തിരുവനന്തപുരം: വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ചൊല്ലി അമേരിക്കയിൽ ഒരു വിവാദം. ഇന്നലെ ആരംഭിച്ച അമേരിക്കയിലെ ക്‌നാനായക്കാരുടെ ദേശീയ കുടുംബസമ്മേളനത്തിൽ വിവാദ വ്യവസായി ബോബി ചെമ്മണ്ണൂർ മുഖ്യാതിഥിയാകുന്നതാണ് വിവാദമായിരിക്കുന്നത്. മക്കൾക്കു പാരമ്പര്യവും മാതൃകയും ആവേണ്ടവരാണ്ടവർക്കു പകരം സ്ത്രീലമ്പടനെന്നു പരസ്യമായി സമ്മതിച്ച ഒരു വിവാദ വ്യവസായിയെ ക്ഷണിച്ചതിലാണ് സംഘാടകർക്കിടയിൽ തന്നെ എതിർപ്പ് ഉയരുന്നത്. ഒരു സ്ത്രീ പുറത്തുവിട്ട ബോബി ചെമ്മണ്ണൂരിന്റെ വീഡിയോയും ബോബിയുടെ പേരിൽ ഉയർന്നിരിക്കുന്ന ഒട്ടേറെ ആരോപണങ്ങളും സജ്ജീവമായിരിക്കവെ ബോബിയെ വെള്ളപൂശാൻ ക്‌നാനായ സമുദായം നടത്തുന്ന ശ്രമത്തെ അതിലെ തന്നെ ഒരു വിഭാഗം എതിർപ്പുമായി രംഗത്തു വരികയാണ്.

കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്‌നാനായ കത്തോലിക്കർ ഏറ്റവും അധികമുള്ള നാടാണ് അമേരിക്ക. സീറോ മലബാർ കത്തോലിക്ക സമുദായത്തിന്റെ ഭാഗം ആണെങ്കിലും സ്വന്തം പാരമ്പര്യവും ജീവിത രീതിയും പുലർത്തുന്ന ക്‌നാനായക്കാർ മറ്റു സീറോ മലബാർ വിഭാഗത്തിൽ നിന്നു പോലും വിവാഹം കഴിക്കില്ല. ഇങ്ങനെ വിവാഹം കഴിക്കുന്നവരെ സമുദായത്തിൽ നിന്നും പുറത്താക്കുകയാണ് പതിവ്. അത്രമേൽ വംശീയ ശുദ്ധി സൂക്ഷിക്കുന്ന ഒരു സമുദായം പണത്തിന്റെ പേരിൽ ഇത്തരക്കാരനായ ഒരു വ്യവസായിയെ ആദരിക്കാനായി ക്ഷണിക്കുന്നതിനെതിരെയാണ് പരക്കെ വിമർശനം ഉയർന്നിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിനെ പോലെ ഒരാളെ മാതൃകയായി സ്വീകരിക്കുന്ന പരിപാടിയിൽ പങ്കെടുക്കാതെ ഒരു വിഭാഗം വിട്ടു നിൽക്കുകയാണ്.

ഹൂസ്റ്റണിൽ ഇന്നലെ മുതലാണ് പന്ത്രണ്ടാമത് ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് തുടക്കമായത്. അടുത്ത ദിവസങ്ങളിലാണ് ബോബി ചെമ്മണ്ണൂരിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടി നടക്കുന്നത്. ഇതിന്റെ ഭാഗമായി ബോബി ചെമ്മണ്ണൂർ സ്തുതികളുമായി സംഘടനാ നേതാക്കളിൽ തന്നെ പ്രമുഖരായ ചിലരും രംഗത്തെത്തിയിട്ടുണ്ട്. 'മദർ തെരേസാ അവാർഡ്, വിജയശ്രീ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ബോബി ചെമ്മണൂർ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്ഥാപകൻ കൂടിയാണ്. രക്ത ദാനത്തിന്റെ മഹത്വം വെളിപ്പെടുത്തു വാൻ 600 കിലോ മീറ്റർ മാരത്തൻ ഓട്ടം പൂർത്തിയാക്കി ജനശ്രദ്ധ പിടിച്ചെടുത്ത ബോബി സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സ്വർണ്ണ വ്യവസായ രംഗത്തെ അതികായകനായ ബോബി ചെമ്മണൂർ ഹൂസ്റ്റണിൽ ജൂവലറി ഷോപ്പ് ആരംഭിച്ച അമേരിക്കയിൽ വ്യാപാര ശ്രംഖല വ്യാപിപ്പിക്കുന്ന തിനുള്ള സംരംഭത്തിന് തുടക്കം കുറച്ചിട്ടുണ്ട' .... ഇങ്ങനെ നീളുന്നു ബോബി ചെമ്മണ്ണൂർ സ്തുതികൾ.

ക്‌നാനായ കാത്തലിക് കോൺഗ്രസ് മെഗാ സ്‌പോൺസർ കൂടിയാണ് ബോബി ചെമ്മണൂർ. അതുകൊണ്ട് തന്നെയാണ് ബോബി സ്തുതികൾ പെരുകിയതും. പരിപാടിക്കായി അമ്പതിനായിരം മുതൽ ഒരു ലക്ഷം ഡോളർ വരെയാണ് ബോബി മുടക്കിയിരിക്കുന്നത്. വിവാദ വ്യവസായിയുടെ കേരളത്തിലെ മെഗ് പ്രൊജക്ടുകളെല്ലാം വിവാദത്തിൽ ആയതോടെ അമേരിക്കയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂരിനെ ക്‌നാനായക്കാർ വിളിച്ചു വരുത്തി ആദരിക്കുന്നത്.

അതേസമയം സ്ത്രീലമ്പടനെന്ന് പരസ്യമായി സമ്മതിച്ച വ്യക്തിയെ വിളിച്ചു വരുത്തി ആദരിക്കുന്നത് ഒരു വിഭാഗം സമുദായംഗങ്ങളിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്. ഇത്തരക്കാർ കോൺഫെറൻസ് ബഹിഷ്‌ക്കരിച്ച് പ്രതിഷേധിക്കാനും ഒരുങ്ങുന്നതായി സൂചനയുണ്ട്. സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടക്കമുള്ളവരെ പങ്കെടുപ്പിക്കില്ലെന്ന് ഭീഷണിയാണ് ഒരു വിഭാഗം പറയുന്നത്. ധാർമ്മിക മൂല്യങ്ങളെല്ലാം കൈവിട്ട് കാശിനെ മാത്രം ലക്ഷ്യമിട്ട് ബോബി ചെമ്മണ്ണൂരിനെ ആശ്ലേഷിക്കുന്നത് ശരിയില്ലെന്ന് ബോബിയെ ക്ഷണിക്കുന്നത് തീരുമാനിക്കുന്ന വേളയിൽ തന്നെ ചിലർ സൂചിപ്പിച്ചിരുന്നു. എന്നാൽ, പരിപാടിയുടെ ചെലവ് മുഴുവൻ വഹിക്കുന്ന പണം കായ്ക്കുന്ന മരത്തെ കൈവിടാൻ സംഘടനയുടെ തലപ്പുള്ളവർ തയ്യാറായില്ല.

അമേരിക്കയിലെ നാലാമത്തെ പ്രമുഖ നഗരവും എനർജി ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ ഏറ്റവും വലിയ കൺവെൻഷൻ വേദിയായ ജോർജ് ആർ. ബ്രൗൺ കൺവെൻഷൻ സെന്ററിലും ഹിൽട്ടൺ അമേരിക്ക ഹോട്ടലിലുമായാണ് ക്‌നാനായ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. കൺവെൻഷനായി മുപ്പതോളം കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിനിധികൾ പരിപാടിക്കായി എത്തിയിട്ടുണ്ട്.

കൺവെൻഷന് നാലായിരത്തോളം പേരെ പങ്കെടുക്കുമെന്നാണ് പരിപാടിയുടെ സംഘാടകർ അഭിപ്രായപ്പെട്ടിരുന്നത്. പരിപാടിയോട് വിപുലമായ ഘോഷയാത്രയും സംഘഠിപ്പിച്ചിട്ടുണ്ട്. കേരളീയ വിഭവങ്ങളടങ്ങിയ ഭക്ഷണക്രമീകരണങ്ങൾക്കു പുറമെ ധാരാളം ബിസിനസ് ബൂത്തുകളും കൺവെൻഷൻ നഗറിലുണ്ട്. ഇത്തരത്തിൽ വിപുലമായ സംവിധാനം ഏർപ്പെടുത്തുന്നതിൽ ബോബിയുടെ സപോൺസറിംഗിനും റോളുണ്ട്. അതേസമയം അമേരിക്കയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രബലമായ സമുദായത്തിനെ ബോബി വരുതിയിലാക്കിയതെന്നുമാണ് അറിയുന്നത്. അടുത്തിടെ തൃശ്ശൂരിൽ ബോബി പ്രഖ്യാപിച്ച ഓക്‌സിജൻ സിറ്റി പദ്ധതിയിലെ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവന്നിരുന്നു.