മലപ്പുറം: കൊളത്തൂരിൽ അഞ്ച് മാസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം വീട്ടു മുറിയിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. മരിച്ചയാൾക്ക് ജീവൻ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ പ്രത്യേക മന്ത്രവാദം നടത്തുന്നതിനായിട്ടാണ് മൃതദേഹം സൂക്ഷിച്ചത്.

കൊളത്തൂർ അമ്പലപ്പടി പാറമ്മലങ്ങാടിയിലെ വീട്ടിലാണ് ഏവരെയും ഞെട്ടിച്ചു സംഭവം നടന്നിരിക്കുന്നത്. വിവരം ലഭിച്ചയുടനെ കൊളത്തൂർ പൊലീസ് എത്തി മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ് മോർട്ടത്തിനയച്ചു. നാട്ടുകാരുടേയും കുടുംബങ്ങളുടേയും പരാതിയെ തുടർന്നാണു പൊലീസ് വീട് പരിശോധിച്ചത്.

കുടുംബ നാഥനായ വാഴയിൽ സൈദിന്റെ മൃതദേഹമാണു ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. ബന്ധു വിവാഹ സൽക്കാരത്തിനായി ക്ഷണിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് ദ്രവിച്ച മൃദദേഹം കണ്ടത്. വീട്ടിലും പരിസരത്തും ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. തുടർന്ന് വിവരം കുടുംബക്കാർ തന്നെ പൊലീസിനെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു.

സൈദ് മരണമടഞ്ഞത് വീട്ടുകാർ പുറത്തറിയിച്ചിരുന്നില്ല. ഭാര്യയും മൂന്നു കുട്ടികളും വീട്ടിൽ താമസിച്ച് വരുന്നുണ്ട്. 20 വയസ്സുള്ള മകനും 17 ഉം 13ഉം വയസ്സ് പ്രായമായ പെൺ മക്കളും ഈ വീട്ടിൽ തന്നെയാണു താമസം.

പെരിന്തൽമണ്ണ സി.ഐ ഷാജു കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വീട്ടുകാർ മരണപ്പെട്ടതു മറച്ചുവെച്ചു റൂമിൽ സൂക്ഷിക്കുകയായിരുന്നു. ഏകദേശം അഞ്ച് മാസം പഴക്കം തോന്നിപ്പിക്കുന്നതാണ് മൃതദേഹമെന്ന് പെരിന്തൽമണ്ണ സി.ഐ മറുനാടൻ മലയാളിയോട് പറഞ്ഞു. മതദേഹം സൂക്ഷിച്ച മുറിയിൽ നിന്ന് പൂജാ സാമഗ്രികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദവും അന്തമായ വിശ്വാസവും പുലർത്തിയിരുന്നവരാണ് വീട്ടുകാരെന്ന് സമീപവാസികൾ പറയുന്നു.

മരിച്ചു കഴിഞ്ഞാൽ പ്രത്യേക പൂജയിലൂടെയും മന്ത്രവാദത്തിലൂടെയും ജീവൻ തിരിച്ചു കിട്ടുമെന്നാണ് ഇവർ വിശ്വസിച്ചിരുന്നതത്രെ. മരിച്ചയാളുടെ ഭാര്യയെയും മൂന്ന് മക്കളെയും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം സൂക്ഷിക്കുന്നതിലേക്കെത്തിച്ച അന്ധവിശ്വാസത്തിനു പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. മരണത്തിൽ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.