പത്തനംതിട്ട: മാതൃഇടവകയിൽ തന്നെ തന്റെ മൃതദേഹം സംസ്‌കരിക്കണമെന്ന കോർ എപ്പിസ്‌കോപ്പയുടെ അന്ത്യാഭിലാഷം ഒരു വർഷത്തിന് ശേഷം നിറവേറ്റി മലങ്കര ഓർത്തഡോക്സ് സഭ. സഭയുടെ ന്യൂയോർക്ക് ഭദ്രാസനത്തിന്റെ ചുമതലകൾ വഹിച്ചിരുന്ന വെരി. റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പ(85)യുടെ മൃതദേഹമാണ് ഒരു വർഷത്തിന് ശേഷം അവിടെ നിന്ന് നാട്ടിലെത്തിച്ച് ഇന്ന് രാവിലെ മാതൃഇടവകയിൽ അടക്കം ചെയ്തത്.

കഴിഞ്ഞ വർഷം മാർച്ച് 20 ന് ന്യൂയോർക്കിൽ വച്ചാണ് എപ്പിസ്‌കോപ്പ അന്തരിച്ചത്. താൻ എവിടെ വച്ച് മരിച്ചാലും തന്റെ ഇടവകപ്പള്ളിയിൽ മൃതദേഹം അടക്കം ചെയ്യണമെന്ന് എപ്പിസ്‌കോപ്പ നേരത്തേ തന്നെ ബന്ധുക്കളോടും സഭാധികൃതരോടും പറഞ്ഞിരുന്നു. അതു കൊണ്ടു തന്നെയാണ് മൃതദേഹം ഒരു വർഷം കഴിഞ്ഞിട്ടായാലും നാട്ടിലെത്തിച്ച് സ്വന്തം ഇടവകയായ കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ ഇന്ന് രാവിലെ 11 മണിയോടെ സംസ്‌കരിച്ചത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ സംസ്‌കാര ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.

കോവിഡ് വ്യാപനം മൂർധന്യത്തിലായിക്കുമ്പോഴാണ് കഴിഞ്ഞ വർഷം മാർച്ചിൽ എപ്പിസ്‌കോപ്പ മരിച്ചത്. നിയന്ത്രണങ്ങൾ ഏറെയുള്ളതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് താമസം നേരിട്ടു. ചൊവ്വാഴ്ചയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ഭൗതിക ശരീരം നേരിട്ട് പ്രദർശിപ്പിച്ചില്ല. അവിടെ നിന്ന് കൊണ്ടു വന്ന പെട്ടിയുടെ മുകളിൽ എപ്പിസ്‌കോപ്പയുടെ ചിത്രം സ്ഥാപിച്ച് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ചെയ്തത്.

ശവസംസ്‌കാര ശുശ്രൂഷകൾ ന്യൂയോർക്കിൽ തന്നെ പൂർത്തിയാക്കിയിരുന്നു. അങ്ങനെ ചെയ്താൽ പിന്നെ ഭൗതിക ശരീരം പ്രദർശിപ്പിക്കാൻ പാടില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ ആചാരം. മുഖം മൂടി കഴിഞ്ഞാൽ പിന്നെ തുറന്ന് പ്രദർശിപ്പിക്കാൻ കഴിയില്ല. 1936 ലാണ് എപ്പിസ്‌കോപ്പ ജനിച്ചത്. ഭാര്യയും രണ്ടു മക്കളുമുണ്ട്