഉണ്ടായെങ്കിലും 78 സീറ്റുകളിൽ ബിജെപിയും മുന്നിട്ട് നിൽക്കുകയാണ്. ഇത് ബിജെപിയുടെ അടിത്തറ വ്യക്തമാണെന്ന സൂചന നൽകുന്നതാണ്. ഇവിടെ രണ്ടു സീറ്റിൽ സിപിഎം മുന്നിട്ടുനിൽക്കുന്നു.ബിഎസ്‌പി മൂന്നു സീറ്റുകളിലും സ്വതന്ത്രരും മറ്റുള്ളവരും അടക്കമുള്ളവർ 12 സീറ്റുകളിലും മുന്നിട്ടുനിൽക്കുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസിന് സർക്കാർ ഉണ്ടാക്കാൻ കഴിയും. തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ കെ സി വേണുഗോപാലിനെ ജയ്പൂരിലേക്ക് രാഹുൽ ഗാന്ധി അയച്ചിട്ടുണ്ട്.

കോൺഗ്രസിന്റെ പ്രമുഖ നേതാക്കളയാ സച്ചിൻ പൈലറ്റ്, അശോക് ഗെഹലോട്ട്,സി പി ജോഷി എന്നിവർ എല്ലലാം മുന്നിട്ട് നിൽക്കുന്നു. മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യ മുന്നിട്ട് നിൽക്കുന്നുണ്ടെങ്കിലും മന്ത്രി സഭയിലെ മറ്റ് പ്രധാന അംഗങ്ങൾ പരാജയത്തിന്റെ നിഴലിലാണ്.
ജാതി രാഷ്ട്രീയം പിന്തുടരുന്ന രാജസ്ഥാനിൽ 2013-ൽ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത്. അതേസമയം കോൺഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിൽ കടുത്ത സർക്കാർ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകൾ. ഇത് ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലസൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് .കഴിഞ്ഞ 20 വർഷങ്ങളായി ആരെയും ഒന്നിൽ കൂടുതൽ തവണ പിന്തുണച്ച ചരിത്രം രാജസ്ഥാനില്ല.

രാജസ്ഥാനിൽ മുഖ്യമന്ത്രി വസുന്ധരാജ സിന്ധ്യയ്ക്കെതിരെ സ്വന്തം പാളയത്തിൽ നിന്നുണ്ടാകുന്ന എതിർപ്പുകൾ ശക്തമായിരുന്നു. പക്ഷേ ഇത്തവണ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ തന്നെ ബിജെപി പിന്നിലായിരുന്നു. വസുന്ധരരാജസിന്ധ്യയുടെ ഏകാധിപത്യവും അഴിമതിയും കാർഷിക വിലത്തകർച്ചയും തൊഴിലില്ലായ്മയും ബിജെപിക്ക് തിരിച്ചടിയായതെന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തിരുന്നു. അതോടൊപ്പം ജാതി സമവാക്യങ്ങളിലെ മാറ്റവും ബിജെപിക്ക് തിരിച്ചടിയായി. എക്കാലവും ബിജെപിയെ പിന്തുണച്ചിരുന്ന രജപുത്ര വോട്ടർമാരും കർണിസേനയും മറ്റും ഇത്തവ പാർട്ടിയാട് ഇടഞ്ഞു നിൽക്കയാണ്.

അതേസമയം പ്രമുഖ നേതാക്കളെ ആരെയും കരക്കിരിത്താതെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ റാലികൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പലപ്പോളും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യോഗങ്ങൾക്കുപോലും മുൻകാലങ്ങളിലെപോലെ ആളുണ്ടായിരുന്നില്ല. ഉള്ളിയുടെ വില ഒരുരൂപയോളം എത്തിയതും കാർഷിക വിലത്തകർച്ചയും എടുത്തു പറഞ്ഞായിരുന്നു എവിടെയും രാഹുലിന്റെ പ്രസംഗം. നോട്ടുനിരോധനവും ജിഎസ്ടിയും റാഫേൽ അഴിമതിയുമടക്കം എടുത്തിട്ട് മോദിയെ കുടഞ്ഞുകൊണ്ടായിരുന്ന രാഹുൽ ഇവിടെ പ്രചാരണം നടത്തിയത്. വസുന്ധര രാജ സിന്ധ്യയോടുള്ള എതിർപ്പ് മോദിയെ ഉയർത്തിക്കാട്ടി പ്രതിരോധിക്കാമെന്ന തന്ത്രമാണ് ഇവിടെ തകർന്നടിഞ്ഞത്.

അതേസമയവം കർഷകരോഷവും വികസമുരടിപ്പും ഉയർത്തിപ്പടിച്ചും പ്രാദേശികമായ ജാതി സമവാക്യങ്ങളിൽ ശ്രദ്ധിച്ചുമാണ് സച്ചിൻ ലൈപറ്റിനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ ബിജെപിക്കെതിരെ ആഞ്ഞടിച്ചതും. ഒബിസി വിഭാഗത്തിൽപെട്ട ഗുജ്ജാർ സമുദായക്കാരനായ സച്ചിന്, തങ്ങളുടെ പരമ്പരാഗത വൈരികളായ പട്ടിജാതിക്കാരായ മീണ സമുദായത്തെയും കൈയിലടുക്കാൻ കഴിഞ്ഞു. എന്നാൽ സച്ചിൽ പൈലറ്റ് വിവാഹം കഴിച്ചത് മുൻ കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ മകളെ ആണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ആദ്യഘട്ടത്തിൽ പ്രചാരണം നടത്തിയപ്പോൾ, വീണത് വിദ്യയാക്കി ഭാര്യയെ പ്രചാരണ രംഗത്തിറക്കി മുസ്ലിം വോട്ടുകൾ നേടുകയാണ് പൈലറ്റ് ചെയ്തത്.

കഴിഞ്ഞ തവണ 30,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി. വിജയിച്ച ടോങ്ക മണ്ഡലത്തിലാണ് ഇത്തവണ സച്ചിൻ മൽസരിച്ചത്. മുപ്പതിനായിരത്തോളം ഗുജ്ജറുകൾ മണ്ഡലത്തിലുണ്ട്. ഇതേ സമുദായക്കാരനായ സച്ചിന് ഇവർ വോട്ടു ചെയ്യുമെന്നും കണക്കുകൂട്ടലുണ്ട്. അച്ഛൻ രാജഷ് പൈലറ്റ് സമീപമുള്ള ദൗസ ലോക്‌സഭാമണ്ഡലത്തിലെ എംപി.യായിരുന്നു. സച്ചിന്റെ ആദ്യ തിരഞ്ഞെടുപ്പുവിജയവും അവിടെയായിരുന്നു, 28-ാം വയസ്സിൽ. പാരമ്പര്യവും ജാതി സമവാക്യങ്ങളും ഒരുപോലെ കൂട്ടിയിണക്കിയ തന്ത്രമാണ് സച്ചിൻ പ്രയോഗിച്ചത്. പിതാവ് രാജേഷ് പൈലറ്റിനെപ്പോലെ തന്ത്രശാലിയും ഊർജസ്സ്വലനുമായ ഈ നേതാവ് തന്നെയായിരിക്കും മുഖ്യമന്ത്രിയാവുകയെന്നാണ് പൊതുവെ കരുതുന്നത്.

''മോദിജിയും അമിത്ജിയും യോഗിജിയും ഒന്നിച്ചു ശ്രമിച്ചാലും രാജസ്ഥാനിൽ അധികാരത്തിലേറുന്നതിൽനിന്ന് കോൺഗ്രസിനെ തടയാനാവില്ല.'' -ഇതായിരുന്നു തെരഞ്ഞെുടുപ്പ് പ്രചാരണത്തിൽ സച്ചിൽ എടുത്തുപറഞ്ഞത്. അശോക് ഗെഹലോട്ട്,സി പി ജോഷി, ഗിരിജാ വ്യാസ് തുടങ്ങിയ നിരവധി നേതാക്കൾ രാജസ്ഥാനിൽനിന്ന് മൽസരിച്ചിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയാവാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്നതും പൈലറ്റിന് തന്നെയാണ്.