- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിമുഖത്തിനായി തിക്കും തിരക്കും; കോവിഡ് മാനദണ്ഡങ്ങൾ തെറ്റിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആരോഗ്യവകുപ്പിന്റെ ഇന്റർവ്യു വിവാദമായി; തെറ്റായ നടപടിയെന്ന് വീണാ ജോർജ്; അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തിയത് വിവാദമായി. ആയിരക്കണക്കിനാളുകളാണ് അഭിമുഖത്തിന് എത്തിയത്. ഇതോടെ അതീവ കരുതൽ വേണ്ട മെഡിക്കൽ കോളേജ് പരിസരത്ത് വലിയ ആൾക്കൂട്ടം രൂപം കൊണ്ടു.
പത്രങ്ങളിൽ വന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി എത്തിയതെന്നായിരുന്നു ഉദ്യോഗാർഥികൾ സ്വീകരിച്ച നിലപാട്. കോവിഡ് മാനദണ്ഡങ്ങൾ നഗ്നമായി ലംഘിച്ചുകൊണ്ട് നിരവധി പേർ അഭിമുഖത്തിന് എത്തിയത് വാർത്തയായതോടെ പൊലീസും രംഗത്ത് എത്തി. തിരക്ക് ഒഴിവാക്കുന്നതിനായി അഭിമുഖത്തിനായി എത്തിയ ഉദ്യോഗാർഥികളുടെ ബയോഡാറ്റ വാങ്ങി അധികൃതർക്ക് നൽകികൊണ്ടായിരുന്നു പൊലീസ് ഇടപെടൽ. അപേക്ഷ ക്ഷണിച്ച ഇന്റർവ്യൂ പിന്നീട് നടത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, അനിയന്ത്രിതമായ ആൾക്കൂട്ടം രൂപം കൊണ്ടതിന് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ക്ലീനിങ് സ്റ്റാഫിന്റെ ഇന്റർവ്യൂ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടിയതിനാൽ കോവിഡ് മാനദണ്ഡപ്രകാരമുള്ള സാമൂഹിക അകലം പാലിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം മുന്നിൽ കണ്ടാണ് ഇന്റർവ്യൂ നിർത്തിവച്ചത്. ഉദ്യോഗാർത്ഥികൾ പ്രതീക്ഷിച്ചതിലും കൂടുതൽ എത്തുന്നത് ശ്രദ്ധയിൽ പെട്ട അധികൃതർ ഇന്റർവ്യൂ നിർത്തിവയ്ക്കുകയായിരുന്നു. ഏതാനും ഉദ്യോഗാർത്ഥികളുടെ അപേക്ഷ സ്വീകരിച്ചിരുന്നുവെങ്കിലും തിരക്കു കൂടിയതിനാൽ ഇന്റർവ്യൂ നടത്തിയില്ല. കഴിഞ്ഞ തവണ നടത്തിയ ഇന്റർവ്യൂവിൽ തെരഞ്ഞെടുക്കപ്പെട്ടവരെല്ലാവരും ജോലിക്ക് ഹാജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും ഇന്റർവ്യൂ നടത്താൻ തീരുമാനിച്ചിരുന്നത്. പുതുതായി 110 ഐ സി യു കിടക്കകൾ തയ്യാറാക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ അധികൃതർ തീരുമാനിച്ചത്. മാറ്റി വച്ച ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കുമെന്നു അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലോക്ഡൗൺ കാലത്ത് താത്ക്കാലിക നിയമനത്തിന് ഇന്റർവ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ വീഴ്ച ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിന്റെ അടിയന്തര യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയത്.
മരുന്നുകളുടേയും ഗ്ലൗസ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കൽ കോളേജിലെ ലഭ്യത സംബന്ധിച്ച് മന്ത്രി വിശദീകരണം തേടി. മെഡിക്കൽ കോളേജിൽ തുടർന്നുപോന്ന രീതിയിൽ നിന്നും മാറി കോവിഡ് കാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധന കണക്കിലെടുത്ത് ഗ്ലൗസ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങൾ വാങ്ങണമെന്ന് മന്ത്രി കർശന നിർദ്ദേശം നൽകി.
അവശ്യ മരുന്നുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പലതും തെറ്റിദ്ധാരണ പരത്തുന്നതാണ്. മരുന്നുകളുടേയും ഗ്ലൗസ് ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടേയും ലഭ്യത ഉറപ്പാക്കാൻ അടിയന്തരമായി ഇടപെടാൻ കെ.എം.എസ്.സി.എൽ.നോട് മന്ത്രി ആവശ്യപ്പെട്ടു. ബദൽ മാർഗത്തിലൂടെ ഇവ അടിയന്തരമായെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നാളെ മുതൽ ആവശ്യമായ ഗ്ലൗസുകൾ എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ. ഉറപ്പ് നൽകി. കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ മരുന്ന് കമ്പനികളിൽ നിന്നും കിട്ടാൻ വൈകിയാൽ കാരുണ്യാ ഫാർമസി വഴി ശേഖരിച്ച് നൽകേണ്ടതാണ്. ദിവസവും അവലോകന യോഗം നടത്തി മരുന്നിന്റേയും ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പ് വരുത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി.
സംസ്ഥാനത്ത് കോവിഡ് ചികിത്സ സൗജന്യമാണ്. അതിനാൽ തന്നെ എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ ചികിത്സ ഉറപ്പാക്കണം. നിശ്ചിത മരുന്ന് ആശുപത്രിയിൽ ലഭ്യമല്ലെങ്കിൽ ബദൽ മാർഗം ലഭ്യമാക്കണം. ലോക്കൽ പർച്ചേസ് ചെയ്തെങ്കിലും മരുന്ന് ലഭ്യമാക്കേണ്ടതാണ്.
മെഡിക്കൽ കോളേജിലെ ജീവനക്കാർ ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ്. എങ്കിലും ചെറിയ വീഴ്ച പോലും ഉണ്ടാകരുത്. അതിനാൽ വളരെയേറെ ശ്രദ്ധിക്കണം. ഇതിന്റെ വെളിച്ചത്തിൽ കോവിഡിന്റെ മൂന്നാം തരംഗം മുൻകൂട്ടികണ്ട് മുന്നൊരുക്കങ്ങൾ നടത്തണമെന്നും മന്ത്രി നിർദ്ദേശം നൽകി