കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്ര ബാക്കി നിൽക്കേ കണ്ണൂരിൽ പുതിയ വിവാദത്തിന് ആരംഭം കുറിച്ചു. ആർക്കു വോട്ടു ചെയ്താലും അതു തിരിച്ചറിയാൻ കഴിയുമെന്ന് എൽഡിഎഫ്. വ്യാപകമായി വോട്ടർമാർക്കിടയിൽ പ്രചരിപ്പിക്കുന്നതായി യുഡിഎഫ് ആരോപിക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ 'ബീപ് 'ശബ്ദവും യു.ഡി.എഫിനാണെങ്കിൽ 'കീ... ' ശബ്ദവും വോട്ടിങ് യന്ത്രത്തിൽ നിന്നും ഉയരുമെന്നാണ് പ്രചാരണം. അതിനാൽ ആരെങ്കിലും വോട്ടുമാറി ചെയ്താൽ തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് എൽ.ഡി.എഫ്. പ്രവർത്തകർ പ്രചരിപ്പിക്കുന്നതായാണ് യു.ഡി.എഫുകാർ ആരോപിക്കുന്നത്. തളിപ്പറമ്പ്, പരിയാരം മേഖലകളിലാണ് ഇത്തരം പ്രചാരണം നടത്തുന്നതായി യു.ഡി.എഫുകാർ ആരോപണമുന്നയിക്കുന്നത്.

ബീപ്, കീ...ശബ്ദ പ്രചാരണം നിഷ്പക്ഷമതികളെയാണ് അങ്കലാപ്പിലാക്കിയിരിക്കുന്നത്. തങ്ങൾ ആർക്കു വോട്ട് ചെയ്യുന്നുവെന്ന് മറ്റാരെങ്കിലും അറിയരുതെന്ന വിശ്വാസത്തിലായിരുന്നു ഇവർ. പാർട്ടികളോ മുന്നണികളോ അല്ലാതെ വ്യക്തികളെ വിലയിരുത്തി വോട്ട് ചെയ്യുന്ന ഒരു വിഭാഗമാണ് ഈ പ്രചാരണത്തോടെ അങ്കലാപ്പായിരിക്കുന്നത്.

എന്നാൽ പരിയാരം മേഖലയിൽ പരാജയ ഭീതിയിലായ യു.ഡി.എഫ്. വോട്ടിങ് യന്ത്രത്തിലെ ശബ്ദവുമായി ബന്ധപ്പെടുത്തി കള്ളപ്രചാരണം നടത്തുകയാണെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. വോട്ടിങ് യന്ത്രത്തിന്റെ മറവിൽ സിപിഐ.(എം). പ്രവർത്തകർക്കെതിരെ യു.ഡി.എഫ് വ്യാജപ്രചരണം നടത്തുകയാണ്. ഇലക്ട്രോണിക്ക് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ ആർക്കാണ് വോട്ട് ചെയ്യുന്നതെന്ന് കണ്ടുപിടിക്കാൻ സാധിക്കുമെങ്കിൽ അതിന് തിരഞ്ഞെടുപ്പു കമ്മീഷനോടാണ് പരാതി പറയേണ്ടത്. സാധാരണക്കാരായ വോട്ടർമാരുടെ സാമാന്യബുദ്ധിയെയാണ് ഇത് ചോദ്യം ചെയ്യുന്നത്. വോട്ട് തേടി വീടുകളിലെത്തിയപ്പോൾ യു.ഡി.എഫിനെ ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതോടെ എൽ.ഡി.എഫിനെതിരെ അവർ കള്ളപ്രചരണം നടത്തുകയാണെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു.

വോട്ടിങ് യന്ത്രത്തിൽ എൽ.ഡി.എഫിന്റെ ചിഹ്നത്തിൽ വോട്ട് ചെയ്യുമ്പോഴുള്ള ശബ്ദമല്ല യു.ഡി.എഫിന്റെ ചിഹ്നത്തിൽ അമർത്തുമ്പോഴുണ്ടാകുന്നതെന്നും ബൂത്തിലിരിക്കുന്ന എൽ.ഡി.എഫ്. ഏജന്റുമാർക്ക് ഇത് തിരിച്ചറിയാൻ സാധിക്കുമെന്നുമാണ് എൽ.ഡി.എഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്നതെന്ന് യു.ഡി.എഫ്. പറയുന്നു. കുടുംബയോഗങ്ങളിൽ എൽ.ഡി.എഫ് നേതാക്കൾ ഇക്കാര്യം പ്രസംഗിക്കുന്നുണ്ടെന്നാണ് യു.ഡി.എഫുകാരുടെ ആരോപണം. ഗൃഹസന്ദർശനം നടത്തുമ്പോൾ എൽ.ഡി.എഫിന്റെ പ്രാദേശിക നേതാക്കൾ പല വീടുകളിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു.

2010 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 98.5 ശതമാനം പോളിങ് രേഖപ്പെടുത്തിയ ബൂത്തുകൾ ഈ മേഖലയിലുണ്ടെന്ന് യു.ഡി.എഫ്. പറയുന്നു. അതിൽ നാട്ടിലില്ലാത്തവരുടേയും മരിച്ചവരുടേയും വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം കള്ളവോട്ടുകൾ ചെയ്യാതിരിക്കാൻ യു.ഡി.എഫ്. ഇത്തവണ വിശദമായ ലിസ്റ്റ് ശേഖരിച്ചു വച്ചിട്ടുണ്ട്. നാട്ടിലില്ലാത്തവരുടേയും മരിച്ചവരുടേയും ലിസ്റ്റ് ജില്ലാ കലക്ടർക്കും സമർപ്പിച്ചിട്ടുണ്ട്. ഇത്തരം വോട്ടുകൾ രേഖപ്പെടുത്തപ്പെട്ടാൽ പ്രിസൈഡിങ് ഓഫീസർമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും യു.ഡി.എഫ്. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ ബീപ് , കീ... വിവാദമാണ് തളിപ്പറമ്പ് മേഖലയിലെ പുതിയ ചർച്ചാവിഷയം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിച്ചിരിക്കേ തെരഞ്ഞെടുപ്പ് യന്ത്രത്തിലെ ശബ്ദവിവാദം കണ്ണൂരിൽ കൊഴുക്കുകയാണ്.