പാലക്കാട് : ന്യായവിലക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ തുടങ്ങിയ കൺസ്യൂമർഫെഡിന്റെ നീതി, നന്മ, ത്രിവേണി സ്റ്റോറുകൾ പലയിടത്തും പൂട്ടിക്കിടക്കുന്നത് വാർത്തയല്ലാതായിട്ടു കുറെയായി. പൂട്ടാതെ അവശേഷിക്കുന്നവ വല്ലതുമുണ്ടെങ്കിൽ അതിൽ ജനങ്ങൾ കയറാറുമില്ല.

ഇതിനു പുറമെയാണ് മലപ്പുറം, കോഴിക്കോട്, തൃശൂർ, പാലക്കാട് ജില്ലകളിൽ പലചരക്ക് സാധനങ്ങൾ വിൽക്കാനായി വാങ്ങിയ ഇനത്തിൽ നൽകാനുള്ള കോടികളുടെ കണക്കുകൾ പുറത്തുവരുന്നത്. പലചരക്ക് സാധനങ്ങൾ വിതരണം ചെയ്ത വകയിൽ വൻതുക കുടിശിക വരുത്തിയതിനെ തുടർന്ന് പാലക്കാടുള്ള കൺസ്യൂമർഫെഡിന്റെ റീജിയണൽ ഓഫീസും സ്ഥലവും ജപ്തി ചെയ്യാൻ പാലക്കാട് സബ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. പാലക്കാട് നൂറണിയിലെ കൺസ്യൂമർഫെഡിന്റെ ഓഫീസും 70 സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്യപ്പെട്ടത്.

2014 - 15 വർഷത്തിൽ പാലക്കാട് റീജണിൽ വിതരണം ചെയ്ത പലചരക്ക് സാധനങ്ങൾക്ക് പണം നൽകാത്തതിനെ തുടർന്നാണ് ജപ്തി നടപടി ഉണ്ടായത്. പാലക്കാട് വടക്കന്തറയിലുള്ള കെ.വി.പൊന്നൻ എന്നയാളുടെ പരാതിയിലാണ് നടപടി. 44,17,575.49 ലക്ഷം രൂപയാണ് നൽകാനുള്ളത്. ഇത് നൽകാത്തതിനെ തുടർന്ന് കോടികൾ വിലമതിക്കുന്ന ഓഫീസും സ്ഥലവുമാണ് ജപ്തി ചെയ്യപ്പെട്ടത്.

പാലക്കാടുള്ളതിനെക്കാൾ ഭീകരമായ അവസ്ഥയാണ് മറ്റു ജില്ലകളിലുള്ളത്. 2010- 13 വർഷത്തിൽ മലപ്പുറം ജില്ലയിലെ എടപ്പാൾ റീജണിൽ പലചരക്ക് സാധനങ്ങൾ വിതരണം ചെയ്ത വകയിൽ 90 ലക്ഷം രൂപ കൺസ്യൂമർഫെഡിന് കുടിശ്ശികയുണ്ട്. 2014- 15 വർഷത്തിൽ തൃശൂർ റീജണിൽ വിതരണം ചെയ്ത വകയിൽ 70 ലക്ഷം രൂപയും കൺസ്യൂമർഫെഡിന് കുടിശ്ശികയായി ഉണ്ട്. ഇതെല്ലാം നൽകാനുള്ളത് പാലക്കാട് പരാതി നൽകിയ പൊന്നനു മാത്രമാണ്.

സംസ്ഥാനത്തെ വിവിധ റീജണുകളിൽ പലചരക്ക് സാധനങ്ങൾ വിതരണം ചെയ്ത വകയിൽ പൊന്നന് മാത്രം നൽകാനുള്ളത് രണ്ടു കോടി രൂപയാണ്. പൊന്നനെ പോലെ പണം കിട്ടാത്ത മറ്റു ചിലരും കൺസ്യൂമർഫെഡിനെതിരെ കേസ് നൽകിയിട്ടുണ്ട്. ഇനി കൺസ്യൂമർഫെഡിന്റെ സ്ഥാപനങ്ങൾ ജപ്തി ചെയ്യപ്പെടുന്ന വാർത്തകളാണ് വരാനിരിക്കുന്നതെന്നാണ് ഇത് നൽകുന്ന സൂചന.

കൺസ്യൂമർഫെഡിന്റെ നേത്യത്വത്തിലുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് വിതരണക്കാർക്ക് കുടിശ്ശിക വരാൻ കാരണം. ഓരോരുത്തർക്കും വൻതുക കുടിശ്ശികയായതിനാൽ കൺസ്യൂമർഫെഡിന്റെ നീതി സ്റ്റോർ, നന്മ, ത്രിവേണി സ്‌റ്റോറുകളിലേക്ക് പലചരക്ക് സാധനങ്ങളടക്കമുള്ള എല്ലാ സാധനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. കൺസ്യൂമർഫെഡിന്റെ സ്ഥാപനങ്ങൾ തുറക്കലല്ല എങ്ങനെ കുടിശ്ശിക തീർക്കാം എന്നതാണ് അവരുടെ മുമ്പിലുള്ള പ്രധാന അജണ്ട.