- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളായറിൽ ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവം; തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം; വിവരങ്ങൾ ശേഖരിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് ആർ.പി.എഫ്
പാലക്കാട്: വാളയാറിൽ ട്രെയിനിടിച്ചു കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്നാട് വനം വകുപ്പും റെയിൽവേ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ലോക്കോ പൈലറ്റുമാരെ തമിഴ്നാട് വനം വകുപ്പ് തടഞ്ഞു വച്ചു.
പിന്നാലെ വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു ആർ.പി.എഫും തടഞ്ഞു വച്ചു. ട്രെയിനിന്റെ ചിപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൈക്കലാക്കി എന്നാരോപിച്ചാണ് ഇവരെ തടഞ്ഞു വച്ചിരിക്കുന്നത്.
നിയമപ്രകാരമല്ല തമിഴ് നാട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികളെന്ന് റെയിൽവേ പറയുന്നു. ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു. ലോക്കോ പൈലറ്റിനെയും സഹ പൈലറ്റിനെയും ചോദ്യം ചെയ്തു വിട്ടയച്ചു. അതിനു ശേഷമാണ് വാളയാറിലുണ്ടായ ട്രെയിനിന്റെ എൻജിനിയറിൽനിന്ന് തമിഴ്നാട് ഉദ്യോഗസ്ഥർ ചിപ്പ് കൈക്കലാക്കിയത്.
കോയമ്പത്തൂരിനടുത്തുള്ള നവക്കരയിൽ വച്ചാണ് മൂന്ന് കാട്ടാനകളെ ട്രെയിൻ ഇടിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്.
കാട്ടാനകൾ പാളം മുറിച്ചുകടക്കുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. അപകടത്തേത്തുടർന്ന് പാലക്കാട്-കോയമ്പത്തൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. പാലക്കാട്-കോയമ്പത്തൂർ റൂട്ടിൽ വാളയാറിനും തമിഴ്നാടിനും സമീപം മുമ്പും നിരവധി തവണ ട്രെയിനിടിച്ച് കാട്ടാനകൾ ചരിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.
കഞ്ചിക്കോട് റെയിൽപ്പാളത്തിലും വാളയാറിൽ കാട്ടിലകപ്പെട്ട പൊലീസുകാരെ തിരയുന്ന സംഘത്തിന് മുന്നിലും നേരത്തെ കാട്ടാനയെത്തിയിരുന്നു. കഞ്ചിക്കോട് ഇറങ്ങിയത് ഒറ്റയാനാണ്. ഇത് മേഖലയിൽ പരിഭ്രാന്തി പരത്താൻ കാരണമായിരുന്നു. ഒക്ടോബർ മാസം 9നായിരുന്നു സംഭവം.
രാവിലെ പത്ത് മണിയോടെയാണ് പയറ്റുകാട് ഭാഗത്ത് ആന ട്രാക്കിലിറങ്ങിയത്. പാലക്കാട് ടസ്കർ 5 എന്ന് പേരിട്ടിരിക്കുന്ന കൊമ്പൻ മേഖലയിൽ സ്ഥിരം സാന്നിധ്യമാണ്. ആന ട്രാക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പാലക്കാട് ഭാഗത്തേക്ക് വന്നിരുന്ന ചരക്ക് തീവണ്ടി കുറച്ച് സമയം ട്രാക്കിൽ നിർത്തിയിട്ടു. പിന്നീട് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് കയറ്റി വിടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ