- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുകേഷും ലീന മരിയ പോളും കെണിയിൽ വീഴ്ത്തി പണം തട്ടിയവരിൽ നടി ശിൽപ്പ ഷെട്ടിയും; അശ്ലീല വീഡിയോ നിർമ്മാണ കേസിൽ രാജ്കുന്ദ്ര ജയിലിൽ ആയപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫോൺ വിളിച്ച് കോടികൾ തട്ടി
മുംബൈ: സുകേഷ് ചന്ദ്രശേഖറും പങ്കാളി ലീന മരിയ പോളും തമ്മിലുള്ള കൂട്ടുകെട്ട് തട്ടിപ്പിലൂടെ സമ്പാദിച്ചത് 200 കോടി രൂപയോളം എന്നാണ് പുറത്തുവന്ന കണക്കുകൾ. എന്നാൽ, അതിലും വലിയ തുകയുടെ തട്ടിപ്പ് ലീനയും കൂട്ടാളിയും ചേർന്നു നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പണം പോയ പല പ്രമുഖരും മാനഹാനി ഭയന്നും കള്ളപ്പണ ഇടപാടുകൾ പുറത്തുവരുമെന്ന് ഭയന്നും ഔദ്യോഗികമായി പൊലീസിൽ പരാതി നൽകിയില്ല. ചിലർ ആകട്ടെ ലീന മരിയ പോളിൽ നിന്നും പണം വാങ്ങാൻ വേണ്ടി ക്വട്ടേഷൻ സംഘങ്ങളെ ഏർപ്പാടാക്കുകയും ചെയ്തു. അത്തരം സംഘത്തിലാണ് രവി പൂജാരിയും ഉണ്ടായിരുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ഹൈദരാബാദിലെയും മുംബൈയിലെയും പ്രമുഖരെയും സുകേഷ് ചന്ദ്രശേഖരും കൂട്ടാളിയും ചേർന്ന് കബളിപ്പിച്ചിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. കബളിപ്പിക്കലിന് ഇരയായവരുടെ കൂട്ടത്തിൽ ബോളിവുഡ് നടിമാരും ഉണ്ടെന്ന വിവരം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയെയും സുകേഷ് കബളിപ്പിച്ചു എന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ശിൽപ്പയുടെ ഭർത്താവ് രാജ് കുന്ദ്ര അശ്ലീല വീഡിയോ നിർമ്മാണ കേസിൽ അറസ്റ്റിലായപ്പോൾ ഫോൺ സ്പൂഫിങ്ങിലൂടെ ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാല ഉദ്യോഗസ്ഥനെന്ന വ്യാജേന സംസാരിച്ചു കോടികൾ തട്ടിയെടുത്തു എന്ന സൂചനകളാണ് പുറത്തുവരുന്നത്. രാജ് കുന്ദ്രയെ പുറത്തിറക്കാമെന്ന വാഗ്ദാനത്തിലാണ് ശിൽപ്പയെയും ഇയാൾ കെണിയിൽ വീഴ്ത്തിയത്.
അതേസമയം സുകേഷ് തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് ശിൽപ്പ ഷെട്ടിയുടെയും ശ്രദ്ധ കപൂറിന്റെയും പേരുകളും ഇഡി ഉദ്യോഗസ്ഥർക്ക് മുമ്പാകെ നൽകിയിട്ടുണ്ട്. തനിക്ക് അടുത്തുപരിചയമുള്ളവർ എന്ന നിലയിലാണ് ഇവരെ കുറിച്ച് സുകേഷ് പറഞ്ഞിട്ടുള്ളത്. എന്നാൽ, ശിൽപ്പയെ കേന്ദ്ര ഉദ്യോഗസ്ഥനെന്ന വിധത്തിൽ ഫോൺ സ്പൂഫിങ് വഴി കബളിപ്പിച്ചതും സുകേഷും ലീനയും ചേർന്നായിരുന്നു. ശ്രദ്ധ കപൂറുമായി ബന്ധമുണ്ടാക്കിയത് നാർക്കോടിക് കൺട്രോൾ ബ്യൂറോ കേസ് ഒതുക്കാനെന്ന വിധത്തിലാണെന്നും പറയുന്നു. അതേസമയം രാജ് കുന്ദ്രയെ മോചിപ്പിക്കാനെന്ന് പറഞ്ഞാണ് ശിൽപ്പയുമായി ബന്ധം സ്ഥാപിച്ചതും പണം തട്ടിയതും.
അതേസമയം ശ്രദ്ധ കപൂറിനെയും ശിൽപ്പ ഷെട്ടിയെയും സമർത്ഥമായി തട്ടിപ്പിന് ഇരയാക്കുകയാണ് സുകേഷ് ചന്ദ്രശേഖരൻ ചെയ്തത് എങ്കിലും ജാക്വലിൻ ഫെർണാണ്ടസിന്റെ കാര്യത്തിൽ കാര്യങ്ങൾ നേരെ തിരിച്ചാണ്. ജാക്വലിനുമായി അടുത്ത ബന്ധമായിരുന്നു സുകേഷിന് ഉണ്ടായിരുന്നത്. ജാക്വിലിൻ ഫെർണാണ്ടസുമായി സൗഹൃദം സ്ഥാപിച്ചത് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനെന്ന പേരിലാായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് ജാക്വിലിനുമായി സുകേഷ് സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചതെന്നാണ് ഇ.ഡി പറയുന്നത്.
ജാക്വലിനെ സമ്മാനങ്ങൾ കൊണ്ടു മൂടി സുകേഷ്
ജാക്വിലിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ഷാൻ മുത്തത്തിലുമായി 2020 ഡിസംബർ മുതൽ സുകേഷ് ഫോണിലൂടെ ബന്ധപ്പെടുന്നുണ്ട്. അന്നെല്ലാം താൻ അമിത് ഷായുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നാണ് സുകേഷ് പറഞ്ഞിരുന്നത്. മാത്രമല്ല താൻ ജയലളിതയുടെ കുടുംബത്തിൽ നിന്നുള്ളയാളാണെന്നും സൺ ടി.വിയുടെ ഉടമസ്ഥാനാണെന്നും ഇയാൾ ജാക്വിലിനെ വിശ്വസിപ്പിച്ചിരുന്നു.
ദക്ഷിണേന്ത്യൻ ഭാഷകളിൽ നിരവധി ചിത്രങ്ങൾ നിർമ്മിക്കുന്നുണ്ടെന്നും അവയിൽ നായികയാക്കാമെന്നും സുകേഷ് നടിക്ക് വാഗ്ദാനം നൽകിയതായും ഇ.ഡി കണ്ടെത്തി. സുകേഷുമായുള്ള ജാക്വിലിൻ ഫെർണാണ്ടിന്റെ സ്വകാര്യചിത്രം പുറത്തുവന്നതിനു പിന്നാലെ നടിയെ ഇ.ഡി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ചെന്നൈയിൽ വച്ച് ഇരുവരും പലതവണ കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളും അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.
ബന്ധം സ്ഥാപിച്ചതിന് പിന്നാലെ വില കൂടിയ സമ്മാനങ്ങളാണ് സുകേഷ് നടിക്ക് നൽകിയത്. ഇരുവരും പരസ്പരം കാണുകയും ലക്ഷ്വറി ബ്രാൻഡുകളുടെ ഷോറൂമുകളിൽ ഷോപ്പിങ്ങിന് ഒരുമിച്ച് പോവുകയും പതിവായി. നടി ആവശ്യപ്പെട്ട വില കൂടിയ സാധനങ്ങളെല്ലാം സുകേഷ് എത്തിച്ചുനൽകി. വജ്രത്തിന്റെ രണ്ട് ജോഡി കമ്മലുകളാണ് സുകേഷ് നടിക്ക് സമ്മാനമായി നൽകിയത്. ഇതിനുപുറമേ ബ്രേസ് ലെറ്റുകളും ബാഗുകളും വിലകൂടിയ ഷൂവും സമ്മാനിച്ചു. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ ഗൂച്ചിയുടെ വസ്ത്രങ്ങളും മറ്റും സുകേഷ് സമ്മാനിച്ചതായും നടി മൊഴി നൽകിയിട്ടുണ്ട്. സുകേഷിൽനിന്ന് 15 ജോഡി കമ്മലുകളാണ് ലഭിച്ചതെന്നും നടിയുടെ മൊഴിയിൽ പറയുന്നു.
അതേസമയം, ജാക്വിലിൻ ഫെർണാണ്ടസിന് ഏഴ് കോടിയോളം രൂപയുടെ ആഭരണങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നാണ് സുകേഷിന്റെ മൊഴി. ബ്രേസ് ലെറ്റുകൾ, കമ്മലുകൾ, മോതിരങ്ങൾ, വാച്ചുകൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഒരു കുതിരയെയും മിനി കൂപ്പർ കാറും ജാക്വിലിന് നൽകിയിട്ടുണ്ടെന്നും സുകേഷിന്റെ മൊഴിയിൽ പറയുന്നു. നടിയുടെ യു.എസിലുള്ള സഹോദരിക്ക് 1,50,000 യുഎസ് ഡോളർ വായ്പയായി നൽകിയിട്ടുണ്ട്. ബി.എം.ഡബ്യൂ എക്സ് 5 കാറും നൽകി. നടിയുടെ മാതാപിതാക്കൾക്ക് രണ്ട് കാറുകളും സമ്മാനിച്ചു. മസേരാറ്റി, പോർഷെ തുടങ്ങിയ കമ്പനികളുടെ കാറുകളാണ് മാതാപിതാക്കൾക്ക് നൽകിയത്. ഓസ്ട്രേലിയയിലുള്ള നടിയുടെ സഹോദരന് 50,000 ഡോളർ കടമായി നൽകിയെന്നും ഇ.ഡി.യുടെ കുറ്റപത്രത്തിലുണ്ട്.
മിനി കൂപ്പർ കാർ തിരികെ നൽകിയെന്ന് ജാക്വിലിൻ
അതേസമയം, സുകേഷ് സമ്മാനിച്ച മിനി കൂപ്പർ കാർ താൻ പിന്നീട് തിരികെ നൽകിയെന്നാണ് ജാക്വിലിന്റെ മൊഴി. കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലാകുന്നത് വരെ സുകേഷുമായി ബന്ധമുണ്ടായിരുന്നതായും നടി സമ്മതിച്ചിട്ടുണ്ട്. ഫോർട്ടിസ് ഹെൽത്ത് കെയർ പ്രമോട്ടറായ ശിവീന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ഡൽഹി പൊലീസിന്റെ പിടിയിലായത്. ശിവീന്ദറിന്റെ ഭാര്യ അദിതി സിങ് നൽകിയ പരാതിയിലായിരുന്നു പൊലീസിന്റെ നടപടി.
ജയിലിലായിരുന്ന ശിവീന്ദർ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖർ പണം തട്ടുകയായിരുന്നു. നിയമകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാൾ അദിതി സിങ്ങിൽനിന്ന് പണം കൈക്കലാക്കിയത്. ഡൽഹിയിൽ ജയിലിൽ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പൻ തട്ടിപ്പുകൾ നടത്തിയത്. ഇതിനിടെയാണ് നടി ജാക്വിലിൻ ഫെർണാണ്ടസ് അടക്കമുള്ളവരുമായി സുകേഷിന് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നത്. തുടർന്ന് നടിയെയും ഇ.ഡി. ചോദ്യംചെയ്തിരുന്നു.
2021 ഫെബ്രുവരി മുതൽ ഓഗസ്റ്റ് ഏഴിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യും വരെ സുകേഷുമായി നടി അടുത്ത ബന്ധം പുലർത്തിയിരുന്നതായും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു.വായ്പാ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന ഫോർട്ടിസ് ഹെൽത്ത് കെയറിന്റെ മുൻ പ്രമോട്ടർ ശിവേന്ദറിന്റെ ഭാര്യയിൽനിന്നു 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് സുകേഷും പങ്കാളിയും നടിയുമായ ലീന മരിയ പോളും കഴിഞ്ഞ ആഗസ്റ്റിൽ അറസ്റ്റിലായത്.
മറുനാടന് മലയാളി ബ്യൂറോ