- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോ നിർമ്മാണത്തിൽ പിശകുപറ്റിയെന്ന് ഇ ശ്രീധരൻ; വീഴ്‌ച്ച ഡിഎംആർസി പരിശോധിക്കും; എങ്ങനെയാണ് പിശക് പറ്റിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നും മെട്രോമാൻ; പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്ച
തൃശൂർ: കൊച്ചി മെട്രോ നിർമ്മാണത്തിൽ പിശകുപറ്റിയതായി മെട്രോമാൻ ഇ ശ്രീധരൻ. നിർമ്മാണത്തിൽ പിശക് പറ്റിയിട്ടുണ്ടെന്നും വീഴ്‌ച്ച ഡി.എം.ആർ.സി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എങ്ങനെയാണ് പിശക് പറ്റിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ലെന്നാണ് മെട്രോമാൻ പറയുന്നത്. കൊച്ചി മെട്രോയുടെ പാളത്തിലെ ചരിവിന് കാരണം പൈലിങ്ങിലെ വീഴ്ചയെന്നാണ് വിലയിരുത്തൽ. ചരിഞ്ഞ തൂണിന്റെ പൈലിങ് ഭൂമിക്കടിയിലെ പാറയിൽ തൊട്ടിട്ടില്ലെന്നാണ് കണ്ടെത്തൽ. പത്തടിപ്പാലത്തെ പില്ലർ നമ്പർ 347 നാണ് ചെരിവ് കണ്ടെത്തിയത്. ജിയോ ടെക്‌നിക്കൽ പഠനത്തിലാണ് വീഴ്ച ശ്രദ്ധയിൽപ്പെട്ടത്.
തൂൺ നിൽക്കുന്ന സ്ഥലത്ത് 10 മീറ്റർ താഴെയാണ് പാറ. ഇവിടേക്ക് പൈലിങ് എത്തിയിട്ടില്ല. പാറക്ക് ഒരു മീറ്റർ മുകളിലാണ് പൈലിങ്. മണ്ണിനടിൽ പാറ കണ്ടെത്തുന്നത് വരെ പൈലടിച്ചാണ് മെട്രോ തൂണുകൾ നിർമ്മിക്കേണ്ടത്. പൈലിങ് പാറയിൽ എത്തിയാൽ പാറ തുരന്ന് പൈലിങ് പാറയിൽ ഉറപ്പിക്കണം. പത്തടിപ്പാലത്ത് ഈ മാർഗനിർദേശങ്ങളൊന്നും പാലിക്കാത്തതാണ് ചരിവിന് കാരണമെന്നാണ് നിഗമനം.
ഒരുമാസം മുമ്പാണ് പാലത്തിന് ചരിവുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഡിഎംആർസിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ പരിശോധന നടത്തിയിരുന്നു. പിന്നീട് ചരിവിനുള്ള കാരണം കണ്ടെത്താനായി അൾട്രാ സോണിത് ടെസ്റ്റും സോയിൽ ബോർ ടെസ്റ്റും നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിരുന്നു. പരിശോധന ഫലം കാത്തുനിൽക്കാതെ അടിയന്തരമായ മറ്റൊരു പൈലിങ് നടത്തി പാലത്തെ ബപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.
കെഎംആർഎല്ലിന്റെയും ഈ ഭാഗത്തെ മെട്രോ പാത നിർമ്മിച്ച കരാറുകാരായ എൽ ആൻഡ് ടിയുടെയും സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. രണ്ടാഴ്ച മുമ്പ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ചരിവ് കണ്ടെത്തിയത്. പത്തടിപ്പാലത്തെ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്ച ആദ്യം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. തൂണിന് അധിക പൈലുകൾ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡിഎംആർസി, എൽആൻഡ്ടി, എയ്ജിസ്, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ ആരംഭിക്കുന്നത്.
മഴക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ ജോലികൾ പൂർത്തിയാക്കും. നിലവിലുള്ള മെട്രോ റെയിൽ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിർമ്മാണ ജോലികൾ നടക്കുക. നിലവിൽ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നതിനാൽ കൊച്ചി മെട്രോ ട്രെയിൻ സമയത്തിലും സർവീസിലും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ