സൂററ്റ്: കൂറുമാറ്റക്കാരോട് മധുര പ്രതികാരം ചെയ്ത് കോൺഗ്രസ്. വിജയം മുന്നിൽ കണ്ട് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് മറുകണ്ടം ചാടിയവരിൽ ഭൂരിഭാഗവും തോറ്റു തുന്നം പാടിയതാണ് ഗുജറാത്തിൽ കോൺഗ്രസിന് സന്തോഷം നൽകിയിരിക്കുന്ന മറ്റൊരു കാര്യം. പ്രധാന നേതാക്കൾ എല്ലാം കൂറുമാറിയിട്ടും തങ്ങളുടെ മണ്ഡലം നിലനിർത്താൻ കോൺഗ്രസിനായി.

ബിജെപിയിലേക്ക് കൂറുമാറിയ ശങ്കർ സിങ് വഗേല അടക്കമുള്ള പ്രമുഖരാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ച് തോറ്റു പോയതാണ് കോൺഗ്രസുകാരെ ത്രസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലാണ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കോൺഗ്രസിൽ നിന്നും രാജിവെച്ച വകേല ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാൽ ബിജെപിയുടെ ടിക്കറ്റിൽ മത്സരിച്ച കോൺഗ്രസിലെ കൂറുമാറ്റക്കാരിൽ ഭൂരിഭാരം പേരും തോറ്റു.

കൂറുമാറി ബിജെപിയിലെത്തിയവർ എല്ലാം തന്നെ മത്സരിച്ച വടക്കൻ ഗുജറാത്തിലെയും മധ്യ ഗുജറാത്തിലെയും സീറ്റുകളിൽ ഭൂരിഭാഗവും കോൺഗ്രസിന് നിലനിർത്താനായി. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കോൺഗ്രസിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇതിലൂടെ വെളിവായതെന്നും കാലുവാരികളുടെ നയം വിലപ്പോയില്ലെന്നും ഭരത് സൊളാങ്കി പറഞ്ഞു.

നഗര പ്രദേശങ്ങൾ മുഴുവൻ ബിജെപി നേടിയെന്ന സത്യത്തെ ഞങ്ങൾ അംഗീകരിക്കുന്നു. ഇവിടുത്തെ ജനങ്ങളുമായുള്ള ബന്ധം സുഗമമാക്കാൻ കോൺഗ്രസിന് കഴിയാതെ പോയി. സൂററ്റ്, അഹമ്മദാബാദ്, വഡോദര തുടങ്ങിയ നഗര പ്രദേശങ്ങളിൽ കുറച്ച് സീറ്റുകൾ നേടാനായിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ഫലം അടിമുടി മാറുമായിരുന്നെന്നും സൊളാങ്കി അഭിപ്രായയപ്പെട്ടു.

കോൺഗ്രസിൽ നിന്നും കൂറുമാറി ബിജെപി ടിക്കറ്റിൽ മത്സരിച്ച നാലു പേർമാത്രമാണ് വിജയിച്ചത്. ബാക്കി മണ്ഡലങ്ങൾ എല്ലാം തന്നെ കോൺഗ്രസിനൊപ്പം നിന്നു.