- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യത്തൊഴിലാളികളുടെ സഹായത്തിലും കൈയിട്ടുവാരി; 6 മാസത്തിനുള്ളിൽ കൊല്ലം ജില്ലയിൽ മാത്രം നടന്നത് ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് ; 'അന്തിപ്പച്ച' യിൽ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ തട്ടിപ്പ് സർക്കാർ രഹസ്യമാക്കി വച്ചതായും ആക്ഷേപം
കൊല്ലം: കേരളത്തിന്റെ സൈന്യം എന്നൊക്കെ അഭിമാനപൂർവ്വം മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്യുമെങ്കിലും തട്ടിപ്പിന്റെ കാര്യത്തിൽ അതൊന്നും ബാധകമേയല്ല.ഇത്തരത്തിൽ മത്സ്യത്തൊഴിലാളികളെ സഹായിക്കാനായി ആരംഭിച്ച പദ്ധതിയിൽ നടത്തിയ വൻ അഴിമതിയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.കഴിഞ്ഞ 6 മാസത്തിനുള്ളിൽ കൊല്ലം ജില്ലയിൽ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി മത്സ്യഫെഡ് ഓഡിറ്റ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
മത്സ്യത്തൊഴിലാളികളെ സഹായിക്കാനെന്ന പേരിൽ മത്സ്യഫെഡ് ആരംഭിച്ച മീൻ വിൽപനയിലാണ് വൻ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.മൊബൈൽ മീൻ വിപണന സംവിധാനമായ 'അന്തിപ്പച്ച' യിൽ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ തട്ടിപ്പ് സർക്കാർ രഹസ്യമാക്കി വച്ചതായും ആക്ഷേപം ഉണ്ട്.അന്തിപ്പച്ചയുടെ 5 വാഹനങ്ങൾ, ഫിഷ് ബൂത്തുകൾ, ഫ്രാഞ്ചൈസികൾ എന്നിവ ഉൾപ്പെടെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങൾ വഴിയാണ് കൊല്ലം ജില്ലയിൽ മത്സ്യഫെഡിന്റെ മീൻ വിൽപന.
മത്സ്യത്തൊഴിലാളികളിൽ നിന്ന് നേരിട്ടു മീൻ സംഭരിച്ചു ശക്തികുളങ്ങരയിലെ കോമൺ പ്രീ പ്രോസസിങ് സെന്ററിൽ (സിപിപിസി) എത്തിച്ചു വൃത്തിയാക്കിയാണ് ഈ യൂണിറ്റുകൾക്കു വിതരണം ചെയ്യുന്നത്.വിറ്റുവരവ് തുക ജീവനക്കാർ സിപിപിസി യിൽ അടയ്ക്കും.അതതു ദിവസം ഇത് മത്സ്യഫെഡിന്റെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കണമെന്നാണ് വ്യവസ്ഥ .എന്നാൽ അത് ചെയ്യാതെ ഉദ്യോഗസ്ഥരിൽ ചിലർ പോക്കറ്റിലാക്കിയെന്നാണ് കണ്ടെത്തിയത്.
മത്സ്യഫെഡിന്റെ വാർഷിക അവലോകന യോഗത്തിൽ ജില്ലയിലെ കണക്കുകൾ വിലയിരുത്തവെ സംശയം തോന്നിയതോടെയാണു തട്ടിപ്പിന്റെ കഥ പുറത്തായത്.അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ടാലി സോഫ്റ്റ്‌വെയറിലെ എൻട്രികളിൽ മാറ്റങ്ങൾ വരുത്തി പണം തട്ടിയെന്നാണ് കണ്ടെത്തൽ.തട്ടിപ്പിനു നേതൃത്വം നൽകിയെന്നു പറയുന്ന ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്ത ഫയലുകൾ ഓഡിറ്റ് വിഭാഗം പരിശോധിക്കുകയാണ്.
ദിവസേന ലക്ഷക്കണക്കിനു രൂപയുടെ മീൻവിൽപന നടത്തുന്ന മത്സ്യഫെഡിൽ വർഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിന്റെ ചെറിയൊരു ഭാഗം മാത്രമാണു പുറത്തായിരിക്കുന്നത്. മുൻപ് പത്തനംതിട്ട ജില്ലയിലെ ഫിഷ് ബൂത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും മുന്നോട്ടുപോയില്ല. ഉന്നതർ ഇടപെട്ട് അന്വേഷണം മരവിപ്പിക്കുകയായിരുന്നു.അന്ന് അന്വേഷണത്തിന് ശക്തികുളങ്ങര സിപിപിസി യിലെത്തിയ ഉദ്യോഗസ്ഥർക്കു സഹായിയായി നിന്ന ജീവനക്കാരന്റെ നേതൃത്വത്തിലാണു ഇപ്പോഴത്തെ തട്ടിപ്പ് .
അതിനിടെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരിൽ ഒരാളെ സ്ഥലം മാറ്റി കേസ് ഒതുക്കിത്തീർക്കാൻ ഉന്നത തല നീക്കം നടന്നു. സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അടുത്ത ദിവസം തലസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. .കൊല്ലത്തിനു പുറമേ മറ്റു ജില്ലകളിലും തട്ടിപ്പ് അരങ്ങേറിയിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് ഓഡിറ്റ് വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ