- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിമാൻഡ് പ്രതി അമീർ അലി രക്ഷപ്പെട്ട സംഭവം; കണ്ണൂരിലെ മൂന്നുപൊലീസുകാർക്ക് സസ്പെൻഷൻ; പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കാസർകോട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ റിമാൻഡ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ മൂന്ന് പൊലിസുകാർക്ക് സസ്പെൻഷൻ. കണ്ണൂർ ആർ. എ എസ്. ഐ സജീവൻ,സി.പി.ഒമാരായ ജസീർ, അരുൺ എന്നിവരെയാണ് കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജി രാഹുൽ ആർ. നായർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
പ്രതിയെ പൊലിസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയത് സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്നാണ് വകുപ്പ് തല അന്വേഷണത്തിൽ തെളിഞ്ഞത്. ഇത്രയും ദൂരത്തേക്ക് കോടതിയിൽ ഹാജരാക്കുന്നതിനായി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതിയെ കൈവിലങ്ങ്വയ്ക്കാതെ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ഇന്നലെ രാവിലെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആലംപാടി സ്വദേശി അമീർ അലിയെ(23)കാസർകോട് കോടതിയിൽ ഹാജരാക്കുന്നതിന് എ. ആർ ക്യാംപിലെ മൂന്ന് പൊലിസുകാരുടെ സുരക്ഷയോടെ കൊണ്ടുപോയത്.
എന്നാൽ കാസർകോട് ബി.സി റോഡ് ജങ്ഷനിൽവെച്ചു പൊലിസുകാരെ തള്ളിമാറ്റി അമീർ അലി ഓടിരക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ മെയ് 12ന് നമ്പർ പ്ളേറ്റില്ലാത്ത കാറിൽ എട്ടു ഗ്രാം എം.ഡി. എം. എ കടത്തുന്നതിനിടെയാണ് അമീറലി പൊലിസ് പിടിയിലായത്. ഈ വാഹനത്തിൽ നിന്നും രണ്ടു കൈത്തോക്കുകയും ബദിയഡുക്ക പൊലിസ് കണ്ടെടുത്തിരുന്നു. ഈകേസിൽ റിമാൻഡിൽ കഴിയുന്ന അമീറലിയെ ഇന്ന് രാവിലെയാണ് കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് ഹാജരാക്കുന്നതിനായി കൊണ്ടു പോയത്.


