ഭോപ്പാൽ: സ്‌ക്കൂൾ വളപ്പിൽ ബോംബു കണ്ടെത്തിയാൽ പൊലീസുകാർ എന്താണു ചെയ്യേണ്ടത് ? കണ്ടെത്തിയ ബോംബ് നിർവീര്യമാക്കാൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ തേടണമോ അതോ അത് എടുത്തുകൊണ്ട് ഓടി ഒഴിഞ്ഞ സ്ഥലത്ത് എത്തിക്കണമോ? ചെയ്യേണ്ടതെന്തായാലും സാഗർ ജി്ല്ലയിലെ പൊലീസ് കോൺസ്റ്റബിൾ അഭിഷേക് പട്ടേലിന് തോന്നിയത് ബോംബ് എടുത്തുകൊണ്ട് ഓടാനാണ്. പത്തു കിലോയോളം ഭാരമുള്ള ബോംബുമായി സുരക്ഷിത സ്ഥലം തേടി അദ്ദേഹം ഓടിയത് ഒരു കിലോമീറ്ററോളം ദൂരം. ഭാഗ്യം അപകടമൊന്നും ഉണ്ടായില്ല.

അഭിഷേക് പട്ടേലാണ് ഇപ്പോൾ സാഗറിലെ സംസാരവിഷയം

മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ചിത്തോറ ഗ്രാമത്തിൽ വെള്ളിയാഴ്‌ച്ചയാണ് സംഭവം. ഗ്രാമത്തിലെ സ്‌കൂളിൽ ബോംബ് ഉണ്ടെന്ന അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം ഇവിടെ എത്തുന്നത്. വിവരം അറിഞ്ഞ ഉടൻ തന്നെ നാനൂറിലേറെ കുട്ടികൾ പഠിക്കുന്ന സ്‌കൂൡ് അവധി പ്രഖ്യാപിച്ച് കുട്ടികളെ ഒഴിപ്പിക്കാൻ വേണ്ട നിർദ്ദേശം അധികൃതർക്ക് പൊലീസ് നൽകി. വിവരം അറിഞ്ഞതോടെ മാധ്യമങ്ങളും സ്‌ക്കൂളിലെത്തി.

സംഭവസ്ഥലത്ത് എത്തിയതോടെ ഹെഡ്കോൺസ്റ്റബിൾ അഭിഷേക് പട്ടേലും മറ്റ് പൊലീസുകാരും തിരച്ചിൽ തുടങ്ങി. വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പിന്നെ കാണുന്നത് ഒരു പൊലീസുകാരൻ എന്തോ തോളിലേറ്റിക്കൊണ്ട് ഒറ്റയ്ക്ക് ഓടുന്നതാണ്. ബാഹുബലി സ്‌റ്റൈലിലുള്ള ഓട്ടം കണ്ട് എല്ലാവരും അന്തംവിട്ടു. ഒട്ടേറെ മാധ്യമപ്രവർത്തകർ ക്യാമറയുമായി ഉണ്ടാിയിരുന്നെങ്കിലും ഒരാൾക്ക് മാത്രമാണ് ഈ ഓട്ടം ചിത്രീകരിക്കാൻ കഴിഞ്ഞത്. അതു പത്തു സെക്കന്റോളം മാത്രം . തനിയെ ഓട്ടം തുടർന്ന അയാൾ അകലെയുള്ള ഒഴിഞ്ഞ സ്ഥലമാണ് ലക്ഷ്യമാക്കിയത്. കുറ്റിക്കാട്ടിനിടയിലൂടെ ഓട്ടം തുടർന്നപ്പോഴാണ് അഭിഷേക് പട്ടേലിന് ബോംബ് കിട്ടിയ വിവരം മറ്റു പൊലീസുകാർക്കും മനസ്സിലാവുന്നത്.

പത്തു കിലോയോളം ഭാരമുള്ള ബോംബ് പൊട്ടുകയാണെങ്കിൽ അര കിലോമീറ്ററോളം അതിന്റെ ആഘാതമുണ്ടാകും. ഈ തിരിച്ചറിവാണ് ബോംബും തോളിലേന്തി ഓടാൻ കാരണം. തിരിച്ചെത്തിയ അഭിഷേക് പറഞ്ഞു. സ്‌ക്കൂളിലും പരിസരത്തുമുള്ളവർക്ക് യാതൊരു പരിക്കുമേൽക്കാത്ത ദൂരെ ഒരിടത്തേക്ക് ബോംബ് മാറ്റണമെന്നത് മാത്രമായിരുന്നു എന്റെ ഉള്ളിൽ', അഭിഷേക് പട്ടേൽ തുറന്നു പറയുന്നു.മാരക സ്‌ഫോടകവസ്തു നിറച്ച ബോംബുമായി സ്വന്തം ജീവൻ മറന്ന് ഓടിയ അഭിഷേകാണ് ഇപ്പോൾ നാട്ടുകാരുടെ ഹീറോ.

പൊലീസിലേയ്ക്ക് വിവരം കൈമാറിയ ആളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. സ്വയം മറന്നുള്ള ഈ കർത്തവ്യ ബോധത്തിന് ധീരതയ്ക്കുള്ള അവാർഡ് അദ്ദേഹത്തിന് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഐ ജി അനിൽ സക്സേന അറിയിച്ചു. ബോംബ് ഭീഷണി നേരിടാനുള്ള പ്രത്യേക പരിശീലനം കിട്ടിയ ആളാണ് അഭിഷേക് എന്നും ഐജി വെളിപ്പെടുത്തി.

മാധ്യമങ്ങൾ സംഭവം റിപ്പോർട്ടു ചെയ്തതോടെ ദേശീയശ്രദ്ധയിലുമെത്തി. സോഷ്യൽ മീഡിയയിൽ പക്ഷേ സമ്മിശ്ര പ്രതികരണമാണ്. അഭിഷേകിനെ ബാഹുബലിയായി ചിലർ അഭനന്ദിക്കുമ്പോൾ മറ്റു ചിലർ ട്രോളുമായാണ് എത്തിയത്. വെള്ളരിക്കാ പട്ടണത്തിലെ ബനാനാ പൊലീസെന്നാണ് വിമർശനം. എന്തായാലും അഭിഷേകിന്റെ ഓട്ടം മാസാണ്, കാണേണ്ടതു തന്നെ

അഭിഷേകിന്റെ മാസ് ഓട്ടം കാണാം