- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ പദ്ധതി: നിർമ്മാണ ചെലവ് ഡിപിആറിൽ കുറച്ച് കാണിച്ചു; ആരോപണം സാധൂകരിക്കുന്ന കണക്കുകൾ പുറത്ത്; വിശ്വാസ്യത ചോദ്യം ചെയ്ത് വിദഗ്ദ്ധർ; ഡിപിആർ ദുർബലമല്ലെന്ന് കെ.എൻ.ബാലഗോപാൽ; പദ്ധതിക്ക് അനുമതി നൽകില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലെന്ന് കെ റയിൽ
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ നിർമ്മാണ ചെലവ് കുറച്ചു കാണിച്ചാണ് ഡിപിആർ (ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കിയെന്ന ആരോപണം സാധൂകരിക്കുന്ന കണക്കുകൾ പുറത്ത്. സിൽവർ ലൈനിന്റെ 2019 ലെ ഫീസിബിലിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർമ്മാണ ചെലവ് വലിയ തോതിൽ 2020 ലെ ഡി.പി.ആറിൽ കുറച്ചു കാണിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തു വന്നത്.
റെയിൽപാതക്ക് ആവശ്യമായ കട്ട് ആൻഡ് കവർ ടണലുകൾക്ക് സാധ്യതാ പഠനത്തിലുള്ളതിനെക്കാൾ ചെലവുകുറച്ചാണ് ഡിപിആറിൽ കാണിച്ചിരിക്കുന്നത്. പാത പോകുന്ന മൺതിട്ടകളുടെ നിർമ്മാണചെലവ് 65 ശതമാനം വരെയും കുറച്ചു കാണിച്ചെന്നും പഠനത്തിലുണ്ട്.
സി.ജയരാമൻ, ശ്രീധർ രാധാകൃഷ്ണൻ എന്നീ എൻജിനീയർമാരാണ് ഫീസിബിലിറ്റി റിപ്പോർട്ടും ഡിപിആറും തമ്മിലുള്ള താരതമ്യ പഠനം നടത്തി കണക്കുകൾ പ്രസിദ്ധീകരിച്ചത്. ഉദാഹരണമായി 20 മീറ്റർവരെ താഴ്ചയുള്ളതും സാധാരണമോ ദുർബലമോ ആയ ഭൂമിയിൽ പണിയുന്നതുമായ കട്ട് ആൻഡ് കവർ ടണലിന് കിലോമീറ്ററിന് 127.72 കോടി രൂപയാണ് നിർമ്മാണചെലവായി 2019 ലെ ഫീസിബിലിറ്റി റിപ്പോർട്ടിലുള്ളത്. 2020 ലെ ഡിപിആറിലാകട്ടെ ഇത് 33.3 കോടിയായി കുറച്ചിരിക്കുന്നു. അതായത് നിർമ്മാണചെലവ് 74 ശതമാനം കൊണ്ട് കുറച്ചിരിക്കുന്നു.
മറ്റൊരു ഉദാഹരണമാണ് റയിൽലൈൻ സ്ഥാപിക്കാൻ വേണ്ടി പണിഞ്ഞുയർത്തേണ്ട മൺതിട്ടകളുടെ നിർമ്മാണ ചെലവിലെ വ്യത്യാസം. ഉറപ്പുള്ള ഭൂമിയിൽ 2.5 മീറ്റർ ഉയരത്തിൽ നിർമ്മിക്കേണ്ട തിട്ടകളുടെ ഓരോകിലോമീറ്ററിനും 15.61 കോടി രൂപയാണ് ചെലവുവരികയെന്ന് 2019 ലെ ഫീസിബിലിറ്റി റിപ്പോർട്ട് പറയുന്നു. 2020ലെ ഡിപിആറിൽ ഇത് 5.4 കോടിയായി കുറച്ചു. ഇത്തരത്തിൽ ചെലവ് ഗണ്യമായി കുറച്ചുകാണിച്ചിട്ടുള്ള 24 നിർമ്മാണ പ്രവർത്തികളുടെ വിശദാംശങ്ങൾ പുറത്തുവന്നതോടെ ഡിപിആറിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
അതേ സമയം സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്നു കേന്ദ്ര സർക്കാർ പറഞ്ഞിട്ടില്ലെന്നാണ് കെ റെയിൽ കോർപറേഷന്റെ പക്ഷം. പദ്ധതിക്ക് അനുമതി തേടി കെ റെയിൽ സമർപ്പിച്ച ഡിപിആർ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നും സാങ്കേതിക-സാമ്പത്തിക സാധ്യതകൾ പരിശോധിച്ച ശേഷമേ പദ്ധതിക്ക് അന്തിമാനുമതി നൽകൂ എന്നാണ് റെയിൽവേ മന്ത്രി പറഞ്ഞത്.
പദ്ധതിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നു പറഞ്ഞാൽ അനുമതി നൽകില്ല എന്നല്ല അർഥമെന്ന് കോർപറേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പദ്ധതിക്ക് അന്തിമാനുമതി നൽകുന്നതിനു സാങ്കേതിക-സാമ്പത്തിക സാധ്യതകൾ വിലയിരുത്തുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. കെ റെയിൽ സമർപ്പിച്ച ഡിപിആർ സമ്പൂർണമാണെന്ന് കോർപറേഷൻ അവകാശപ്പെട്ടു. അതിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ കേന്ദ്ര സർക്കാർ ചോദിക്കുന്നത് സ്വാഭാവികമാണ്. അതിനു വിശദമായ മറുപടി നൽകാൻ കെ റെയിൽ ബാധ്യസ്ഥരാണ്. റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകാനാണ് റെയിൽവേയും കെ റെയിലും സംയുക്ത പരിശോധന നടത്തുന്നത്.
പാരിസ്ഥിതിക പഠന റിപ്പോർട്ട് കേരളം സമർപിച്ചിട്ടില്ലെന്നും റെയിൽവേ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതിയുടെ ആവശ്യമില്ലെന്നും അധികൃതർ പറഞ്ഞു. സംസ്ഥാന സർക്കാർ വിദേശ വായ്പക്കുള്ള അപേക്ഷ ഡിപ്പാർട്മെന്റെ് ഓഫ് എക്കണോമിക് അഫയേഴ്സിനു സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ പ്രവൃത്തി തുടങ്ങാൻ കേന്ദ്ര സർക്കാർ കേരളത്തിനു അനുമതിയോ എൻഒസിയോ നൽകിയിട്ടില്ല. പദ്ധതിയുടെ പ്രവൃത്തി തുടങ്ങിയതായോ പദ്ധതിക്ക് അന്തിമാനുമതി ലഭിച്ചതായോ കെ റെയിൽ എവിടെയും പറഞ്ഞിട്ടില്ലെന്നു അധികൃതർ വിശദീകരിച്ചു. തത്വത്തിൽ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലുള്ള പ്രീ ഇൻവെസ്റ്റ് മെന്റ് നടപടികളാണ് ഇപ്പോൾ നടന്നു വരുന്നത്.
ഡിപിആർ റെയിൽവേ മന്ത്രാലയം പരിശോധിച്ചു വരികയാണ്. ഡിപിആറിൽ മതിയായ സാങ്കേതിക സാധ്യത വിശദാംശങ്ങൾ ഇല്ലെന്നും അവ ലഭ്യമാക്കാൻ കെആർഡിസിഎല്ലിനെ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നുണ്ട്. വിശദാംശങ്ങൾ നൽകാനുള്ള നടപടികൾ കെ റെയിൽ പൂർത്തീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ റെയിൽവേയും കെ റെയിലും സംയുക്ത പരിശോധന നടത്തി വരുന്നുണ്ട്.
സ്വകാര്യഭൂമിയുടെ വിശദാംശങ്ങൾ മനസ്സിലാക്കുന്നതിനു കൂടിയാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. പതിനൊന്നു ജില്ലകളിലും സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ പഠനങ്ങൾ പൂർത്തിയാകുന്നതോടെ, അലൈന്മെന്റ് പ്ലാൻ, റെയിൽവേ ഭൂമിയുടേയും സ്വകാര്യ ഭൂമിയുടേയും കണക്ക്, നിലവിലുള്ള റെയിൽവേയുടെ ക്രോസിങുകൾ, ബാധിക്കപ്പെടുന്ന റെയിൽവേ ഭൂമി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയാകും. ഇത്രയും സാങ്കേതിക കാര്യങ്ങളിൽ അന്തിമ തീരുമാനമാകുന്നതോടെ സാമ്പത്തിക സാധ്യതയും പരിശോധിക്കാൻ സാധിക്കും. ഇക്കാര്യങ്ങളാണ് പാർലമെന്റിൽ റെയിൽവേ മന്ത്രി വ്യക്തമാക്കിയതെന്നും കെ റെയിൽ കോർപറേഷൻ അധികൃതർ പറയുന്നു.
എന്നാൽ സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ അപൂർണമെന്ന കേന്ദ്രസർക്കാർ വാദം എതിർത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ രംഗത്തെത്തി. ഡിപിആർ ദുർബലമല്ലെന്നും ബിജെപി നേതാക്കളെ പോലെ പ്രതിപക്ഷനേതാവ് പറയുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. പാർലമെന്റിൽ റെയിൽ മന്ത്രാലയം നൽകിയിരിക്കുന്ന മറുപടിയിൽ കാര്യമായൊന്നുമില്ലെന്ന് മന്ത്രി പ്രതികരിച്ചു. കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകും. പദ്ധതിക്കായി റെയിൽവേയുടെ ഭൂമിയേറ്റെടുക്കുന്ന കാര്യമടക്കം കേന്ദ്രസർക്കാർ അറിഞ്ഞതാണെന്നും ബാലഗോപാൽ പറഞ്ഞു.
സിൽവർലൈൻ പദ്ധതിക്ക് തത്വത്തിൽ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് കെ റെയിൽ അധികൃതരുടെ വിശദീകരണം. പദ്ധതിയുടെ ഡിപിആർ റെയിൽ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. പദ്ധതിയുടെ സാങ്കേതിക സാധ്യതയുടെ വിശദാംശങ്ങൾ ഡിപിആറിൽ ഇല്ലെന്നും ഇത് നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പഠനങ്ങളാണ് നിലവിൽ നടക്കുന്നത്.
റെയിൽവേ ഭൂമി എത്രവേണം എന്നതിൽ സംയുക്തപരിശോധന നടക്കുകയാണ്. സാമൂഹിക ആഘാത പഠനം പൂർത്തിയാകുമ്പോൾ സ്വകാര്യഭൂമി എത്രവേണമെന്നതിലും വ്യക്തത വരും. ഇതിന്റെ അടിസ്ഥാനത്തിൽ മറുപടി നൽകുമെന്നും കെ റെയിൽ അധികൃതർ പറഞ്ഞു. സിൽവർ ലൈനിന് അനുമതി നൽകില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ലെന്ന് കെ റെയിൽ. വിശദീകരണം നൽകുന്ന മുറയ്ക്ക് പദ്ധതിക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ റെയിൽ അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ