കോട്ടയം: പിസി ജോർജ് എംഎൽഎയുടെ വിവാദ പരാമർശങ്ങളിൽ പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാൻ പൊലീസ്. കുറുവിലങ്ങാട് മഠത്തിൽ നേരിട്ടെത്തിയാണ് വൈക്കം ഡിവൈഎസ്‌പി കന്യാസ്ത്രീയുടെ മൊഴിയെടുക്കാനെത്തിയത്. എന്നാൽ കന്യാസ്ത്രീയുടെ അസൗകര്യം കാരണം മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. 12 തവണ പീഡിപ്പിച്ചപ്പോൾ പരാതിയും വിഷമവുമില്ലാതിരുന്ന കന്യാസ്ത്രീയ്ക്ക് 13ാമത്തെ തവണ പരാതി വന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലന്നും ഇതിൽ തനിക്ക് സംശയമുണ്ടെന്നുമായിരുന്നു പിസി ജോർജിന്റെ പ്രസ്താവന. ഇൗ പ്രസ്താവനയ്‌ക്കെതിരെ ദേശീയ വനിത കമ്മീഷൻ കേസെടുക്കുകയും ചെയ്തു.

പി.സി. ജോർജ് എംഎ‍ൽഎ. പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കുമെന്ന് തന്നെയാണ് ലഭിക്കുന്ന വിവരം. ഇവർക്ക് പരാതിയുണ്ടെന്ന് അറിയിച്ചാൽ എംഎ‍ൽഎയ്ക്കെതിരെ കേസെടുക്കും. വൈക്കം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ജോർജ് ശനിയാഴ്ച കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് കന്യാസ്ത്രീയെ മോശം പദം ഉപയോഗിച്ച് വിമർശിച്ചത്. പി.സി. ജോർജിനെതിരെ നിയമസഭാ സ്പീക്കർക്കും ദേശീയ വനിതാ കമ്മിഷനും പൊലീസിനും പരാതി നൽകുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. വിവിദ പ്രസ്താവനയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ദേശീയ വനിതാ കമ്മീഷൻ പി.സി ജോർജിനോട് ആവശ്യപ്പെട്ടിരുന്നു.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അപമാനിച്ച പി.സി.ജോർജ് എംഎ‍ൽഎയെ ദേശീയ വനിതാ കമ്മിഷൻ ഡൽഹിയിലേക്ക് വിളിച്ച് വരുത്തും.സെപ്റ്റംബർ 20ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെടുന്ന കത്ത് കമ്മിഷൻ ജോർജിന് നൽകി. നേരിട്ട് എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടിവരുമെന്നും ചെയർപേഴ്‌സൺ രേഖാ ശർമ്മ അയച്ച കത്തിൽ വ്യക്തമാക്കി. കന്യാസ്ത്രീ പി.സി.ജോർജിനെതിരെ ഇതുവരെ പരാതി നൽകിയിട്ടില്ലെങ്കിലും കമ്മിഷൻ സ്വമേധയാ നടപടികളിലേക്ക് നീങ്ങുകയായിരുന്നു.

യാത്രാബത്ത നൽകിയില്ലെങ്കിൽ താൻ വരില്ലെന്ന് അച്ചട്ടായി പറഞ്ഞിരിക്കയാണ് പി സി ജോർജ്ജ്. യാത്രാ ബത്ത നൽകിയാൽ ഡൽഹിയിൽ വരാമെന്നും അല്ലെങ്കിൽ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖാ ശർമ കേരളത്തിൽ വരട്ടെയെന്നുമായിരുന്നു പി.സി. ജോർജിന്റെ പ്രതികരണം. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങൾ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? ജോർജ് പറഞ്ഞു.

അതേസമയം, വനിതാ കമ്മിഷൻ വിളിച്ചുവരുത്തുന്നത് ശിക്ഷാനടപടിയല്ലെന്ന് നിയമവൃത്തങ്ങൾ വിശദീകരിക്കുന്നു. കാര്യം വിശദീകരിക്കാനുള്ള അവസരമാണ് ഇതിലൂടെ നൽകുന്നത്. സിവിൽ കോടതിയുടേതിനു സമാനമായ അധികാരം വനിതാ കമ്മിഷനുമുണ്ട്. ബത്ത അനുവദിക്കുന്ന രീതി കമ്മിഷനില്ല. നിർദ്ദേശിച്ചിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് എത്തിക്കാൻ പൊലീസിനോട് ആവശ്യപ്പെടാം. ജനപ്രതിനിധിയും രാഷ്ട്രീയപാർട്ടി ഭാരവാഹിയുമായതിനാൽ തിരഞ്ഞെടുപ്പു കമ്മിഷനു പരാതിപ്പെടുന്നതടക്കം നടപടികളിലേക്കും കമ്മിഷനു കടക്കാം.