- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളം നിർമ്മാണം പൂർത്തിയാക്കിയ വകയിൽ കരാറുകാരൻ സുരേഷിന് ലഭിക്കാനുള്ളത് 25 ലക്ഷം രൂപ; കൂടുതൽ പരിശോധനകൾ നടത്താതെ തുക അനുവദിക്കില്ലെന്ന് ജില്ല കൃഷി ഓഫീസർ അറിയിച്ചതോടെ പെട്രോൾ ദേഹത്തൊഴിച്ച് ഭീഷണിപ്പെടുത്തൽ; വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് വെള്ളം പമ്പു ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തു; കരാറുകാരനെ ജാമ്യത്തിൽ വിട്ടയച്ചു പൊലീസ്
തൊടുപുഴ: പണി തീർത്തിട്ടും പറഞ്ഞുറപ്പിച്ച കരാർതുക നൽകിയില്ലെന്നാരോപിച്ച് ഇടുക്കി ജില്ലാ കൃഷി ഓഫീസിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കരാറുകാരന് താൽകാലിക ജാമ്യം. സംഭവത്തിൽ കൂടെയുണ്ടായിരുന്ന കോൺഗ്രസ് പഞ്ചായത്തംഗത്തെയും പൊലീസ് പ്രതി ചേർത്തു. തൊടുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ കൃഷി ഓഫീസിലാണ് ആത്മഹത്യ ശ്രമമുണ്ടായത്.
കൊന്നത്തടി പാനിപ്ര സുരേഷ് പി ബിയാണ് ദേഹത്ത് പെട്രോളൊഴിച്ച് , ലൈറ്ററും കൈയിൽ പിടിച്ച് മുക്കാൽ മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.മറയൂർ പഞ്ചായത്തിൽ കൃഷി ആവശ്യത്തിനായി 4 കുളങ്ങൾ നിർമ്മിക്കാൻ കൃഷിവകുപ്പ് ഇയാൾക്ക് കരാർ നൽകിയിരുന്നു. ഇതിൽ ഒരു കുളത്തിന്റെ നിർമ്മാണം പൂർത്തിയായെന്നും ഇതിന്റെ കരാർ തുകയായ 25 ലക്ഷം രൂപ ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്നലെ രാവിലെ 9.45 - ഓടെ ജില്ലാ കൃഷി ഓഫീസിൽ ഇയാൾ എത്തിയത്. ഈ സമയം ഇയാൾക്കൊപ്പം വെള്ളത്തൂവൽ പഞ്ചായത്ത് മെംബർ റോയിയും ഉണ്ടായിരുന്നു.
കൂടുതൽ പരിശോധനകൾ നടത്താതെ തുക അനുവദിക്കാൻ പറ്റില്ലന്ന് ജില്ല കൃഷി ഓഫീസർ സുലോചന വി റ്റി അറിയിച്ചതോടെ സുരേഷ് പെട്രോൾ ദേഹത്തൊഴിച്ച് , ലൈറ്ററും കൈയിൽ പിടിച്ച് ഓഫീസിനുള്ളിൽ നിന്നും ആത്മഹത്യ ഭീഷിണി മുഴക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും ഫയർ ഫോഴ്‌സും ഇയാളുമായി സംസാരിച്ചെങ്കിലും ആത്മഹത്യ ശ്രമത്തിൽ നിന്നും പിന്മാറാൻ ഇയാൾ തയ്യാറായില്ല.
ഓഫീസിനുള്ളിൽ നിന്ന് ആത്മഹത്യ ഭീഷിണി മുഴക്കി , ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്ന ഇയാളുടെ ദേഹത്തേയ്ക്ക് ഫയർ ഫോഴ്‌സ് ജനലിലൂടെ വെള്ളം പമ്പു ചെയ്തു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. തൊടുപുഴ പൊലീസ് സംഭവത്തിൽ സുരേഷിനും റോയിക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇന്നലെ വീഡിയോ കോൺഫ്രൺസ് വഴി സുരേഷിനെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
താൽക്കാലിക ജാമ്യം അനുവദിച്ച കോടതി ഇന്ന് ഇയാളോട് നേരിട്ട് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്തു മെമ്പറും കരാറുകാരനും കൂടിയാലോചിച്ചാണ് ആത്മഹത്യ നാടകം ഒരുക്കിയെന്നും കൊന്നത്തടിയിൽ നിന്നാണ് ഇതിനായി സുരേഷ് പെട്രോൾ സംഘടിപ്പിച്ചെതെന്നും പൊലീസ് പറയുന്നു.
മറുനാടന് മലയാളി ലേഖകന്.