കൊല്ലം: ശബരിമല വിഷയത്തിൽ സ്ത്രീകളെ അധിക്ഷേപിച്ചും കൊലവെറി പ്രസംഗവുമായി നടൻ കൊല്ലം തുളസി. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന് കൊല്ലം തുളസി പറഞ്ഞു. ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം. ഇതിൽ ഒരു ഭാഗം കേരളാ മുഖ്യമന്ത്രി പിറണായിയുടെ മുമ്പിലേക്കും മറ്റൊരു ഭാഗം ഡൽഹിയിലേക്കും വലിച്ചെറിയണമെന്നും നടൻ പ്രസംഗിച്ചു.

വിധി പറഞ്ഞ സുപ്രീം കോടതിയെയും അവഹേളിച്ചു കൊണ്ടാണ് തുളസി പ്രസംഗിച്ചത്. കേസിൽ വിധിപറഞ്ഞ ജഡ്ജിമാർ ശുംഭന്മാരാണെന്നായിരുന്നു വിവാദ പരാമർശം. കൊല്ലം ചവറയിൽ നടന്ന ശബരിമല വിശ്വാസ സംരക്ഷണ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് അധിക്ഷേപകരമായ പരാമർശവുമായി കൊല്ലം തുളസി എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. ശ്രീധരൻപിള്ളയായിരുന്നു ജാഥയുടെ ക്യാപ്റ്റൻ. ബിജെപി മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപകരമായ പരാമർശം.

ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയുമെന്ന് നേരത്തെ രാഹുൽ ഈശ്വർ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കൊല്ലം തുളസിയുടെ വിവാദ പരാമർശവും എത്തിയത്. ഇത് ബിജെപി യാത്രയെയും വിവാദത്തിലാക്കിയിട്ടുണ്ട്. അതേസമയം,ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ പന്തളം രാജകുംടുംബത്തിന്റെ ഏകദിന നാമയജ്ഞം ആരംഭിച്ചിട്ടുണ്ട്. അയ്യപ്പ ധർമ്മ സംരക്ഷണ സമിതിയും ഏകദിന നാമയജ്ഞത്തിൽ പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ രാവിലെ മുതൽ വൈകിട്ട് ആറ് വരെയാണ് യജ്ഞം.

നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് സംഭവവവും അരങ്ങേറുകയുണ്ടായി. ഈ സംവത്തിൽ ചെറുകോലിൽ സ്വദേശി മണിയമ്മ കേസായപ്പോൾ മാപ്പു പറയുകയാണ് ചെയ്തത്. താൻ ഒന്നും വിചാരിച്ച് കൊണ്ടു പറഞ്ഞതല്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ് പുതിയ വീഡിയോയിൽ ഇവർ ആവശ്യപ്പെടുന്നത്.

'പൊന്നുമക്കളേ, ഞാൻ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല. ഒരു ചാനലുകാര് വന്ന് എന്നോട് എന്തേലും പറയാൻ പറഞ്ഞു. ഞാൻ അന്നേരം ഈഴവ സമുദായത്തെക്കുറിച്ച് ഒന്നും ചിന്തിച്ചു കൊണ്ടല്ല പറഞ്ഞത്. ഞാൻ അയ്യപ്പനെ ഓർത്ത് അങ്ങനങ്ങ് പറഞ്ഞു പോയതാണ്. അതുകൊണ്ട് നിങ്ങളുടെ അടുത്ത് ഞാൻ മാപ്പു ചോദിക്കുന്നു. ഈഴവ സമുദായക്കാരോട് ഞാൻ മാപ്പു ചോദിക്കുന്നു. ഈ അമ്മയോട് നിങ്ങൾ ക്ഷമിക്ക്' - എന്നാണ് പുതിയ വീഡിയോയിൽ ഈ സ്ത്രീ പറയുന്നത്.

ശബരിമലയുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിക്കെതിരെയുള്ള പ്രതിഷേധം തുടരുന്നതിനിടയിൽ ആയിരുന്നു ഒരു സ്ത്രീ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അവഹേളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. രണ്ടു സ്ത്രീകളോട് ശബരിമലയിൽ സ്ത്രീപ്രവേശനത്തിലെ അഭിപ്രായം ആരായുമ്പോളാണ് അതിൽ ഒരു സ്ത്രീ മുഖ്യമന്ത്രിയെ തെറിവാക്ക് ചേർത്ത് ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നത്.

പത്തനംതിട്ടയിലെ ചെറുകോലിലായിരുന്നു സംഭവം നടന്നത്. കടുത്ത പ്രതിഷേധമാണ് വീഡിയോയ്‌ക്കെതിരെ ഉയർന്നത്. ഇതിനിടെ മുഖ്യമന്ത്രിയെ തെറി പറഞ്ഞ വിഷയത്തിൽ മണിയമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. യാതൊരു കാരണവശാലും എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റിവിടാൻ പാടില്ലെന്നായിരുന്നു കൂട്ടത്തിലുള്ള സ്ത്രീ പറഞ്ഞത്. ഇതുവരെ തുടർന്നുവന്ന ആചാരം അതുപോലെ തുടരണമെന്നും അതിൽ മാറ്റം അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നു. പിണറായി വിജയൻ ഇതിനുമുമ്പുള്ള വിധികളിലെല്ലാം എന്തു ചെയ്‌തെന്ന് ചോദിക്കുന്ന മണിയമ്മ മുഖ്യമന്ത്രിയുടെ ജാതിപ്പേര് തെറി ചേർത്ത് പറഞ്ഞതിനുശേഷം, മോന്ത അടിച്ചുപറിക്കണമെന്നും പറഞ്ഞിരുന്നു.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നതുമുതൽ തുടങ്ങിയ സമരങ്ങൾ നാൾക്കുനാൾ ശക്തമാകുമ്പോഴും സമരക്കാരുടെ ആവശ്യം എന്തെന്നത് അവ്യക്തമായിരുന്നു. സ്ത്രീ പ്രവേശനം പാടില്ല എന്നതാണ് സമരക്കാരുടെ ആവശ്യം. അതിന് എന്ത് നടപടി വേണം, ആരാണ് നടപടിയെടുക്കേണ്ടത് എന്നതിൽ സമരക്കാർ വ്യക്തമായ ഉത്തരം നൽകുകയും ചെയ്യാത്ത അവസ്ഥയിലാണ്.

നാടാകെ റോഡ് ഉപരോധവും ലോങ്മാർച്ചും തുടങ്ങിയെങ്കിലും ആര്, എന്ത് നടപടിയെടുക്കണം എന്ന ആവശ്യം സമരക്കാർ ഉന്നയിക്കുന്നില്ല. സമരക്കാർ മുദ്രാവാക്യത്തിന് പകരം ശരണം വിളിയാണ് നടത്തുന്നത്. അതിനാൽ ആവശ്യമെന്തെന്ന് സമരങ്ങളിൽ പങ്കെടുക്കുന്നവർക്കും അറിയില്ല. ശബരിമലയിൽ സ്ത്രീപ്രവേശനം എന്നതിനോട് വിശ്വാസികളിൽ വലിയൊരു വിഭാഗത്തിന് യോജിപ്പില്ലെന്നും അവരുടെ എതിർപ്പ് സംസ്ഥാന സർക്കാറിനെതിരായ വികാരമാക്കാനുള്ള രാഷ്ട്രീയ നീക്കത്തിൽ മത്സരിക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും ഇടതുനേതാക്കൾ ആരോപിക്കുന്നു.

എൻ.ഡി.എ പന്തളത്തുനിന്ന് തുടങ്ങിയ ശബരിമല സംരക്ഷണയാത്ര ഉദ്ഘാടനം ചെയ്ത തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടത്, കോടതി വിധി മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയമനിർമ്മാണം നടത്തണമെന്നാണ്. അതേസമയം, യോഗത്തിൽ പ്രസംഗിച്ച മറ്റ് എൻ.ഡി.എ നേതാക്കളെല്ലാം സംസ്ഥാന സർക്കാറിനെ മാത്രമാണ് കുറ്റപ്പെടുത്തിയത്. സംസ്ഥാന സർക്കാർ ചോദിച്ചുവാങ്ങിയ വിധിയെന്നാണ് ബിജെപി, കോൺഗ്രസ് നേതാക്കൾ പറയുന്നത്. കേസ് നൽകിയവർ ആർഎസ്എസ് ബന്ധമുള്ളവരാണെന്നത് നേതാക്കൾ മറച്ചുവെക്കുന്നുമുണ്ടെന്ന് ഇടതുനേതാക്കൾ ചൂണ്ടിക്കാട്ടുന്നു.