- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഴയതു പോലെ കരുതൽ തുക വച്ചാൽ ഓഡിറ്റിൽ സംഘങ്ങൾ ഭീമമായ നഷ്ടത്തിലാണെന്ന വിലയിരുത്തൽ ഉയരും; കരുവന്നൂർ ഭീതിയിൽ നിക്ഷേപകർ പണം കൂട്ടത്തോടെ പിൻവലിച്ചാൽ എല്ലാ ബാങ്കും പൂട്ടും; കരുതൽ വ്യവസ്ഥയിലെ ഇളവ് സഹകരണത്തിലെ വിശ്വാസ്യത പിടിച്ചു നിർത്താൻ; സുതാര്യതയ്ക്ക് ആധാറും എത്തും
തിരുവനന്തപുരം: സഹകരണ മേഖലയുടെ വിശ്വാസ്യത തിരിച്ചു പിടിക്കാൻ പുതു നീക്കവുമായി സർക്കാർ. സഹകരണ സംഘങ്ങളും ബാങ്കുകളും ലാഭത്തിലാണെന്നു കാണിക്കാൻ വ്യവസ്ഥകളിൽ സർക്കാർ ഇളവ് അനുവദിച്ചു. കുടിശികയായ വായ്പകളുടെ നിശ്ചിത ശതമാനം ലാഭത്തിൽനിന്നു കരുതലായി സൂക്ഷിക്കണമെന്നും കുടിശിക പലിശയ്ക്കു കരുതൽ വേണമെന്നുമുള്ള വ്യവസ്ഥകളിൽ ഇളവ് നൽകിയാണ് നീക്കം. സഹകരണ സംഘങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കാനാണ് ഇത്.
സഹകരണ സംഘം രജിസ്റ്റ്രാർ ഇതുസംബന്ധിച്ച സർക്കുലർ ഈ മാസം 12നു പുറത്തിറക്കി. ആൾജാമ്യത്തിൽ നൽകിയ 1 മുതൽ 3 വർഷം വരെ കുടിശികയായ വായ്പകൾക്കുള്ള 10% കരുതൽ 7.5% ആയി കുറച്ചു. വസ്തുജാമ്യത്തിൽ നൽകിയിട്ടുള്ള 3-6 വർഷം കുടിശികയായ വായ്പകളുടെ 50% കരുതൽ 30% ആക്കി. ആൾജാമ്യത്തിൽ നൽകിയിട്ടുള്ള 3-6 വർഷം വരെ കുടിശികയായ വായ്പകൾക്ക് ഉള്ള കരുതൽ 100% എന്നത് 80% ആയി കുറച്ചു. കുടിശിക പലിശയ്ക്ക് 100% കരുതൽ വേണമെന്നതിൽ 2021-22 വർഷത്തെ അവസാനത്തെ 3 മാസത്തെ കുടിശിക പലിശ ഒഴിവാക്കി. ഇതെല്ലാം സഹകരണ സ്ഥാപനങ്ങളുടെ കണക്കുകളെ സ്വാധീനിക്കും.
പഴയതു പോലെ കരുതൽ തുക വച്ചാൽ ഓഡിറ്റിൽ സംഘങ്ങൾ ഭീമമായ നഷ്ടത്തിലാണെന്ന വിലയിരുത്തൽ ഉണ്ടാകും. ഇത് നിക്ഷേപങ്ങൾ പിൻവലിക്കാൻ കാരണമാകും. അങ്ങനെ വന്നാൽ കൂടുതൽ ബാങ്കുകൾ പ്രതിസന്ധിയിലാകും. കരുവന്നൂരിലെ നാണക്കേട് സഹകരണ പ്രസ്ഥാനങ്ങളുടെ ആകെ വിശ്വാസ്യത തകർത്തു. അതുകൊണ്ട് നിക്ഷേപങ്ങൾ പലരും പിൻവലിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സർക്കുലറിലൂടെ സഹകരണ സംഘങ്ങളുടെ ലാഭം കൂട്ടാനുള്ള ശ്രമം. പുതിയ സർക്കുലറിന് പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ തീരുമാനവുമുണ്ട്. സഹകാരികൾ ഇളവുകൾ ആവശ്യപ്പെട്ട സാഹചര്യത്തിലുമാണു നടപടി.
കരുതലിൽ ഇളവ് അനുവദിക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുനർനിശ്ചയിച്ച് 2007 ഏപ്രിലിൽ സർക്കാർ ഇറക്കിയ സർക്കുലറിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 2 വർഷം ഇളവുകൾ അനുവദിച്ചിരുന്നു. കോവിഡ് വ്യാപനമാണ് ഇളവുകൾ തുടരാൻ കാരണമായി പറയുന്നത്. എന്നാൽ അതിനപ്പുറത്തേക്കുള്ള രാഷ്ട്രീയ കാരണങ്ങൾ ഇതിലുണ്ട്. അതിനിടെ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ സഹകരണ വകുപ്പ് നീക്കം തുടങ്ങി.
അനധികൃത പണമിടപാടുകളും തട്ടിപ്പുകളും തടയാനും ഒരാൾ ഒന്നിലേറെ പേരുകളിൽ അംഗത്വം നേടുന്നത് ഒഴിവാക്കാനും വേണ്ടിയാണു നടപടി. സഹകരണം ഉൾപ്പെടെ വകുപ്പുകളിലെ ഓഡിറ്റ് ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. സൊസൈറ്റിയിലെ ഒരു അംഗത്തിനു പരമാവധി നൽകാവുന്ന വായ്പ എത്രയാണെന്നു നിരീക്ഷിക്കുന്ന തരത്തിലുള്ള ഓഡിറ്റ് സോഫ്റ്റ്‌വെയർ തയാറാക്കി ഇതു വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർക്കു പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്താനും നടപടികൾ ആരംഭിക്കും.
സഹകരണ സംഘങ്ങളിൽ തിരിച്ചറിയൽ രേഖയായി നിലവിൽ ആധാർ നിർബന്ധമല്ല. പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾ കേരള ബാങ്കിന്റെ ഭാഗമാക്കാൻ തീരുമാനിച്ചതോടെ റിസർവ് ബാങ്ക് അനുശാസിക്കുന്ന തിരിച്ചറിയൽ രേഖകൾ സഹകരണ വകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. സഹകരണ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനാണു സഹകരണ സംഘങ്ങളിൽ കൂടി ആധാർ അധിഷ്ഠിത തിരിച്ചറിയൽ രേഖകൾ നടപ്പാക്കാനുള്ള നടപടി.
മറുനാടന് മലയാളി ബ്യൂറോ