തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ പ്രഭാവത്തിൽ രാജ്യഭരണം പിടിച്ച ബിജെപിക്ക് ബാലികേറാമലയാണ് കേരളമെന്ന സംസ്ഥാനം. കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ മോഹങ്ങൾക്ക് നിറം പകരുന്നതാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. കോർപ്പറേഷനുകളിൽ ബിജെപി മുന്നേറ്റം നടത്തിയപ്പോൾ പലയിടങ്ങളിലും തൂക്കു ഭരണം വരുമെന്നതാണ് നില. തിരുവനന്തപുരത്ത് ബിജെപിയുടെ വൻ മുന്നേറ്റം ഉണ്ടായപ്പോൾ കോൺഗ്രസ് പാർട്ടിക്ക് കനത്ത തിരിച്ചടിയേറ്റു. ഇതോടെ തൂക്കുസഭയാണ് തിരുവനന്തപുറത്തുവരിക എന്ന കാര്യം ഉറപ്പായി.

100 വാർഡുകളിൽ 42 ഇടത്ത് ഇടതുമുന്നേറ്റം നടത്തിപ്പോൾ 34 ഇടത്ത് ബിജെപി വിജയിച്ചു. 21 ഇടത്തു മാത്രമായി യുഡിഎഫ് ഒതുങ്ങുകയാണ് ഉണ്ടയായത. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ നിലയിൽ എൽഡിഎഫ് അധികാരത്തിൽ എത്തിയേക്കും. ഇങ്ങനെ വന്നാൽ ബിജെപി മുഖ്യപ്രതിപക്ഷമായി മാറുന്ന സാഹചര്യമാണ് ഉള്ളത്. ആറ് കൗൺസിലർമാർ മാത്രമുള്ളിടത്തു നിന്നാണ് ബിജെപിയുടെ ഇപ്പോഴത്തെ കുതിപ്പ്. നിലവിൽ 42 സീറ്റുള്ള യു.ഡി.എഫ് തകർന്നടിഞ്ഞു.

അതേസമയം സംസ്ഥാനത്ത് യുഡിഎഫ് ഭരണം പ്രതീക്ഷിച്ച കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടത്തോടെ ഭരണം അനിശ്ചിതത്വത്തിലാണ്. 27 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ 27 ഇടത്ത് എൽഡിഎഫ് വിജയിച്ചു. ഇവിടെ സ്വതന്ത്ര സ്ഥാവനാർത്ഥിയായി വിജയിച്ച കോൺഗ്രസ് വിമതന്റെ നിലപാട് നിർണായകമാകും. വിമതന്മാരെ കൂട്ടി ഭരണം പിടിക്കില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞിരുന്നു. അദ്ദേഹം തന്റെ വാക്കുകൾ ശരിയാക്കുമോ എന്നാണ് അറിയേണ്ടത്. കണ്ണൂരിൽ വിമതനു ചാഞ്ചാട്ടം. കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടാൽ മാത്രം കോർപറേഷനിൽ യുഡിഎഫിനു പിന്തുണയെന്നു നിലപാടുമായി കോൺഗ്രസ് വിമതൻ പി.കെ.രാഗേഷ്. ഡിസിസി പ്രസിഡന്റ് മാറി നിൽക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു. കണ്ണൂർ കോർപ്പറേഷനിൽ ഭരണം അനിശ്ചിതത്വത്തിലാകുമെന്ന കാര്യം ഉറപ്പായി.

കൊല്ലം കോർപ്പറേഷനിൽ ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നെങ്കിലും ഇവിടെ ഭരണം എൽഡിഎഫിന് തന്നെയാണ്. 35 സീറ്റുമായി എൽഡിഎഫ് അധികാരം ഉറപ്പിച്ചതോടെ 16 ഇടത്ത് യുഡിഎഫ് വിജയിച്ചു. രണ്ടിടത്താണ് ബിജെപി വിജയിച്ചത്. തൃശൂർ കോർപ്പറേഷനിൽ ബിജെപി നിർണായകമാകുമെന്ന കാര്യം ഉറപ്പായി. ഇവിടെ ആറ് സീറ്റിൽ വിജയിച്ചു. 21 ഇടങ്ങളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 18 സീറ്റിലാണ് കോൺഗ്രസ് വിജയിച്ചത്. മറ്റുള്ള അഞ്ച് സ്ഥാനാർത്ഥികളും വിജയിച്ചു. ഇവിടെ സ്വതന്ത്രന്മാരുടെ നിലപാടുകളും ബിജെപിയുടെ നിലപാടും നിർണ്ണായകമാകുമെന്ന കാര്യം ഉറപ്പാണ്.

യുഡിഎഫിന് ആധികാരിക വിജയം സമ്മാനിച്ചതുകൊച്ചി കോർപ്പറേഷനാണ്. ഇവിടെയും ബിജെപി വൻ മുന്നേറ്റം നടത്തിയപ്പോൾ എൽഡിഎഫിന് കനത്ത തിരിച്ചടിയായി. 38 സീറ്റുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫ് 23ഇടത്ത് വിജയിച്ചു. 11 സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ഇവിടെ കോൺഗ്രസ് എ ഗ്രൂപ്പിലെ സൗമിനി ജെയിൻ മേയറാകുമെന്നാണ് കരുതുന്നത്.

കോഴിക്കോട് കോർപ്പറേഷനാണ് എൽഡിഎഫിന് ഏറ്റവും ഉജ്ജ്വല വിജയം സമ്മാനിച്ചത്. വ്യക്തമായ ഭൂരിപക്ഷത്തോടെ എൽഡിഎഫ് ഇവിടെ വിജയിച്ചു. വികെസി മമ്മദ് കോയയാണ് ഇവിടെ മേയറാകുക. 47 ഇടത്ത് എൽഡിഎഫ് വിജയിച്ചപ്പോൾ 20 സീറ്റുകളിൽ മാത്രമായി യുഡിഎഫ് ഒതുങ്ങി. ഇവിടെ ഏഴിടത്ത് ബിജെപി വിജയിച്ചു.

കോർപ്പറേഷനുകളിൽ എൽഡിഎഫിന് മുൻതൂക്കം കിട്ടുന്ന വിധത്തിലാണ് കാര്യങ്ങളെങ്കിലും ഇവിടങ്ങളിലെല്ലാം തിരിച്ചടിയായത് ബിജെപിയുടെ സാന്നിധ്യമാണ്. ബിജെപിയുടെ മുന്നേറ്റം പലപഞ്ചായത്തുകളെയും മുൻസിപ്പാലിറ്റികളിലെയും ഭരണം അനിശ്ചിതത്വം സമ്മാനിച്ചു.