തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ശക്തമാകുമെന്ന സാഹചര്യത്തിൽ സർക്കാർ ഇറക്കിയ വിജ്ഞാപനത്തിന് എതിരെ കോടതിയിൽ പോയെങ്കിലും ആശുപത്രി ഉടമകൾക്കിടെ ഭിന്നിപ്പ് രൂക്ഷം. ഒടുവിൽ സർക്കാർ ഉത്തരവിന് മുന്നിൽ മുട്ടുമടക്കുകയാണ് സ്വകാര്യ ആശുപത്രി ഉടമകളെന്നാണ് സൂചന. ഇതിന്റെ പ്രതിഫലനമെന്നോണം തിരുവനന്തപുരം കോസ്‌മോ പൊളിറ്റൻ ആശുപത്രി മാനേജ്‌മെന്റ് സ്റ്റാഫിന് സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള ശമ്പളം നൽകാമെന്ന് സമ്മതിച്ചു.

സർക്കാർ വിജ്ഞാപനം ഇറക്കിയ ശേഷവും ഇതിനെതിരെ ആശുപത്രിയുടമകൾ പ്രതിരോധവുമായി നിന്നതോടെ വീണ്ടും സമരരംഗത്തിറങ്ങാൻ നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 28 മുതൽ ശമ്പള വർധന ആവശ്യപ്പെട്ട് കോസ്‌മോ ആശുപത്രിക്ക് മുന്നിൽ സമരവും പ്രഖ്യാപിച്ചു. ഇതോടെയാണ് ആശുപത്രി ഉടമകൾ ഒത്തുതീർപ്പിന്റെ പാതയിലേക്ക് എത്തിയത്. ജില്ലാ ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ ഇന്ന് നടന്ന ചർച്ചയിൽ ഈ മാസത്തെ ശമ്പളം മുതൽ സർക്കാർ പുതുക്കിയ ഉത്തരവ് അനുസരിച്ച് നൽകാമെന്ന് മാനേജ്‌മെന്റ് സമ്മതിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ 28 മുതൽ പ്രഖ്യാപിച്ചിരുന്ന സമരം പിൻവലിക്കുന്നതായി യുഎൻഎ അറിയിച്ചു. കോസ്‌മോപൊളിറ്റൻ ആശുപത്രിയിൽ തൊഴിലാളികളുടെ സംയുക്ത സമരസമിതിയാണ് 28ന് സമരം പ്രഖ്യാപിച്ചിരുന്നത്. ജില്ലാ ലേബർ ഓഫീസർ വിളിച്ച ചർച്ചയിൽ ഈ മാസത്തെ ശമ്പളം മുതൽ പുതുക്കിയ ഉത്തരവ് അനുസരിച്ചു നൽകാം എന്ന മാനേജ്‌മെന്റ് കരാർ ഒപ്പിട്ട് നൽകുകയായിരുന്നു. 28ന് സമരം പ്രഖ്യാപിച്ച സംയുക്ത സമരസമിതിയിൽ യുഎൻഎ, സിഐറ്റിയു, ബിഎംഎസ്, ഐഎന്റ്റിയുസി എന്നീ സംഘടകൾ ഉൾപ്പെട്ടിരുന്നു. യു എൻ എയെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സിബി മുകേഷും സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ലാ വർക്കിങ് പ്രസിഡന്റ് മുഹമ്മദ് എ, യുണിറ്റ് സെക്രട്ടറി വിൽസൺ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

നഴ്‌സുമാർ വലിയ പോരാട്ടം നടത്തിയാണ് സർക്കാർ വിജ്ഞാപനം ഇറക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത്. ചേർത്തല കെവി എം ആശുപത്രിയിൽ നിന്ന് തലസ്ഥാനത്തേക്ക് ലോംഗ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് പാതിരാത്രി തന്നെ സർക്കാർ വിജ്ഞാപനം ഇറക്കുകയായിരുന്നു. ഇതിനിടെ കെവി എം ആശുപത്രിയിലെ പ്രശ്‌നം പരിഹരിക്കാനും സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.

ചേർത്തല കെവി എം ആശുപത്രിയിലെ നഴ്സുമാർ നടത്തിവരുന്ന സമരം അവസാനിപ്പിക്കാൻ നിയമപരമായ നടപടിക്ക് സാധ്യത തേടുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്ന് വ്യക്തമാക്കി. മിനിമം വേതനം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നഴ്സുമാരാണ് ആശുപത്രിയിൽ അനിശ്ചിതകാല സമരം നടത്തിവരുന്നത്. മിനിമം വേതനം നൽകണമെന്ന സർക്കാർ ഉത്തരവ് ഇതുവരെ കെവി എം ആശുപത്രിയിൽ നടപ്പാക്കിയിട്ടില്ലെന്നാണ് സമരക്കാരുടെ പ്രധാന പരാതി. ഇതിനു പുറമേ ആശുപത്രിയിൽ 12 മണിക്കൂർ നഴ്സുമാരെ ജോലി ചെയ്യിപ്പിക്കുന്നതും ഒഴിവാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു.