തിരുവനന്തപുരം: കെൽട്രോൺ എം.ഡി. ടി.ആർ. ഹേമലതയെ തൽസ്ഥാനത്ത് നിന്നും മാറ്റി. കെൽട്രോൺ ചെയർമാൻ നാരായണമൂർത്തിക്കാണ് പുതിയ ചുമതല.അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസികൾക്കായി കെൽട്രോൺ നടത്തിയ ഓൺലൈൻ പരീക്ഷയുടെ ചോദ്യം വിവാദമായതിനെ തുടർന്നാണ് നടപടി.

കൊല്ലം ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിലെ പുതിയ ഫ്രാഞ്ചൈസികൾ ക്ഷണിച്ചു കൊണ്ട് കെൽട്രോൺ നടത്തിയ ഓൺലൈൻ പരീക്ഷയിലെ ചോദ്യമാണ് വിവാദമായത്. യേശുക്രിസ്തുവിന്റെ വരവിന് ശേഷം പ്രാധാന്യം നഷ്ടപ്പെട്ട ഹിന്ദു ദൈവം ഏത് എന്നായിരുന്നു ചോദ്യം. ഈ ചോദ്യം വിവാദമായതിനു പിന്നാലെ ഏഷ്യൻ ഹിസ്റ്ററിയിലെ വേദിക് വിഭാഗത്തിലെ ചോദ്യമായിരുന്നു ഇതെന്ന വാദവുമായി കെൽട്രോൺ രംഗത്തെത്തി.

എന്നാൽ ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ചോദ്യമെന്ന് വിമർശനം ഉയർന്നു. ചോദ്യം തയ്യാറാക്കാൻ ഏൽപിച്ചിരുന്ന വിഭാഗത്തിലെ ചില ഉദ്യോഗസ്ഥർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് ചോദ്യം ഉൾപ്പെടുത്തിയതെന്നും ആരോപണം ഉയർന്നു. ഈ പശ്ചാത്തലത്തിലാണ് കെൽട്രോൺ എം.ഡിയെ മാറ്റിയത്.

ചോദ്യം ഇങ്ങനെ: യേശുക്രിസ്തുവിന്റെ വരവിനു ശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം?

എ. ബ്രഹ്മാവ്, ബി. വിഷ്ണു, സി. മഹേശ്വരൻ, ഇ. ഇന്ദ്രൻ.

രണ്ടുവർഷത്തിന് മുൻപ് കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷയാണിത്. കെൽട്രോണിന്റെ കടപ്പാക്കട ടൗൺ അതിർത്തിയിലുള്ള കൊല്ലത്തെ സബ് സെന്ററിൽ വച്ചാണ് പരീക്ഷ നടന്നത്. ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ കെൽട്രോൺ നൽകുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തി തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അക്ഷയ കേന്ദ്രങ്ങളുടെ ഫ്രാഞ്ചൈസി ലഭിക്കുന്നത്. ഈ പരീക്ഷയിലാണ് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയുള്ള ചോദ്യം.

കെൽട്രോണിന്റെ തിരുവനന്തപുരത്തെ ഹെഡ്ഓഫീസാണ് ചോദ്യപേപ്പർ തയാറാക്കിയതെന്നാണ് കൊല്ലം യൂണിറ്റിൽ നിന്നുള്ള പ്രതികരണം. ഏഷ്യൻ ഇന്ത്യൻ ഹിസ്റ്ററിയിലെ വേദിക് കൾച്ചറൽ ടോപിക്കിൽ നിന്നുള്ള ചോദ്യമാണെന്ന് തിരുവനന്തപുരത്തെ പരീക്ഷ സെന്ററിൽ നിന്നുള്ള ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ചോദ്യപേപ്പർ തയാറാക്കിയവർക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.