തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിൽ രണ്ട് വർഷം പൂർത്തിയാക്കുന്ന വേളയിൽ കേൾക്കുന്ന വിമർശനങ്ങളുടെ കൂട്ടത്തിൽ ഒന്ന് സ്വജനപക്ഷപാദത്തിന്റെ പേരിലാണ്. ഇഷ്ടക്കാർക്ക് ജോലി നൽകുകയും മറ്റ് ജോലികളിൽ പിൻവാതിലിലൂടെ നിയമിക്കുകയും ചെയ്യുന്ന കാര്യത്തിൽ സർക്കാർ ഏറെ വിമർശനം കേൾക്കുന്നുണ്ട്. ഇപ്പോഴിതാ സമാനമായ വിവാദത്തിൽ സർക്കാറിൽ ഏറ്റവും പ്രതിച്ഛായയും പ്രവർത്തന മികവുമുള്ള മന്ത്രിയും കുടുങ്ങിയിരിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ഭാര്യയെ കേരളാ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ച നടപടിയാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.

കേരള സർവ്വകലാശാലയിൽ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടറായി മന്ത്രി ജി സുധാകരന്റെ ഭാര്യ ഡോ. ജൂബിലി നവപ്രഭയെ നിയമിക്കുകയായിരുന്നു. ഈ നിയമനത്തിനായി ഇതുവരെയുള്ള ചട്ടങ്ങളെല്ലാം അട്ടിമറിച്ചു എന്നാണ് ഉയരുന്ന ആക്ഷേപം. ഓരോ കോഴ്‌സിനും ഒരു ഡയറക്ടർ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടർ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് ഇവർക്ക് നിയമനം നൽകിയത്. ഈ നിയമനം മന്ത്രിയുടെ ഭാര്യയ്ക്ക് വേണ്ടിയാണെന്നാണ് ആക്ഷേപം.

ജൂബിലി നവപ്രഭയെ ഡയറക്ടേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നളജിആൻഡ് ടീച്ചേഴ്‌സ്എജുക്കേഷൻ ഡയറക്ടറായി നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. അടുത്തിടെയാണ് ഇവർ ആലപ്പുഴ എസ്ഡി കോളേജിൽ നിന്നും വൈസ് പ്രിൻസിപ്പൽ തസ്തികയിൽ നിന്നും വിരമിച്ചത്. കുടുബവുമായി വീട്ടിൽ ഒതുങ്ങിക്കൂടുമെന്ന് പറഞ്ഞ ജൂബിലി നവപ്രഭയ്ക്കായി ചട്ടങ്ങൾ ഭേദഗതി വരുത്തി നിയമനം നടത്തിയത് അതിവേഗണമാണെന്നും ആരോപണമുണ്ട്. പ്രതിമാസം 35000 രൂപശമ്പളത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം നൽകിയിരിക്കുനന്ത്. സർവ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നൽകിയത്.

നിലവിൽഓരോ കോഴ്‌സിനും സർവ്വകലാശാലക്ക്കീഴിലെ ഓരോ പ്രൊഫസർമാരായിരുന്നു ഡയറക്ടർ. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോൾ യോഗ്യത സർവ്വീസിലുള്ള പ്രൊഫസറിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ അല്ലെങ്കിൽ വൈസ്പ്രിൻസിപ്പൽ എന്നാക്കി മാറ്റി. ആലപ്പുഴ എസ്ഡി കോളേജിൽ നിന്നും വൈസ് പ്രിൻസിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.

പുതിയ തസ്തികയും യോഗ്യതയുമെല്ലാം മന്ത്രിയുടെ ഭാര്യക്ക് വേണ്ടി മാറ്റിമറിച്ചപോലെ. മെയ് മാസം നാലിന് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവിൽ പറയുന്നു. ഓരോ മുൻപ് സർവകലാശാല പ്രൊഫസർമാരെയാണ് ഡയറക്ടർ തസ്തികയിൽ നിയമിച്ചിരുന്നു. അതേ സമയം അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ജൂബിലിനവപ്രഭയെ നിയമിച്ചതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. എന്നാൽ, എത്രപേർ ജൂബിലി നവപ്രഭയ്‌ക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്തു എന്നകാര്യം വ്യക്തമല്ല.

മാത്രമല്ല, എന്തുകൊണ്ടാണ് ഡയറക്ടർ തസ്തികയുടെ യോഗ്യത വിരമിച്ചവർക്ക് മാത്രം പരിമിതപ്പെടുത്തിയത് എന്ന ചോദ്യത്തിനും സർവ്വകലാശാല വ്യക്തമായ മറുപടി നൽകുന്നില്ല. പിഎച്ച്ഡി ഉൾപ്പെടെ ഏഴു മാസ്റ്റർ ഡിഗ്രികളാണു ജൂബിലി നവപ്രഭയ്ക്കുള്ളത്. കോളജിലെ നാഷനൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ, വനിത സെൽ കോഓർഡിനേറ്റർ, ഹോസ്റ്റൽ വാർഡൻ തുടങ്ങിയ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വൈസ് പ്രിൻസിപ്പൽ തസ്തികയിൽ ഒരു വർഷം മാത്രമാണ് ഇവർ സേവനം അനുഷ്ടിച്ചതും.

എന്തായാലും മന്ത്രിഭാര്യയുടെ നിയമനം രണ്ടാം വാർഷികം ആഘോഷിക്കുന്ന പിണറായി സർക്കാറിന്റെ ശോഭകെടുത്തുന്ന വിവാദമായി മാറിയിട്ടുണ്ട്. സർക്കാർ ഒപ്പമുള്ളത് മന്ത്രിപത്‌നിമാർക്കൊപ്പമാണോ എന്നതാണ് ഉയരുന്ന ചോദ്യം. മന്ത്രിപത്‌നിയുടെ നിയമനത്തിന്റെ പേരിൽ മുമ്പും സർക്കാർ വിവാദത്തിലായിട്ടുണ്ട്. മന്ത്രി എ.കെ. ബാലന്റെ ഭാര്യയും മുൻ ആരോഗ്യവകുപ്പ് ഡയറക്ടറുമായ ഡോ. പി.കെ. ജമീലയ്ക്ക് ആരോഗ്യ വകുപ്പിന്റെ ആർദ്രം മിഷനിൽ നിയമനം നൽകുകയുണ്ടായി. മിഷന്റെ മാനേജ്മെന്റ് കൺസൾട്ടന്റായാണ് ജമീലയെ നിയമിച്ചത്. അന്ന് ഈ നടപടിയും ഏറെ വിവാദങ്ങൾക്ക് ഇടയാക്കി.

ആർദ്രം മിഷൻ കൺസൾട്ടന്റ് സ്ഥാനത്തേക്ക് ജമീല ഉൾപ്പെടെ മൂന്ന് പേർ അപേക്ഷിച്ചിരുന്നെങ്കിലും ജമീല മാത്രമേ അഭിമുഖത്തിൽ പങ്കെടുത്തിരുന്നുള്ളൂ. ഒരാൾ ഇന്റർവ്യൂ ഹാളിൽ റിപ്പോർട്ട് ചെയ്തെങ്കിലും അഭിമുഖത്തിൽ പങ്കെടുത്തില്ല. മന്ത്രിയുടെ ഭാര്യയുണ്ടെന്നറിഞ്ഞ് പിന്മാറുകയായിരുന്നു എന്നായിരുന്നു അന്ന് പുറത്തുവന്ന വന്ന വാർത്ത. ഇത് സംബന്ധിച്ച് വിവാദം ഉടലെടുത്തപ്പോൾ ആർദ്രം മിഷൻ കൺസൾട്ടന്റിന്റേത് ബന്ധുനിയമനം അല്ലെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരിച്ചത്.