സൗദി അറേബ്യ: ചെലവു ചുരുക്കലിന്റെ ഭാഗമായി ബിൻലാദിൻ ഗ്രൂപ്പ് പിരിച്ചുവിട്ട പ്രവാസികളുടെ എണ്ണം 77,000 ആയി ഉയർന്നു. ഇതിൽ ചിലർ ഇതിനോടകം തന്നെ രാജ്യം വിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്.അതിനിടയിൽ പിരിച്ചു വിടപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കാനുള്ള മുഴുവൻ തുകകളും കൊടുത്തു തീര്തുവെന്ന് ബിൻ ലാദിൻ കമ്പനി വക്താവ് യാസർ അൽ അത്താസ് പറഞ്ഞു. ഇനിയും പിരിച്ചു വിടുന്നവർക്കും മുഴുവൻ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഉറപ്പു വരുത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളവും ആനുകൂല്യങ്ങളും വൈകാൻ കാരണമായി പറയപ്പെടുന്നത്. ഫൈനൽ എക്‌സിറ്റിൽ തിരിച്ചുപോവുകയോ ശബളവും ആനുകൂല്യങ്ങളും ലഭിക്കുന്നതുവരെ കാത്തിരിക്കുകയും ചെയ്യാവുന്നതാണെന്ന് കമ്പനി അധികൃതർ തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്.

ഫൈനൽ എക്‌സിറ്റ് ലഭിച്ച വിദേശികൾക്ക് രാജ്യം വിടുന്നതിനു മുന്പായി നിയമ പ്രകാരം ലഭിക്കേണ്ട മുഴുവൻ തുകയും ലഭിച്ചു എന്ന് ഉറപ്പു വരുത്താൻ അധികൃതർ തീരുമാനമെടുത്തിട്ടുണ്ട്. തൊഴിൽ മന്ത്രാലയം സ്ഥിതിഗതികൾ വീക്ഷിക്കുന്നുന്‌ടെന്നും മുഴുവൻ വിദേശികൾക്കും നിയമ പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും തൊഴിൽ മന്ത്രാലയത്തിന്റെ മക്ക ശാഖാ ഡയരക്ടർ അബ്ദുള്ള അൽ ഒലയാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഏകദേശം 217,000 തൊഴിലാളികളാണ് സൗദി ബിൻ ലാദിൻ കമ്പനിയിൽ ജോലിയെടുക്കുന്നത്. ഇതിൽ രണ്ടു ലക്ഷം പേർ വിദേശികളും 17,000 പേർ സ്വദേശി തൊഴിലാളികളാണ്. എൻജിനീയർമാർ, അഡ്‌മിനിസ്‌ട്രെറ്റർമാർ, ഇൻസ്‌പെക്ടർമാർ എന്നീ തസ്ഥികകലിലാണ് സ്വദേശികൾ ജോലിയെടുക്കുന്നത്. ഈ 17,000 ത്തോളം വരുന്ന സ്വദേശി ജീവനക്കാർക്കും ശമ്പളം നൽകാൻ കമ്പനിക്കു സാധിച്ചിട്ടില്ല. ഇവർക്ക് ശമ്പളം നൽകണമെങ്കിൽ പ്രതിമാസം ഏകദേശം 414 മില്യൻ റിയാൽ ആവശ്യമായി വരും. ഇവരോട് രാജി വച്ച് പോകാനോ അല്ലെങ്കിൽ കമ്പനിക്കു പദ്ധതി പൂര്തീകരണത്തിന്റെ ഭാഗമായി ലഭിക്കാനുള്ള തുകകൾ ലഭിക്കുന്നത് വരെ കാത്തിരിക്കാനോ ആണ് കമ്പനി വൃത്തങ്ങൾ ആവശ്യപ്പെടുന്നത്.

സ്വദേശി തൊഴിലാളികൾക്ക് ശമ്പളം മുടങ്ങുമ്പോൾ പരാതിപ്പെടുമ്പോൾ ഉണ്ടാകുന്ന നിയമ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി ശമ്പളം മുടങ്ങി കിടക്കുന്ന ശമ്പളത്തോട് കൂടെ രണ്ടു മാസത്തെ ശമ്പളം കൂടി അധികം നൽകാമെന്ന വാഗ്ദാനം കൂടിയാണ് മാനേജ്‌മെന്റ് മുന്നോട്ടു വച്ചിരിക്കുന്നത്. ഇതോടെ ഭൂരിഭാഗം സ്വദേശി തൊഴിലാളികളും അധികൃതർക്ക് പരാതി നൽകുന്നതിൽ നിന്നും പിൻവാങ്ങി കാത്തിരിക്കാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്.

മക്ക ക്രെയിൻ ദുരന്തത്തിൽ കമ്പനി ഭാഗികമായി കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് ശേഷം പുതിയ പദ്ധതികൾ കമ്പനിക്ക് നൽകുന്നതിനു സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുക യാണ്. മാത്രമല്ല അേന്വഷണം പൂർത്തിയാകുന്നത് വരെ പല കമ്പനി ഉദ്യോഗസ്ഥന്മാർക്കും രാജ്യത്തിന് പുറത്തേക്കു യാത്ര ചെയ്യുന്നതിനും വിലക്ക് നിലവിലുണ്ട്.ശനിയാഴ്ച കമ്പനിയുടെ ഏഴു ബസ്സുകൾ കത്തിച്ച സംഭവത്തിൽ സുരക്ഷാ അധികൃതർ അന്വേഷണം നടത്തി വരികയാണ്.