തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിനെ രക്ഷിക്കാൻ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ഇടപെട്ടതായി വ്യക്തമാക്കുന്ന ശബ്ദരേഖ അടങ്ങിയ സിഡി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വ്യാഴാഴ്ച രാത്രി സർക്കാർ ചീഫ് വിപ്പ് പി സി ജോർജ് കൈമാറി.

ഇപ്പോൾ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലും നിസാമിന്റെ പിണിയാളുകൾ ഉണ്ട്. നിസാം തൃശൂർ കേന്ദ്രീകരിച്ച് നടത്തുന്ന വ്യവസായ ഇടപാടുകളിൽ ഭരണകക്ഷിയിലെ പല ഉന്നതർക്കും ബന്ധമുണ്ട്. ഇനിയും രഹസ്യമാക്കിവയ്ക്കാൻ പറ്റാത്തവിധം എല്ലാം പുറത്തുവരുമെന്നും ജോർജ് തുറന്നടിച്ചു. സിഡിയിലെ വിവരങ്ങൾ പുറത്തുവന്നാൽ ഡിജിപി നിസാമിനായി നടത്തിയ ഇടപെടൽ വ്യക്തമാകും. നൂറുശതമാനം ബോധ്യമാകുന്ന തെളിവാണ് തന്റെ പക്കലുള്ളത്. എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും ബോധ്യംവരാനായി അവർക്ക് കോപ്പികൾ നൽകാൻ തയ്യാറാണ്. നിസാമിന് അനുകൂലമായി അന്വേഷണം വഴിതിരിച്ചുവിടാനാണ് നിശാന്തിനിയെ തൃശൂർ സിറ്റി പൊലീസ് കമീഷണറായി നിയമിച്ചത്. ഡിജിപിയുടെ പ്രത്യേക നിർബന്ധത്തിന് വഴങ്ങിയാണ് സിറ്റി കമീഷണർ ജേക്കബ് ജോബിനെ മാറ്റി നിശാന്തിനിയെ നിയമിച്ചതെന്ന് ജോർജ് പറഞ്ഞു.

പരാതിയെക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദമായി സംസാരിച്ചുവെന്നും തെളിവുകൾ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും പി സി ജോർജ് വ്യക്തമാക്കി. നാളെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണുമെന്നും ചീഫ് വിപ്പ് പി സി ജോർജ്ജ് പറഞ്ഞു.നിസാമിന്റെ ഭാര്യയെയും പ്രതിചേർക്കണമെന്നും പ്രതികൾ ശിക്ഷിക്കപ്പെടാനായി ഏതറ്റം വരെയും പോകുമെന്ന് പി സി ജോർജ് പറഞ്ഞു. അതിനിടെ ചന്ദ്രബോസ് കൊലക്കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് നടപടിയായില്ല. ഇതു വൈകുന്നതു കേസിൽ പ്രോസിക്യൂഷൻ ഭാഗത്തെ ബുദ്ധിമുട്ടിലാക്കും. മന്ത്രി രമേശ് ചെന്നിത്തല ചന്ദ്രബോസിന്റെ വീട്ടിലെത്തിയാണ് വീട്ടുകാർ ആവശ്യപ്പെടുന്ന അഭിഭാഷകനെ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേത്തുടർന്ന് കുടുംബം ഹൈക്കോടതി അഭിഭാഷകൻ ഉദയഭാനുവിനെ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നു കാണിച്ച് ആഭ്യന്തര മന്ത്രിക്ക് ഇ മെയിൽ സന്ദേശം അയച്ചിരുന്നു. എന്നാൽ തീരുമാനമൊന്നുമായില്ല. ഇതിന് പിന്നിലും കള്ളക്കളിയുണ്ടെന്നാണ് ആക്ഷേപം.

മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ നാളെ ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നത്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറെ നിഷാമിന്റെ പിതൃസഹോദരൻ ഓഫിസിലെത്തി കണ്ടതു നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ വിവാദത്തിലായ പ്രോസിക്യൂട്ടർ തന്നെ പ്രോസിക്യൂഷനു വേണ്ടി ഹാജരാകുന്നതു സംബന്ധിച്ചും നിയമവൃത്തങ്ങളിൽ ചർച്ചയുണ്ട്. ബംഗളൂരു പൊലീസിന്റെ കസ്റ്റഡിയിൽ നിസാമിനെ വിട്ടുകൊടുത്തതും ചർച്ചയാണ്. അതിനിടെ വധഭീഷണിക്കേസിൽ കൂടുതൽ ചോദ്യം ചെയ്യാനായി വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ കസ്റ്റഡി നീട്ടിക്കിട്ടാൻ ബംഗളൂരു പൊലീസ് ഇന്നു കോടതിയിൽ അപേക്ഷ നൽകും. നേരത്തേ അനുവദിച്ച മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നു തീരും.

നിസാമിനെ ബുധനാഴ്ച അഡീഷനൽ പൊലീസ് കമ്മിഷണർ അലോക് കുമാർതന്നെ രണ്ടു മണിക്കൂർ ചോദ്യംചെയ്തിരുന്നു. തുടർന്നു കൂടുതൽ അന്വേഷണത്തിനായി കബ്ബൺ പാർക്ക് പൊലീസ് ഇൻസ്‌പെക്ടർ ബാലകൃഷ്ണയുടെ കസ്റ്റഡിയിൽ വിട്ടുകൊടുത്തു. ഡിസംബർ 22നു നഗരത്തിൽ നിയമം ലംഘിച്ചു കാർ ഓടിച്ചതിനെത്തുടർന്നുള്ള വാക്കുതർക്കത്തിനിടെ എൻ. സുമൻ എന്നയാൾക്കെതിരെ വധഭീഷണി മുഴക്കിയെന്നാണു കേസ്. പുലികേശി നഗർ സ്‌റ്റേഷനിൽ നിഷാമിനെതിരെ മാനഭംഗം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി മറ്റൊരു കേസുമുണ്ട്. ബംഗളൂരുവിൽത്തന്നെ കൂടുതൽ കേസുകൾ നിലവിലുണ്ടോ എന്നും പരിശോധിക്കുന്നു.

കുറ്റപത്രം സമർപ്പിക്കൽ, കാപ്പ ചുമത്തൽ, തെളിവുകൾ ശേഖരിക്കൽ, പ്രോസിക്യൂട്ടറെ കണ്ടെത്തൽ തുടങ്ങി മർമ്മപ്രധാന ജോലികൾ അവശേഷിക്കുമ്പോഴാണ് കേസ് വിവാദത്തിൽ മുങ്ങുന്നത്. മാർച്ച് 15നുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നാണ് ഡി.ജി.പി. നിർദ്ദേശം നൽകിയിരുന്നത്. ഇതു നീണ്ടുപോയാൽ നിസാമിന് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സ്ഥിതിവരും. ജനവരി 29ന് നടന്ന സംഭവത്തിൽ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. പ്രതിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കങ്ങളും അവസാനഘട്ടത്തിലാണ്. പ്രോസിക്യൂട്ടറുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഇനി കേസ് പരിഗണനയ്ക്കു വരുമ്പോൾ ഏതുവിധത്തിലും നിസാമിന് ജാമ്യം നേടാനുള്ള ശ്രമങ്ങളും ശക്തമാകും. ഇതിനെല്ലാം പിന്നിൽ ഒത്തുകളിയുണ്ടെന്നാണ് സൂചന.

അതിനിടെ ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തിലെ വീഴ്ച വിവാദമായ സാഹചര്യത്തിൽ സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ വിശകലനയോഗം ചേർന്നു. അന്വേഷണസംഘത്തിന്റെ പ്രവർത്തനം ചർച്ചാവിഷയമായി. പൊലീസുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ കമ്മിഷണർ അതൃപ്തി അറിയിച്ചുവെന്നാണ് സൂചന. കാപ്പ ചുമത്തുന്നതിന് ആവശ്യമായ കേസിന്റെ വിശദാംശങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ട മുൻ കമ്മിഷണറുടെ കത്തിൽ നടപടിയെടുക്കാതിരുന്നതിനു വിശദീകരണം തേടി. കത്ത് പുറത്തായശേഷം വ്യാജമെന്ന രീതിയിൽ അന്വേഷണസംഘത്തിൽനിന്നു പ്രചാരണമുണ്ടായതിലും കമ്മിഷണർ അന്വേഷണസംഘത്തെ വിമർശിച്ചു. എ.ഡി.ജി.പി. നിർദേശിച്ചതനുസരിച്ച് 15നകം കുറ്റപത്രം സമർപ്പിക്കാൻ ധാരണയായി.