ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച് കാഷ്‌ലെസ് ആയി പെട്രോൾ അടിക്കുമ്പോൾ ഇനി മുതൽ ഉപഭോക്താവിന്റെ കൈയിൽ നിന്നും പണ ചോരില്ല. പെട്രോൾ പമ്പുകളിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചു നടത്തുന്ന വിനിമയത്തിന്റെ സർവീസ് ചാർജുകൾ ബാങ്കുകളും എണ്ണ വിതരണ കമ്പനി(ഒഎംസി)കളും വഹിക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടു. സർവീസ് ചാർജ്ജിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് കേന്ദ്രത്തിന്റെ നടപടി.

മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) മൂലം ഉപഭോക്താക്കൾ ബുദ്ധിമുട്ടേണ്ടതായി വരില്ല. പെട്രോൾ പമ്പുകൾക്കും ഈ നിബന്ധനയിൽനിന്ന് വിട്ടുവീഴ്ചയുണ്ടാകും. ബാങ്കുകളും എണ്ണ വിതരണക്കമ്പനികളുമാകും ഇതു നൽകേണ്ടി വരികയെന്നും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇതൊരു വാണിജ്യപരമായ തീരുമാനമാണ്. ബാങ്കുകളും എണ്ണ വിതരണക്കമ്പനിയും ചർച്ച നടത്തി തീരുമാനമെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പെട്രോൾ പമ്പുകളിൽ കാർഡ് വഴി പണം നൽകുമ്പോൾ ഉപഭോക്താക്കളിൽനിന്ന് ഈടാക്കിയിരുന്ന തുകയാണ് എം!ഡിആർ. നോട്ട് അസാധുവാക്കലിനുശേഷം ഡിസംബർ 30 വരെ ഈ തുക ഈടാക്കുന്നതിന് താൽക്കാലികമായി നിരോധനമേർപ്പെടുത്തിയിരുന്നു. എന്നാൽ ഇളവുകൾ അവസാനിച്ചതോടെ എംഡിആർ പെട്രോൾ പമ്പുകൾ അടയ്‌ക്കേണ്ട സ്ഥിതിവന്നു. തുടർന്ന് കാർഡുവഴിയുള്ള പണമിടപാട് ഇനി സ്വീകരിക്കില്ലെന്നു പമ്പുടമകൾ നിലപാടെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഇതിലിടപെട്ടത്.

സർവീസ് ചാർജ് എപ്രകാരം ഈടാക്കണമെന്ന് തീരുമാനിക്കാൻ ബാങ്കുകളും എണ്ണ വിതരണക്കമ്പനികളും ചർച്ച നടത്തിവരികയാണ്. കഴിഞ്ഞ ഡിസംബറിലെ നിർദേശങ്ങളനുസരിച്ച് എംഡിആർ സ്വീകരിച്ചുതുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ജനത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും ഉപഭോക്താക്കൾ സർവീസ് ചാർജ് നൽകേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർഡ് നൽകി ഇന്ധനം വാങ്ങുമ്പോൾ വിലയിൽ 0.75 ശതമാനം ഡിസ്‌കൗണ്ട് നൽകുന്നത് തുടരുമെന്നും മന്ത്രി അറിയിച്ചു.