- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസി..മെസി...മെസി...; വീണ്ടും മാജിക്ക്; ക്വാർട്ടറിൽ ഇക്വഡോറിനെ മറികടന്നത് എതിരില്ലാത്ത മൂന്ന് ഗോളിന്; ആദ്യ രണ്ടു ഗോളുകൾ പിറന്നത് മെസിയുടെ പാസിൽ നിന്ന്; അവസാന ഗോൾ നേടിയതും ക്യാപ്ടൻ; കോപ്പയിൽ അർജന്റീന മുമ്പോട്ട്; ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനലിന് സാധ്യത
ഗോയിയാനിയ: ഇക്വഡോറിനെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറി അർജന്റീന. കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും ജയം. ബുധനാഴ്ച നടക്കുന്ന സെമിയിൽ കൊളംബിയയാണ് അർജന്റീനയുടെ എതിരാളികൾ.
റോഡ്രിഗോ ഡി പോൾ, ലൗറ്റാരോ മാർട്ടിനെസ്, ലയണൽ മെസ്സി എന്നിവരാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്. അർജന്റീനയുടെ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയതും മെസ്സിയായിരുന്നു. അങ്ങനെ മെസി മാജിക്കിൽ ജയം. ഈ ടൂർണ്ണമെന്റിൽ മെസിയുടെ നാലാം ഗോളാണ്. മെസിയുടെ കരിയറിലെ ഏറ്റവും മികച്ച കോപ്പാ അമേരിക്ക കപ്പായി മാറുകയാണ് ഈ ടൂർണ്ണമെന്റ്. ബ്രസീൽ-അർജന്റീന സ്വപ്ന ഫൈനലിനും ഇതോടെ അവസരം ഒരുങ്ങി.
ഇക്വഡോറിനെതിരായ മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ആക്രമണം അഴിച്ചുവിട്ട അർജന്റീന 40-ാം മിനിറ്റിലാണ് മുന്നിലെത്തിയത്. മെസ്സിയുടെ പാസിൽ നിന്ന് റോഡ്രിഗോ ഡി പോളാണ് അർജന്റീനയ്ക്കായി സ്കോർ ചെയ്തത്. 23-ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് ആരാധകരെ നിരാശരാക്കിയിരുന്നു. അതിന് ശേഷവും ഓടിക്കളിച്ച മെസിയുടെ അധ്വാന ഫലമായിരുന്നു ഡി പോളിന്റെ ഗോൾ.
രണ്ടാം പകുതിയിലും ഇരു ടീമും മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞു. 84-ാം മിനിറ്റിൽ അർജന്റീന ലീഡുയർത്തി. ഇക്വഡോറിന്റെ പ്രതിരോധ പിഴവിൽ നിന്നായിരുന്നു ഗോൾ. ഈ അവസരം മുതലെടുത്ത് മെസ്സി നൽകിയ പാസ് മാർട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇൻജുറി ടൈമിൽ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് മെസ്സി അർജന്റീനയുടെ ഗോൾപട്ടിക തികയ്ക്കുകയും ചെയ്തു.
ഏയ്ഞ്ചൽ ഡി മരിയക്കെതിരായ പിയെറോ ഹിൻകാപിയയുടെ ഫൗളിനെ തുടർന്നായിരുന്നു ഫ്രീകിക്ക്. വാർ പരിശോധിച്ച റഫറി ഈ ഫൗളിന് ഹിൻകാപിയക്ക് ചുവപ്പു കാർഡ് നൽകുകയും ചെയ്തു. ഈ ടൂർണ്ണമെന്റിൽ മെസി നേടുന്ന രണ്ടാം ഫ്രീ കിക്ക് ഗോളാണ് ഇത്. ഇത്തവണ മെസിക്ക് മാത്രമേ ഫ്രി കിക്കിനെ ഗോളാക്കാൻ കഴിഞ്ഞിട്ടുമുള്ളൂ.
ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബ്രസീൽ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിൽ എത്തിയത്. 49-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസ് ചുവപ്പു കാർഡ് കണ്ട് പുറത്തുപോയിട്ടും ചിലി ഉയർത്തിയ വെല്ലുവിളി മറികടക്കാൻ ബ്രസീലിനായി. സെമിയിൽ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ.
ന്യൂസ് ഡെസ്ക്