താനെ: കൈകാലുകൾ കൂട്ടിക്കെട്ടി തലകീഴായി മരത്തിൽകെട്ടിയിട്ടു നാട്ടുകാർ മർദിച്ച യുവാവിനു ദാരുണാന്ത്യം. തല്ലിക്കൊല്ലുന്നതു നോക്കി നിന്നതിന് പൊലീസുകാരെ സസ്‌പെൻഡു ചെയ്ത് മഹാരാഷ്ട്രാ സർക്കാരിന്റ നടപടി. മർദ്ദന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സർക്കാർ നടപടിയെടുത്തത്.

മഹാരാഷ്ട്രയിലെ താനെയിൽ യുവാവിനെ മർദിക്കുന്നതിന്റെ വിഡിയോയാണ് പുറത്തു വന്നത്. മർദിക്കുന്നതു തടയാതെ പൊലീസുകാർ സമീപത്തു നിൽക്കുന്നതും കാണാം. വിവാദമായതിനെത്തുടർന്നു കോൺസ്റ്റബിൾമാരായ എച്ച്.എൻ. ഗരുഡിനെയും എസ്.വി. കാൻചാവെയും സസ്‌പെൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

മനോദൗർബല്യമുള്ളയാണ് ഈ യുവാവെന്നു പൊലീസ് പറയുന്നു. ആക്രമണം നടത്തിയ അമിത് പാട്ടീൽ, സാഗർ പാട്ടീൽ, ബൽറാം ഫുറാദ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു . ഇരുമ്പുദണ്ഡുകളും മൂർച്ചയേറിയ വസ്തുക്കളും ഉപയോഗിച്ചായിരുന്നു ആക്രമണം. യുവാവു വേദനകൊണ്ടു പുളയുകയും അലറിക്കരയുകയും ചെയ്യുന്നതും വിഡിയോയിൽ വ്യക്തമാണ്.

ആളാരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഒരു ട്രക്കിൽ വന്നിറങ്ങിയ ഇറങ്ങിയ ഇയാൾ അക്രമം കാട്ടി കടകൾ നശിപ്പിക്കാൻ തുടങ്ങിയതിനാലാണു നാട്ടുകാർ കൂട്ടംകൂടി മർദിച്ചതെന്നാണു വിവരം. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന് ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയാണെന്നും മനോദൗർബല്യത്തിനു ചികിൽസയിലാണെന്ന രേഖകളും ലഭിച്ചെന്നു പൊലീസ് അറിയിച്ചു.