ർഭഛിദ്രവും സ്വവർഗാനുരാഗവുമുൾപ്പെടെ കത്തോലിക്കാ സഭ മുഖം തിരിച്ചുനിന്ന വിഷയങ്ങളിലൊക്കെ ധീരമായ നിലപാടുകൾ പ്രഖ്യാപിച്ചയാളാണ് ഫ്രാൻസിസ് മാർപാപ്പ. പല നിലപാടുകളും വിശ്വാസികളുടെയടക്കം നെറ്റി ചുളിപ്പിച്ചിരുന്നെങ്കിലും ആരും അതിനെ ചോദ്യം ചെയ്തിരുന്നില്ല. എന്നാൽ, കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനെതിരെ ഇപ്പോഴിതാ എതിർസ്വരങ്ങൾ ഉയർന്നുതുടങ്ങിയിരിക്കുന്നു. സഭയിലെ യാഥാസ്ഥിതികരായ കർദിനാൾമാരാണ് പോപ്പ് ഫ്രാൻസിസിന്റെ നിലപാടുകൾക്കെതിരെ പരസ്യമായി രംഗത്തുവന്നത്.

കുടുംബത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും സ്വവർഗാനുരാഗത്തെക്കുറിച്ചുമുള്ള പോപ്പിന്റെ നിലപാടുകൾക്കെതിരെയാണ് നാല് കർദിനാൾമാർ എതിർപ്പ് രേഖപ്പെടുത്തിയത്. രണ്ട് ജർമൻകാരും ഇറ്റലിയിൽനിന്നും അമേരിക്കയിൽനിന്നുമുള്ള ഓരോ കർദിനാൾമാരുമാണ് സഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത തരം എതിർപ്പുമായി രംഗത്തുവന്നിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക അസന്തുലിതാവസ്ഥയും പോലുള്ള സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധയൂന്നുന്ന പോപ്പ്, കത്തോലിക്കാ സഭയുടെ നിയമങ്ങളെ ദുർബലപ്പെടുത്തുകയാണെന്നാണ് ഇവരുടെ ആരോപണം.

പോപ്പിന്റെ 260 പേജുള്ള സ്‌നേഹത്തിന്റെ ആഹ്ലാദമെന്ന സുവിശേഷത്തിലെ പല കാര്യങ്ങളെയും ഇവർ പരസ്യമായി ചോദ്യം ചെയ്യുന്നു. സഭയിലെ തെറ്റുകാരായ വിശ്വാസികളോട് കൂടുതൽ സ്‌നേഹത്തോടെ പെരുമാറണമെന്ന് പോപ്പ് ഇതിൽ പറയുന്നു. വിവാഹമോചിതരും പുനർവിവാഹിതരും സ്വവർഗാനുരാഗികളുമൊക്കെ ഇതിൽപ്പെടും. ഏപ്രിലിൽ പുറത്തിറക്കിയ ഈ രേഖയോടുള്ള എതിർപ്പ് പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ് കർദിനാൾമാർ.. കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ അപൂർവമായ എതിർപ്പ് രേഖപ്പെടുത്തലാണിത്.

വിവാഹ മോചനത്തെയും സ്വവർഗാനുരാഗത്തെയും പോലുള്ള വിഷയങ്ങളിൽ പോപ്പിന്റെ നിലപാടുകൾ സംശയമുണ്ടാക്കുന്നുവെന്നാണ് കർദിനാൾമാരുടെ വാദം. നിർണായകമായ ഈ കാര്യങ്ങളിൽ പോപ്പ് സംശയം ദൂരീകരിക്കണമെന്നും സഭാ നിയമങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. വത്തിക്കാനിലെ ഉന്നത പദവിയിൽനിന്ന് തരംതാഴ്‌ത്തപ്പെട്ട അമേരിക്കക്കാരനായ റെയ്മണ്ട് ലിയോ ബുർക്ക്, ജർമൻകാരായ വാൾട്ടർ ബ്രാൻഡ്മുള്ളർ, യോക്കിം മെസ്‌നർ, ഇറ്റലിക്കാരനായ കാർലോ കഫാര എന്നിവർ ചേർന്ന് പുറത്തിറക്കിയ കത്ത് വാർത്താ ഏജൻസികൾക്കൊക്കെ അവർ അയച്ചുകൊടുത്തിട്ടുണ്ട്.