- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോപ്പയും കൊത്തി പറക്കാമെന്ന മെസ്സിയുടെ മോഹം സഫലമാകുമോ? കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെതിരെ ആദ്യ ഗോൾ നേടി അർജന്റീന മുന്നിൽ; 21ാം മിനിറ്റിൽ ഗോൾ നേടിയത് ഏഞ്ചൽ ഡി മരിയ; ആവേശപ്പോരാട്ടം മാരക്കാനയിൽ അവസാന ഘട്ടത്തിലേക്ക്
മാരക്കാന: കോപ്പയും കൊത്തി അർജന്റീനയിലേക്ക് പറക്കാമെന്ന ലയണൽ മെസിയുടെ മോഹം ഇക്കുറിയെങ്കിലും സഫലമാകുമോ? കരുത്തരായ ബ്രസീലിന് എതിരായ കോപ്പ അമേരിക്ക ഫൈനലിൽ ആദ്യ ഗോൾ നേടി അർജന്റീന മുന്നിലെത്തി. 21ാം മിനിറ്റിൽ ഏഞ്ചൽ ഡി മരിയയാണ് ഗോൾ നേടിയത്. അനായാസ ഗോളാണ് മരിയ നേടിയത്. മത്സരം മാരക്കാനയിലെ സ്റ്റേഡിയത്തിൽ പുരോഗമിക്കയാണ്. ആവേശ പോരാട്ടത്തിൽ ആരും ജയിക്കും എന്ന ആകാംക്ഷയാണ് എങ്ങും നിറയുന്നത്.
മത്സരത്തിന്റെ ആദ്യപകുതി അവസാനിച്ചു കഴിഞ്ഞു. ഒരു ഗോളിന് മുന്നിൽ നിൽക്കുന്ന അർജന്റീന ഇനിയും ലീഡ് എടുക്കാൻ ശ്രമിക്കുമോ അതോ പ്രതിരോധത്തിൽ ഊന്നി കളിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5.30-നാണ് കിരീടപോരാട്ടം തുടങ്ങിയത്. പതിയെ തുടങ്ങിയ മത്സരം ക്രമേണ ചൂടു പിടിക്കുകയാണ്. സ്വന്തം മണ്ണിൽ ഒരിക്കൽകൂടി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്. 2019-ൽ സ്വന്തം ഗ്രൗണ്ടിൽ പെറുവിനെ തോൽപ്പിച്ചാണ് ബ്രസീൽ കിരീടം തിരിച്ചുപിടിച്ചത്.
2004-ലും 2017-ലും ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചാണ് ബ്രസീൽ കിരീടമുയർത്തിയത്. ചരിത്രം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് നെയ്മറും സംഘവും. ഇത്തവണ ജയിച്ചാൽ ബ്രസീലിന് പത്താം കിരീടം സ്വന്തമാകും. മറുവശത്ത് 1993-നുശേഷം കിരീടമെന്ന മോഹവുമായാണ് അർജന്റീന ഇറങ്ങുന്നത്. 15-ാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്. കപ്പുയർത്തിയാൽ കോപ്പയിൽ ഏറ്റവും കൂടുതൽ കിരീടം നേടിയെന്ന ഉറുഗ്വായുടെ റെക്കോഡിനൊപ്പമെത്താൻ ടീമിനാകും. ബ്രസീലിനെ അവരുടെ മണ്ണിൽ തോൽപ്പിച്ച് കിരീടം നേടിയാൽ ടീമിന് ഇരട്ടിമധുരമാകും.
കോപ്പ കിരീടം ഇതുവരെ സ്വന്തമാക്കാൻ അർജന്റീന നായകൻ ലയണൽ മെസ്സിക്കോ ബ്രസീൽ സൂപ്പർതാരം നെയ്മർക്കോ സാധിച്ചിട്ടില്ല. ഇത്തവണ ഫൈനലിൽ ഇരുടീമുകളും മുഖാമുഖം വന്നതോടെ സൂപ്പർതാരങ്ങളിലൊരാളുടെ കിരീടമോഹം പൂവണിയും. അന്താരാഷ്ട്ര തലത്തിൽ മെസ്സിക്ക് ഇതുവരെ കിരീടനേട്ടങ്ങളില്ല. 2007, 2015, 2016 വർഷങ്ങളിൽ മെസ്സി കോപ്പ ഫൈനലിൽ കളിച്ചെങ്കിലും ഫൈനലിൽ അർജന്റീന തോറ്റുപോയി. 2014 ലോകകപ്പ് ഫൈനലിൽ ജർമനിയോടും അർജന്റീന കീഴടങ്ങി. ഇത്തവണ മെസ്സിക്ക് കരിയറിലെ ആദ്യ അന്താരാഷ്ട്ര കിരീടം സ്വന്തമാക്കാനുള്ള സുവർണാവസരമാണ്.
ഒരുഗോൾകൂടി നേടിയാൽ ഫുട്ബോൾ ഇതിഹാസം പെലെയ്‌ക്കൊപ്പമെത്താനും മെസ്സിക്കാവും. കരിയറിൽ പെലെയ്ക്ക് 77 ഗോളും മെസ്സിക്ക് 76 ഗോളുമാണുള്ളത്. നിലവിൽ നാല് ഗോളുമായി ടൂർണമെന്റിലെ ടോപ് സ്‌കോറർ കൂടിയാണ് മെസ്സി.
കഴിഞ്ഞവർഷം ബ്രസീൽ കോപ്പയിൽ കിരീടം തിരിച്ചുപിടിച്ചപ്പോൾ നെയ്മർ ടീമിലുണ്ടായിരുന്നില്ല. പരിക്ക് കാരണം സൂപ്പർതാരം ടീമിന് പുറത്തായിരുന്നു. നെയ്മറുടെ കരിയറിൽ അന്താരാഷ്ട്ര കിരീടമായി 2013-ലെ കോൺഫെഡറേഷൻ കപ്പ് വിജയവുമുണ്ട്. 110 കളിയിൽ നിന്ന് ബ്രസീലിനായി 68 ഗോളുകളും താരം നേടിയിട്ടുണ്ട്.
ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ ഇത് അഞ്ചാം തവണയാണ് ഇരു ടീമും മുഖാമുഖം വരുന്നത്. ഇതുവരെ ഏറ്റുമുട്ടിയ നാല് പ്രധാന ഫൈനലുകളിൽ മൂന്നിലും ജയം മഞ്ഞപ്പടയ്‌ക്കൊപ്പമായിരുന്നു. ഒന്നിൽ മാത്രമാണ് അർജന്റീനയ്ക്ക് വിജയിക്കാനായത്. ഞായറാഴ്ച അഞ്ചാം വട്ടം നേർക്കുനേർ വരുമ്പോൾ അവസാന പുഞ്ചിരി ആരുടെ ചുണ്ടിലാകുമെന്ന് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികൾ.
1937 കോപ്പ അമേരിക്ക, അർജന്റീന 2-0 ബ്രസീൽ
കോപ്പ അമേരിക്ക ടൂർണമെന്റ് നേരത്തെ റൗണ്ട് റോബിൻ ഫോർമാറ്റിലായിരുന്നു നടത്തപ്പെട്ടിരുന്നത്. അതിനാൽ ഫൈനൽ ഇല്ലായിരുന്നു. എന്നാൽ 1937-ലെ ടൂർണമെന്റിൽ അർജന്റീനയും ബ്രസീലും എട്ടു പോയന്റ് വീതം നേടി സമനില പാലിച്ചു. ഗോൾ ശരാശരി കണക്കിലെടുത്ത് വിജയിയെ തീരുമാനിക്കുന്നതിന് പകരം ഒരു ഫൈനൽ മത്സരം നടത്താൻ ഇരു ടീമും സമ്മതം മൂളി. ഗസ്സൊമെട്രോ സ്റ്റേഡിയത്തിൽ നടന്ന മത്സരം നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയിലായി. എന്നാൽ എക്‌സ്ട്രാ ടൈമിൽ വിസെന്റെ ഡെ ലാ മാറ്റ നേടിയ ഇരട്ട ഗോളിന്റെ മികവിൽ അർജന്റീന കിരീടം സ്വന്തമാക്കി. അവരുടെ അഞ്ചാം വൻകര ടൂർണമെന്റ് കിരീടമായിരുന്നു അത്.
2004 കോപ്പ അമേരിക്ക, പെനാൽറ്റിയിൽ ബ്രസീലിന് ജയം
വിജയമുറപ്പിച്ചിരുന്ന അർജന്റീന പരാജയം രുചിച്ച ഫൈനൽ. ലിമയിലെ നാസിയോണൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ക്രിസ്റ്റ്യൻ ഗോൺസാലസിലൂടെ അർജന്റീന ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലൂയിസാവോയിലൂടെ ബ്രസീൽ സമനില പിടിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ബാക്കിനിൽക്കേ സെസാർ ഡെൽഗാഡോയിലൂടെ അർജന്റീന വിജയമുറപ്പിച്ചു. എന്നാൽ എല്ലാവരേയും ഞെട്ടിച്ച് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ അഡ്രിയാനോ മത്സരം ഷൂട്ടൗട്ടിലേക്കെത്തിച്ചു. ഗബ്രിയേൽ ഹെയ്ൻസ് കിക്ക് പുറത്തേക്കടിക്കുകയും ആന്ദ്രേസ് അലെസ്സാൺഡ്രോയുടെ കിക്ക് ഗോൾകീപ്പർ ജൂലിയോ സെസാർ രക്ഷപ്പെടുത്തുകയും ചെയ്തതോടെ അർജന്റീന മത്സരം കൈവിട്ടു. ബ്രസീലിന് ഏഴാം കോപ്പ കിരീടം.
2005 കോൺഫെഡറേഷൻസ് കപ്പ്, ബ്രസീൽ 4-1 അർജന്റീന
സെമിയിൽ ആതിഥേയരായ ജർമനിയെ തോൽപ്പിച്ച് ബ്രസീൽ കലാശപ്പോരിന് ടിക്കറ്റെടുത്തപ്പോൾ മെക്‌സിക്കോയെ മറികടന്നാണ് അർജന്റീന ഫൈനൽ ബർത്ത് ഉറപ്പാക്കിയത്. തുല്യ ശക്തികളുടെ പോരാട്ടം പ്രതീക്ഷിച്ച മത്സരം പക്ഷേ ഏകപക്ഷീയമായിരുന്നു. പരിക്കേറ്റ റൊണാൾഡോയ്ക്ക് പകരം റോബിഞ്ഞ്യോ മഞ്ഞക്കുപ്പായത്തിൽ കളിച്ച മത്സരമായിരുന്നു ഇത്. 12-ാം മിനിറ്റിൽ ലോങ് റേഞ്ചറിലൂടെ ബ്രസീലിനെ മുന്നിലെത്തിച്ചു. പിന്നാലെ കക്ക അതേ സ്ഥലത്തു നിന്ന് പന്ത് വലയിലെത്തിച്ചു. 48-ാം മിനിറ്റിൽ റൊണാൾഡീന്യോ ബ്രസീലിന്റെ മൂന്നാം ഗോൾ നേടി. 64-ാം മിനിറ്റിൽ അഡ്രിയാനോ തന്നെ ബ്രസീലിന്റെ ഗോൾ പട്ടിക തികച്ചു. അർജന്റീനയുടെ ഏക ഗോൾ പാബ്ലോ അയ്മറിന്റെ ബൂട്ടിൽ നിന്നായിരുന്നു.
2007 കോപ്പ അമേരിക്ക, ബ്രസീൽ 3-0 അർജന്റീന
ഇത്തവണ എല്ലാവരും അർജന്റീനയുടെ വിജയമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 20 വയസുകാരനായിരുന്ന ലയണൽ മെസ്സി അർജന്റീന ജേഴ്‌സിയിൽ അന്ന് വെനസ്വേലയിലെ മാരാകായ്‌ബോയിൽ നടന്ന ഫൈനലിനിറങ്ങിയിരുന്നു. ഒപ്പം റിക്വെൽമിയും കാർലോസ് ടെവസും. പക്ഷേ മത്സരത്തിൽ സ്വാധീനമുണ്ടാക്കാൻ അർജന്റീന നിരയ്ക്കായില്ല. ജൂലിയോ ബാപ്റ്റിസ്റ്റയിലൂടെ മുന്നിലെത്തിയ ബ്രസീൽ റോബർട്ടോ അയാളയുടെ സെൽഫ് ഗോളിൽ ലീഡുയർത്തി. ഡാനി ആൽവസ് അവരുടെ ഗോൾ പട്ടിക തികയ്ക്കുകയും ചെയ്തു. കോപ്പയിൽ ബ്രസീലിന്റെ തുടർച്ചയായ രണ്ടാം കിരീടമായിരുന്നു ഇത്.
അവസാന അഞ്ച് പോരാട്ടങ്ങളുടെ കണക്കു നോക്കിയാൽ
1995
ബ്രസീൽ 2 അർജന്റീന 2
(ഷൂട്ടൗട്ട് 2-4)
ക്വാർട്ടർഫൈനലിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. നിശ്ചിത സമയത്ത് 2-2 ന് തുല്യതയായതോടെ ഷൂട്ടൗട്ടിൽ വിജയം അർജന്റീനയ്‌ക്കൊപ്പം നിന്നു.
1999
ബ്രസീൽ 2 അർജന്റീന 1
ബ്രസീലും അർജന്റീനയും ക്വാർട്ടർഫൈനലിൽ മുഖാമുഖം. റൊണാൾഡോയും റിവാൾഡോയും ബ്രസീലിനായും പാബ്ലോ സോറിൻ അർജന്റീനയ്ക്കായും സ്‌കോർ ചെയ്തു
2004
ബ്രസീൽ 2 അർജന്റീന 2
(ഷൂട്ടൗട്ട് 4-2)
ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ ഷൂട്ടൗട്ടിൽ കീഴടക്കി ബ്രസീൽ കപ്പുയർത്തി. നിശ്ചിത സമയത്ത് 2-2 ന് തുല്യതയായി.
2007
ബ്രസീൽ 3 അർജന്റീന 0
വീണ്ടുമൊരു കിരീടപോരാട്ടം. ജൂലിയോ ബാപ്റ്റിസ്റ്റ, ഡാനി ആൽവ്സ് എന്നിവർ ബ്രസീലിനായി ഗോൾ നേടി. അർജന്റീനയുടെ റോബർട്ടോ അയാളയുടെ സെൽഫ് ഗോൾ കൂടിയായപ്പോൾ ബ്രസീലിന് മികച്ച ജയം
2019
ബ്രസീൽ 2 അർജന്റീന 0
കഴിഞ്ഞതവണ സെമിയിലാണ് ഇരുടീമുകളും എറ്റുമുട്ടിയത്. ഗബ്രിയേൽ ജെസ്യൂസ്, റോബർട്ടോ ഫിർമിനോ എന്നിവർ ബ്രസീലിനായി ഗോൾ നേടി.
മറുനാടന് ഡെസ്ക്