- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിളിച്ച മുദ്രാവാക്യങ്ങളും വാങ്ങിക്കൂട്ടിയ തല്ലുമെല്ലാം വെറുതെയായി; പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാതെ സർക്കാർ; സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഇനി അപ്രായോഗികമെന്ന് ധനമന്ത്രി തോമസ് ഐസക്ക്; യുഡിഎഫ് സർക്കാരിനെതിരെ തെരുവിലിറങ്ങിയ ഇടത് സർവീസ്-യുവജന സംഘടനകൾക്കും മൗനവ്രതം
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ നിർത്തലാക്കിയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കും എന്ന സുപ്രധാനമായ വാഗ്ദാനമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ ഇടത് മുന്നണിക്ക് അനുകൂലമായി നിലപാടെടുക്കാൻ പ്രേരിപ്പിച്ചത്. പങ്കാളിത്ത പെൻഷന് എതിരെ ഇടത് യുവജന സംഘടനകൾ അതി വിപുലമായ സമരങ്ങളും സംഘടിപ്പിച്ചിരുന്നു. എന്നാൽ, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാകാനിടയില്ല എന്നാണ് ധനമന്ത്രി തന്നെ വ്യക്തമാക്കുന്നത്. പഴയ പദ്ധതിയിലേക്കുള്ള തിരിച്ചുപോക്ക് എളുപ്പമല്ലെന്ന് ഐസക് വ്യക്തമാക്കി.
2013 ഏപ്രിൽ 1 മുതൽ സർവ്വീസിൽ പ്രവേശിച്ച എല്ലാ ജീവനക്കാർക്കും പങ്കാളിത്ത പെൻഷൻ ബാധകമാണ്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടക്കുന്ന തുകയും തത്തുല്യമായ സർക്കാർ വിഹിതവും ചേർത്താണ് പെൻഷൻ നിധിയിലേക്ക് നിക്ഷപിക്കുന്നത്. ഇതിനകം 2200 കോടിയോളം രൂപ പെൻഷൻ ഫണ്ടിലേക്ക് അടച്ചു കഴിഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് ഇടതുമുന്നണി എതിരാണെങ്കിലും ഇതു നടപ്പിലാക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി.
പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധനക്കായി 2018 നവംബറിലാണ് സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചത്. ആറ് മാസങ്ങൾക്ക് ശേഷമാണ് സമിതിക്ക് ഓഫീസ് അനുവദിച്ചത്. സമിതി റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപി തീരുമാനിക്കുമെന്ന നിലപാടിലാണ് സർക്കാരുള്ളത്. വിരമിച്ച ജില്ലാ ജഡ്ജി എസ് സതീഷ് ചന്ദ്രബാബു ചെയർമാനായ സമിതിയിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ പി മാരപാണ്ഡ്യൻ, സാമ്പത്തിക ശസ്ത്രജ്ഞൻ പ്രൊഫ. ഡി നാരായണ എന്നിവർ അംഗങ്ങളാണ്. എൽഡിഎഫ് പ്രകടനപത്രികയിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
പങ്കാളിത്ത പെൻഷൻ
ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സർക്കാർ വിഹിതവും ചേർത്ത് രൂപീകരിക്കുന്ന ഫണ്ടിൽനിന്ന് പെൻഷൻ നൽകുന്ന രീതിയാണ് പങ്കാളിത്ത പെൻഷൻ. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘ന്യൂ പെൻഷൻ സ്കീം (എൻപിഎസ്)' മാതൃകയിലുള്ള പങ്കാളിത്ത പെൻഷൻ പദ്ധതിയാണ് കേരളത്തിലുള്ളത്. പദ്ധതിയിൽ, അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന തുകയുടെ പത്തുശതമാനവും ജീവനക്കാരിൽനിന്ന് പിടിക്കും. ഈ തുകയ്ക്ക് തുല്യമായ തുക സർക്കാർ വിഹിതമായി നൽകും. ഇത് കേന്ദ്ര സർക്കാർ രൂപീകരിച്ച പ്രത്യേക അഥോറിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ഓരോ മാസവും പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേർന്ന സംഖ്യയിൽനിന്നാണ് ജീവനക്കാരൻ വിരമിക്കുമ്പോൾ പെൻഷൻ നൽകുക.
നടപ്പാക്കിയത് യുഡിഎഫ് സർക്കാർ
2013-ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്റ്റാറ്റ്യൂട്ടറി പെൻഷനുപകരം പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് കേരളത്തിൽ തുടക്കമിട്ടത്. 2004ൽ ബിജെപി നേതൃത്വത്തിൽ എൻഡിഎ സർക്കാർ നിയോഗിച്ച ഭട്ടാചാര്യ കമ്മിറ്റിയാണ് പെൻഷൻ സ്വകാര്യവൽക്കരണ നടപടികൾക്ക് പ്രായോഗിക രൂപം നൽകിയത്. ഇതിനുമുമ്പുതന്നെ യുഡിഎഫ് കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാൻ ശ്രമം തുടങ്ങി.
2012 മാർച്ചിൽ കേരളത്തിന്റെ പൊതുകടം 88,746 കോടി രൂപയായിരുന്നു. 2001-02 ൽ 1,838 കോടിയായിരുന്ന പെൻഷൻ തുക. 2011-12ൽ 8,700 കോടിയായി. ഇങ്ങനെ പോയാൽ ഇത് 2021-22ൽ 41,180 കോടിയും 2031-32ൽ 1,95,000 കോടിയുമാകും. പക്ഷെ ഇതിലോടൊപ്പം റവന്യൂ വരുമാനത്തിൽ വളർച്ചയുണ്ടാകുന്നില്ല. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ പെൻഷൻ സമ്പ്രദായമനുസരിച്ച് ഭാവിയിൽ പെൻഷൻ നൽകാൻ കഴിയില്ല എന്നായിരുന്നു യുഡിഎഫ് വാദം. ഇതിനെതിരേ ജീവനക്കാരുടെ സംഘടനകൾ നടത്തിയ പ്രക്ഷോഭത്തെ അന്ന് എൽ.ഡി.എഫ്. പിന്തുണച്ചിരുന്നു. ഇടത് യുവജന സംഘടനകളും വളരെ ശക്തമായ പ്രക്ഷോഭമാണ് അന്ന് ഈ തീരുമാനത്തിനെതിരെ നടത്തിയത്. എന്നാൽ, ഇപ്പോൾ ഇത് സംബന്ധിച്ച് ഈ സംഘടനകൾ ഒരക്ഷരം പോലും മിണ്ടുന്നില്ല എന്നതാണ് ഏറെ രസകരം.
മറുനാടന് ഡെസ്ക്