- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതി ഉത്തരവുമായി എത്തിയിട്ടും ഏഷ്യാനെറ്റ് ലേഖകനെ പിഎസ്സി പരീക്ഷ എഴുതാൻ അനുവദിച്ചില്ല; കോടതി അലക്ഷ്യമെന്ന് മാദ്ധ്യമപ്രവർത്തകൻ: സഹകരണബാങ്ക് പിആർഒ യോഗ്യതാ പരീക്ഷയെ ചൊല്ലി വിവാദം
കൊച്ചി: പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ സഹകരണ ബാങ്കുകളിലേക്കുള്ള പി.ആർ.ഒ തസ്തികയിലേക്ക് തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി എന്നീ മൂന്നു സെന്ററുകളിൽ കഴിഞ്ഞ ദിവസം പരീക്ഷ നടന്നിരുന്നു. ആദ്യം പി.എസ് സി നൽകിയ വിജ്ഞാപനത്തിൽനിന്നു വ്യത്യസ്തമായി വിജ്ഞാപനം തിരുത്തി പരിക്ഷക്ക് 10 ദിവസം മുൻപ് ദൃശ്യ മാദ്ധ്യമപ്രവർത്തകൻ ശ്യാംകുമാറിനെ പരീക്ഷയ
കൊച്ചി: പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ സഹകരണ ബാങ്കുകളിലേക്കുള്ള പി.ആർ.ഒ തസ്തികയിലേക്ക് തിരുവനന്തപുരം, പത്തനംതിട്ട, കൊച്ചി എന്നീ മൂന്നു സെന്ററുകളിൽ കഴിഞ്ഞ ദിവസം പരീക്ഷ നടന്നിരുന്നു. ആദ്യം പി.എസ് സി നൽകിയ വിജ്ഞാപനത്തിൽനിന്നു വ്യത്യസ്തമായി വിജ്ഞാപനം തിരുത്തി പരിക്ഷക്ക് 10 ദിവസം മുൻപ് ദൃശ്യ മാദ്ധ്യമപ്രവർത്തകൻ ശ്യാംകുമാറിനെ പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതു ചോദ്യം ചെയ്ത ഏഷ്യാനറ്റ് ന്യൂസ് ചാനലിലെ മാദ്ധ്യമപ്രവർത്തകനായ ശ്യാംകുമാർ ഈ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുകയും കോടതി പരിക്ഷ എഴുതാനുള്ള ഇടക്കാല അനുകുല വിധി നൽകുകയും ചെയ്തു.
എന്നാൽ കണ്ണൂരിൽ പരീക്ഷാ ഹാളിൽ കോടതി ഉത്തരവുമായി എത്തിയ ശ്യംകുമാറിനെ അധികൃതർ പരീക്ഷ എഴുതിച്ചില്ലെന്നാണ് ആരോപണം. ഓൺലൈൻ പരീക്ഷ ആയതിനാൽ പരിക്ഷയെഴുതാൻ കഴിയില്ല എന്നാണ് മാദ്ധ്യമപ്രവർത്തകനു പരീക്ഷാനടത്തിപ്പുകാർ നൽകിയ മറുപടി. ഇതുമൂലം പി എസ് സി നടത്തിയത് കോടതിയലക്ഷ്യമാണെന്നാണ് മാദ്ധ്യമപ്രവർത്തകർ ആരോപിക്കുന്നത്
പാലക്കാട്, കണ്ണൂർ, കൊല്ലം ജില്ലാ സഹകരണബാങ്ക് പബ്‌ളിക് റിലേഷൻസ് ഓഫീസർ തസ്തികയിൽ അപേക്ഷ പി.എസ്.സി ക്ഷണിച്ചിരുന്നു. മാസ് കമ്യൂണിക്കേഷനിൽ പിജിയും ഏതെങ്കിലും മീഡിയ ഓർഗനൈസേഷനിൽ മൂന്നു വർഷം പരിചയവുമായിരുന്നു യോഗ്യത. ഇതു രണ്ടുമുള്ള ചാനൽ മധ്യമപ്രവർത്തകർ പലരും ഇതിനു വേണ്ടി അപേക്ഷിച്ചു. മാസങ്ങൾ കഴിഞ്ഞ് ഇവരുടെ വേരിഫിക്കേഷനും പൂർത്തിയായി. വേരിഫിക്കേഷൻ സമയത്ത് ജോലിചെയ്ത സ്ഥാപനങ്ങളിൽനിന്നു തന്ന എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് പോരാ, പിഎസ് സിയുടെ പ്രത്യേക ഫോം ഉണ്ട് അതിൽ എഴുതി വാങ്ങി അതത് ജില്ലകളിലെ ഇൻഫർമേഷൻ ഓഫീസിൽനിന്ന് കൗണ്ടർസൈൻ ചെയ്ത് വാങ്ങി സമർപ്പിക്കണം എന്ന് പാലക്കാട് പി എസ് സി ഉദ്യോഗസ്ഥർ പറഞ്ഞതായി പരീക്ഷ കാത്തിരുന്നവർ പറയുന്നു അതിനുവേണ്ടി ഉദ്യോഗാർത്ഥികൾക്ക് 10 ദിവസത്തെ സമയവും അറിയിപ്പ് വരുമെന്ന് ഇവർക്കു ഉറപ്പും കൊടുത്തു. എന്നാൽ വന്ന ഔദ്യോഗിക അറിയിപ്പ് ചാനൽ മാദ്ധ്യമപ്രവർത്തകരുടെ അപേക്ഷകൾ നിരസിച്ചുവെന്നാണ്.
ഇതിനു കാരണമായി പറയുന്നത് വിഷ്വൽ മീഡിയയിലെ എക്‌സ്പീരിയൻസിന് സഹകരണ ബാങ്കിലെ പിആർഒ തസ്തികയുടെ ജോലി സ്വഭാവവുമായി ബന്ധമില്ലത്രേ. അതിനാൽ അപേക്ഷ നിരുപാധികം നിരസിക്കുന്നുഎന്നാണ്. പിഎസ് സി ഉദ്ദേശിച്ചത് പ്രിന്റ് മാദ്ധ്യമപ്രവർത്തകരെയായാണെന്നും നോട്ടിഫിക്കേഷൻ വരുമ്പോൾ അത് എഴുതാൻ വിട്ടുപോയി എന്നുമാണ് ഇതിനപേക്ഷിച്ച മിക്ക ദൃശ്യമാദ്ധ്യമപ്രവർത്തകർക്കും അറിയിപ്പ് ലഭിച്ചത്. കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലേക്കുള്ള പിആർഒ തസ്തികക്കായി അപേക്ഷിച്ച ഒരു പ്രമുഖ വാർത്താ ചാനലിലെ മാദ്ധ്യമപ്രവർത്തകൻ ഇതിനെതിരെ കോടതിയെ സമീപിക്കുകയും കോടതി പരീക്ഷ എഴുതാനുള്ള ഇടക്കാല ഉത്തരവ് നൽകുകയും ചെയ്തു. എന്നിട്ടും ഇയാൾക്ക് പരീക്ഷയെഴുതാൻ സാധിച്ചില്ലെന്നാണ് ആരോപണം.
ജില്ലാ സഹകരണ ബാങ്കുകളിൽ ചിലർക്ക് താല്പര്യമുള്ളവരെ നിയമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ശ്യാംകുമാറിനെ പരീക്ഷയിൽനിന്ന് ഒഴിവാക്കിയത് എന്നാക്ഷേപമുണ്ട്. കണ്ണൂരിലെ സഹകരണ ബാങ്കിലെ പിആർഒ തസ്തികക്കാണ് ഈ മാദ്ധ്യമപ്രവർത്തകൻ അപേക്ഷിച്ചത്. ഇയാൾ കൂടി ചേർത്ത് അവിടെ ആകെ മൂന്നു പേർ മാത്രമാണുണ്ടായിരുന്നത് ഇതിൽ ഒരാൾ കോൺഗ്രസിന്റെ കോഴിക്കോട്ടെ നേതാവിന്റെ ബന്ധുവാണ്. അയാൾക്ക് ഉദ്യോഗം നല്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ദൃശ്യ മാദ്ധ്യമപ്രവർത്തകനെ ഒഴിവാക്കിയതെന്ന് ആരോപണമുണ്ട്
പിആർഒ തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ വേരിഫിക്കേഷൻ നടത്തി. നോട്ടിഫിക്കേഷൻ മുതൽ വേരിഫിക്കേഷൻ വരെയുള്ള ഒരു ഘട്ടത്തിലും വിഷ്വൽ ജേർണലിസ്റ്റുകൾ അനഭിമതരാണെന്ന് പിഎസ് സി പറഞ്ഞിരുന്നില്ല. എന്തിന് ഇത്രയേറെ പേരെ വിഡ്ഢികളാക്കിയെന്നറിയില്ല. നിലവാരമില്ലാത്ത അന്തിപത്രങ്ങളിൽനിന്നു പോലും പരിചയസർട്ടിഫിക്കറ്റ് നൽകിയവർക്ക് പരീക്ഷ എഴുതാൻ പിഎസ് സി അനുമതി നൽകിയപ്പോൾ മുഖ്യധാരാ ദൃശ്യമാദ്ധ്യമങ്ങളിൽ പ്രവർത്തിച്ചവരെ തള്ളിക്കളയുന്നതിൽ എന്ത് ഔചിത്യമാണുള്ളതെന്നും ഇവർ ചോദിക്കുന്നു.