ന്യൂഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തിയാൽ ഏറ്റവും ക്ഷീണം ചെയ്യുക അദാനിക്കും അംബാനിയും അടക്കമുള്ള കോർപ്പറേറ്റുകൾക്കാകും എന്ന കാര്യം ഉറപ്പാണ്. ഡൽഹിയിലെ വൈദ്യുതി വിതരണ രംഗത്തെ കൈയടക്കിവച്ചിരിക്കുന്ന വമ്പൻ കമ്പനികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നതാണ് ആം ആദ്മി നേതാവ് കെജ്രിവാൾ ജനങ്ങൾക്ക് മുന്നിൽ വെക്കുന്ന വാഗ്ദാനം. ഇതിൽ വിറളിപൂണ്ട് കോർപ്പറേറ്റ് മാദ്ധ്യമങ്ങളിലൂടെ കിട്ടിയ അവസരത്തിലെല്ലാം ആംആദ്മിയെ താറടിക്കാനുള്ള ശ്രമത്തിലാണ് എതിരാളികൾ. ഇതിന്റെ ഒടുവിലത്തെ ഉദാഹരണം പുറത്തുവന്നത് വൻതോതിൽ മദ്യം പിടിച്ചെടുത്തുവെന്ന വാർത്തയിലൂടെയായിരുന്നു.

ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി നരേഷ് ബല്യാണിന്റെ വീട്ടിൽ റെയ്ഡ് നടത്തി 5,000 മദ്യക്കുപ്പികൾ പിടിച്ചെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. റിലയൻസിന്റെ കൈവശമുള്ള സിഎൻഎൻ-ഐബിഎൻ ചാനൽ അടക്കമുള്ളവർ പുറത്തുകൊണ്ടുവന്ന വാർത്ത അതേപടി വിശ്വസിച്ച മലയാളത്തിലെ പ്രമുഖ മാദ്ധ്യമങ്ങൾക്ക് അടക്കം അബന്ധം പറ്റുകയും ചെയ്തു. മലയാള മനോരമ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങൾക്കാണ് അബദ്ധം പിണഞ്ഞത്.

ഡൽഹിയിലെ ഉത്തംനഗറിലുള്ള ബല്യാണിന്റെ വീട്ടിലാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് എന്നായിരുന്നു വാർത്ത. എന്നാൽ റെയ്ഡ് നടന്നത് നരേഷ് ബാല്യാണിന്റെ വീട്ടിൽ അല്ലെന്നും അദ്ദേഹവുമായി പേരിൽ സാമ്യമുള്ള മുകേഷ് ബല്യാണിന്റെ വീട്ടിലായിരുന്നു റെയ്ഡ് നടന്നത് എന്നത് പിന്നീടാണ് വ്യക്തമായത്. ഇതോടെ തങ്ങൾക്ക് പറ്റിയ അബദ്ധം തിരിത്താൻ ചില മാദ്ധ്യമങ്ങൾ തയ്യാറായപ്പോൾ മറ്റുള്ളവർ തങ്ങളുടെ വാദത്തിൽ തന്നെ ഉറച്ച് മിണ്ടാതിരുന്നു.

മുകേഷ് ബല്യാൺ എന്നയാളുടെ വീട്ടിൽ റെയ്ഡ് നടത്തി മദ്യക്കുപ്പികൾ പിടിച്ചെടുത്തെന്ന വാർത്ത നരേഷ് ബല്യാണിന്റെ പേരിൽ ചാർത്തിക്കൊടുക്കുകയായിരുന്നു. ആദ്യം വാർത്ത പുറത്തുവിട്ടത് ടൈംസ് ഓഫ് ഇന്ത്യയാിരുന്നു. എന്നാൽ ടൈംസ് ഓഫ് ഇന്ത്യ ഇതിൽ തിരുത്തിയോതെ പിടിച്ചെടുത്ത മദ്യം ആരുടേത് എന്ന വിധത്തിൽ വാർത്തയെ വളച്ചൊടുക്കുകയായിരുന്നു ഡൽഹിയിലെ മാദ്ധ്യമങ്ങൾ ചെയ്തത്.

മറ്റൊരുവിധത്തിലും ഡൽഹിയിൽ ആം ആദ്മിയുടെ മുന്നേറ്റത്തെ തടുക്കാനാവില്ലെന്നു ബോധ്യമായതോടെ, രാഷ്ട്രീയ എതിരാളികൾ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിധരിപ്പിക്കുക എന്ന മാർഗം സ്വീകരിച്ചിരിക്കുകയാണെന്നാണ് ഇതിനോട് ആം ആദ്മി നേതാക്കൾ മറപടി പറയുന്നത്. ബിജെപി ഒരിക്കൽ അവാർഡ് നൽകി ആദരിച്ച വ്യക്തിയാണ് മുകേഷ് ബല്യാൺ എന്ന കാര്യവും കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ സമർത്ഥമായി മുക്കിയത്. അതുകൊണ്ട് തന്നെ അങ്ങനെയൊരു വ്യക്തിയുടെ ഗോഡൗണിൽ കണ്ട മദ്യക്കുപ്പികൾ ആരു കൊണ്ടുവന്നതാണെന്ന് ഊഹിക്കാമെന്നും ആം ആദ്മി നേതാക്കൾ പറയുന്നു.