തൃശൂർ: തൃശ്ശൂരിൽ കോൺഗ്രസ് ഗ്രൂപ്പ് പോരിന്റെ പേരിൽ ചാവക്കാടുണ്ടായ കൊലപാതകം പാർട്ടിയിൽ പൊട്ടിത്തെറിക്ക് വഴിവെക്കുന്നു. കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരെ മുഖംനോക്കാതെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നടപടി സ്വീകരിച്ചതോടെയാണ് ഐ ഗ്രൂപ്പിന്റെ ശക്തികേന്ദ്രങ്ങളിൽ അതൃപ്തി ഉടലെടുത്തത്. ഇതേതുടർന്ന് പാർട്ടിയിലെ പ്രധാന ഐ ഗ്രൂപ്പ് നേതാവായ മന്ത്രി സിഎൻ ബാലകൃഷ്ണനെതിരെ കൊല്ലപ്പെട്ട എ ഗ്രൂപ്പ് നേതാവ് ഹനീഫയുടെ ബന്ധുക്കളും രംഗത്തെത്തി. കൊലയാളികളെ ബാലകൃഷ്ണൻ സംരക്ഷിക്കുകയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഹനീഫയുടെ വീട്ടിൽ മന്ത്രി സന്ദർശനം നടത്തുന്നത് ഒഴിവാക്കണമെന്നും ഹനീഫയുടെ സഹോദരൻ ഉമ്മർ ആവശ്യപ്പെട്ടു.

ഹനീഫയുടെ വീട്ടിൽ സന്ദർശനം നടത്താനുള്ള സി.എൻ ബാലകൃഷ്ണന്റെ തീരുമാനത്തോടു യോജിക്കുന്നില്ലെന്നാണ് ഭൂരിഭാഗം ബന്ധുക്കളുടെയും നിലപാട്. ജില്ലയിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സംഘർഷങ്ങളിൽ സ്വജനപക്ഷ നിലപാട് സ്വീകരിക്കുന്നതുതന്നെയാണ് ബന്ധുക്കളുടെ പ്രതിഷേധത്തിന് കാരണം. ഹനീഫയുടെ കൊലപാതകത്തിൽ പങ്കുള്ള ഗോപപ്രതാപനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന മന്ത്രി തങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കി പിന്മാറുന്നതാണ് നല്ലതെന്ന് ഹനീഫയുടെ സഹോദരൻ ഉമ്മർ പ്രതികരിച്ചു.

അതിനിടെ ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഷെമീറും ഐ ഗ്രൂപ്പ്‌നേതാവ് ഗോപപ്രതാപനും തമ്മിൽ അടുത്ത സുഹൃത് ബന്ധം ഉണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ഇരുവരും ഒരുമിച്ച് നിന്നെടുത്ത ഒരു സെൽഫി ചിത്രമാണ് പുറത്തുവന്നത്.

അതിനിടെ കോൺഗ്രസ് ചാവക്കാട് ബ്ലോക്ക് കമ്മിറ്റി പിരിച്ചുവിട്ടതിനെതിരേയും പ്രതിഷേധം രൂക്ഷമായതോടെ തൃശൂർ ജില്ലയിലെ പ്രശ്‌നങ്ങളിൽ എങ്ങനെ ഇടപെടണമെന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ആശങ്കയിലായി. എന്നാൽ നിലപാട് മാറ്റാതെ ഉറച്ച നിലപാട് സുധീരൻ സ്വീകരിച്ചതോടെ ഐ ഗ്രൂപ്പ് ഇന്ന് നടത്താനിരുന്ന പ്രതിഷേധ പ്രകടനം മാറ്റിവച്ചു. പാർട്ടി അംഗത്വം സസ്‌പെൻഡ് ചെയ്യപ്പെട്ട ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനടക്കം ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ് ഇരുന്നത്. എന്നാൽ, മന്ത്രി സിഎൻ ബാലകൃഷ്ണൻ വിഷയത്തിൽ ഇടപെട്ടതോടെയാണ് പ്രതിഷേധം വേണ്ടെന്ന നിലപാടിലേക്ക് പാർട്ടി എത്തിച്ചേർന്നത്. സുധീരന്റെ ആവശ്യപ്രകാരമാണ് ഈ വിഷയത്തിൽ മന്ത്രി ഇടപെട്ടത്.

മന്ത്രിയും ജില്ലയിലെ കോൺഗ്രസ് എംഎ‍ൽഎയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഗ്രൂപ്പ് സംഘർഷങ്ങൾക്ക് വഴിമാറിയതെന്ന് ആരോപണമുയർന്നിരുന്നു. ഗ്രൂപ്പ് പോരിനെത്തുടർന്ന് മരിച്ച മധു ഈച്ചരത്തിനും, ലാൽജി കൊള്ളന്നൂരിനും പിന്നാലെയാണ് എ ഗ്രൂപ്പ് നേതാവ് ഹനീഫ കുത്തേറ്റ് മരിച്ചത്. ബന്ധുക്കൾ അതൃപ്തി അറിയിച്ചതോടെ മന്ത്രിയുടെ സന്ദർശനം സന്ദർശനം ഒഴിവാക്കാനാണ് സാധ്യത.

അതേസമയം ആക്രമിസംഘത്തെ കുറിച്ച് നിരവധി വിവരങ്ങൾ ഹനീഫയുടെ വീട് സന്ദർശ്ശിച്ച മന്ത്രി കെ സി ജോസഫിനോടും പൊലീസിനോടും ബന്ധുക്കളും നാട്ടുകാരും പറഞ്ഞിരുന്നു. മേഖലയിൽ നടക്കുന്ന ആക്രമണങ്ങളിലും പിടിച്ചുപറി കേസുകളിലും പൊലീസിന്റെ സംരക്ഷണയിലുള്ള ഇവർക്കെതിരെ ശക്തമായ നപടിയുണ്ടാകാറില്ല. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് കെ നവാസിനെ വധിക്കാൻ ശ്രമിച്ച കേസിലും ഗുരുവായൂരിൽ വ്യാപാരിക്കുനേരെ മുളകുപൊടിയെറിഞ്ഞ് പണം തട്ടിയ കേസിലും പുത്തൻകടപ്പുറത്ത് പുതുവീട്ടിൽ മുംതാസിന്റെ വീട് കൊള്ളയടിച്ച സംഭവത്തിലും പ്രതികളായവർ ഈ സംഘത്തിൽഉള്ളവരാണ്.

കഴിഞ്ഞ വർഷം പെരുമ്പടപ്പിൽനിന്ന് എറണാകുളത്തേക്ക് കൊണ്ടുപോയിരുന്ന 25 ലക്ഷം രൂപയുടെ കുഴൽപ്പണം തട്ടിയ കേസിൽ പിടിയിലായ ഇവരിൽ ചിലരെ ലോക്കപ്പിലിടാൻപോലും പൊലിസ് തയ്യാറായില്ല. ഈ കേസും പൊലീസ് തേച്ചുമാച്ചുകളഞ്ഞു. മണത്തല പാലപ്പെട്ടി വീട്ടിൽ സാദിഖിനെ നാല് മാസംമുമ്പാണ് ഇവർ ആക്രമിച്ചത്. പുത്തൻ കടപ്പുറത്തുള്ള ഒരു ബംഗാളി യുവാവിനേയും ഇവർ ആക്രമിച്ചിരുന്നു. കോൺഗ്രസ് നേതാക്കളുടെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ തർക്കമുണ്ടാകുമ്പോൾ ഭീഷണിയുമായി ഇറക്കുന്നതും ഈ സംഘാംഗങ്ങളേയാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വർഷം വരെ കടപ്പുറത്ത് കാറ്റാടി മരങ്ങൾക്കിടയിൽ കെട്ടിയുണ്ടാക്കിയ ഏറുമാടം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.

കൊല്ലപ്പെട്ട ഹനീഫയുടെ സഹോദര പുത്രൻ സെറൂക്കിനെ വെട്ടിയ കേസിൽ എട്ടുപേർ പ്രതികളായിരുന്നെങ്കിലും ഒരാളെ മാത്രമാണ് പിടികൂടിയത്. ഇവർ നൽകിയ കേസിൽ സെറൂക്ക് ജയിലാവുകയും ചെയ്തു. ഈ ഗുണ്ടകൾക്ക് എല്ലാ സൗകര്യവും ചെയ്യുന്നതും സംരക്ഷിക്കുന്നതും ഐ വിഭാഗം നേതാക്കളാണെന്നും ഒരു നേതാവും ഹനീഫ വധക്കേസിലെ മുഖ്യ പ്രതികളും ഉൾപ്പെട്ട ഒരു സെൽഫി ചിത്രം മൊബൈലുകളിലൂടെ വ്യാപിക്കുന്നതും മന്ത്രിക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ഹനീഫയുടെ ബന്ധുക്കൾ കാണിച്ചു കൊടുത്തു.