രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ നിർമ്മാണത്തിനിടെ കെട്ടിടഭാഗങ്ങൾ തകർന്നു തൊഴിലാളികൾ മരിച്ച സംഭവങ്ങൾ ആവർത്തിച്ചതോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനിയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുവൈത്ത് മുനിസിപ്പാലിറ്റി. നിയമലംഘനം നടത്തുന്ന കോൺട്രാക്ടിങ് കമ്പനികളുടെ ലൈസൻസ് പിൻവലിക്കുമെന്നും മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഉത്തരവാദപ്പെട്ട കോൺട്രാക്ടിങ് കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമ സുരക്ഷാ കാര്യത്തിൽ വീഴ്ച വരുത്തുന്ന കൺസ്ട്രക്ഷൻ കമ്പനികളുടെ ലൈസൻസ് പിൻവലിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച സാൽമിയയിൽ അപ്പാർട്ട്‌മെന്റ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഈജിപ്ത് സ്വദേശികളായ രണ്ടു തൊഴിലാളികളും സബാഹ് അൽ അഹമദിൽ നിർമ്മാണത്തിലിരുന്ന പള്ളിയുടെ താഴികക്കുടം തകർന്നു വീണു ഒരു ഏഷ്യക്കാരനും മരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി നിർമ്മാണ വിഭാഗം മേധാവി എഞ്ചിനീയർ അഹ്മദ് അൽമൻഫൂഹി പറഞ്ഞു.