- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാപ്പിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ പകൽകൊള്ള; തിരുവനന്തപുരത്തും നെടുമ്പാശേരിയിലും 2590 രൂപ, കണ്ണൂരിൽ ഈടാക്കുന്നത് 2490 രൂപയും; പ്രവാസികളെ പിഴിയുന്ന നടപടിയിൽ അമർഷം ശക്തം; നിരക്ക് ഏകീകരിക്കണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
കണ്ണൂർ: റാപിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ പ്രവാസികളെയും വിദേശ യാത്രികരെയും കൊള്ളയടിച്ചു കേരളത്തിലെ വിമാനത്താവളങ്ങൾ. വലിയ തുകയാണ് റാപ്പിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ കേരളത്തിലെ വിവിധ വിമാനത്താവളിൽ ഈടാക്കുന്നത്. വ്യത്യസ്തമായ തുക ഏകീകരിക്കണമെന്നും ന്യായമായ തുക മാത്രമേ പരിശോധനക്കായി ഈടാക്കാൻ പാടൂള്ളൂവെന്നുമുള്ള ആവശ്യം ശക്തമായിരിക്കയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലാണ് ഏറ്റവും വലിയ കൊള്ളയടി നടക്കുന്നത്. മറ്റു വിമാനത്താവളത്തിനേക്കാൾ 900 രൂപ അധികമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഈടാക്കുന്നത്. ഓമിക്രോൺ പടരുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ ആർടിപിസിആറോ റാപ്പിഡ് ആർടിപിസിആർ പരിശോധനയോ സ്വന്തം ചെലവിൽ നടത്തണം.
കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടിൽ 2490 രൂപയാണ് ആർടിപിസിആർ പരിശോധക്കായി ഈടാക്കുന്നത്. കോഴിക്കോട് എയർപോർട്ടിൽ 1580 രൂപയാണ് ഈടാക്കുന്നത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഉയർന്ന തുക, ഇവിടങ്ങളിൽ 2590 രൂപ വീതമാണ് റാപ്പിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ യാത്രക്കാരോട് ഈടാക്കുന്നത്. ഇങ്ങനെ വ്യത്യസ്തമായ തുക ഈടാക്കുന്നതിനെതിരെ പ്രതിഷേധവും വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. വിവിധ പ്രവാസി സംഘടനകളാണ് പരാതിയുമായി രംഗത്തുവന്നിട്ടുള്ളത്. ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ കേസ് നൽകിയവരുമുണ്ട്. കണ്ണൂർ ബാറിലെ അഭിഭാഷകൻ പി വി മിഥുനാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതിയിൽ എതിർ കക്ഷിയായ സംസ്ഥാന സർക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസ് ഈ മാസം ആറിലേക്ക് മാറ്റിയിട്ടുണ്ട്.
വിമാന കമ്പനികൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ എയർപോർട്ട് നടത്തിപ്പുകാർ സജീകരിച്ച് നൽകുന്ന ആർടിപിസിആർ പരിശോധനാ കേന്ദ്രങ്ങളിൽ പരിശോധനാ വിധയമാക്കുന്നത് ഓമിക്രോൺ പശ്ചാത്തലത്തിലാണ്. സാധാരണ ആർടിപിസിആർ ഫലം ലഭിക്കാൻ 3 മണിക്കൂർ വിമാനത്താവളത്തിൽ കഴിയേണ്ടത് ഉണ്ടെങ്കിൽ റാപ്പിഡ് ആർടിപിസിആർ ഫലം അര മണിക്കൂറിനുള്ളിൽ ലഭിക്കും എന്നുള്ളതിനാൽ യാത്രക്കാർ റാപ്പിഡ് ആർടിപിസിആർ ചെയ്ത് വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കും.
എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ നേരിട്ട് നടത്തുന്ന കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ റാപ്പിഡ് ആർടിപിസിആർ പരിശോധനയ്ക്ക് 1580 രൂപ എന്നിരിക്കെ അദാനി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ 36.5% അധിക തുകയാണ് ഈടാക്കുന്നത്. അതായത് 900 രൂപയ്ക്ക് മുകളിൽ. ഇത് തങ്ങളുടെ റവന്യു ഷെയറായി ഓരോ ടെസ്റ്റിലും ചുമത്തി വരികയാണ്. പരിശോധനാ ലബോറട്ടറികൾ അദാനിക്ക് നൽകേണ്ട റവന്യു ഷെയർ ഉൾപ്പെടുത്തി 2490 രൂപയാണ് ഓരോ യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്. കോവിഡിന്റെ മറവിൽ നടക്കുന്ന ഈ പിടിച്ചു പറി അവസാനിപ്പിച്ച് കരിപ്പൂർ വിമാനത്താവളത്തിലേതു പോലെ മിതമായ നിരക്കിൽ പരിശോധനാ സൗകര്യം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകേണ്ടതാണെന്ന ആവശ്യം ശക്തമാണ്.
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യുഎഇയിലേക്ക് പോകുന്ന യാത്രക്കാരിൽ നിന്ന് റാപിഡ് പിസിആർ ടെസ്റ്റിന്റെ പേരിൽ ഈടാക്കി വരുന്ന 2490 രൂപ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദുബായ് കെ എം സി സിയും രംഗത്തുവന്നിട്ടുണ്ട്. വിമാനത്താവളത്തിന് വെളിയിലുള്ള ലാബുകളിൽ നിന്ന് 48 മണിക്കൂർ മുൻപ് നടത്തിയ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നത് ഇവിടങ്ങളിൽ 300 രൂപ മുതൽ 500 രൂപ വരെയാണ് ഇപ്പോൾ പി.സി.ആർ ടെസ്റ്റിന് ഈടാക്കുന്നത് എയർപോർട്ടിൽ 2490 രൂപ ഈടാക്കുന്നത് യാത്രക്കാരെ കൊള്ളയടിക്കുന്നതെന്നും കെഎംസിസി ഭാരവാഹികൾ വ്യക്തമാക്കി.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചു വന്ന അനേകംപേർ വീണ്ടും പ്രതീക്ഷകളോടെ യുഎഇയിലേക്ക് മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും പോവുകയാണ്. ഇതിൽ 99% ആളുകളും വെറും സാധാരണക്കാരാണ്. ഗൾഫ് രാജ്യങ്ങളിൽ യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നും എയർലൈൻസ് കമ്പനികൾ ഈടാക്കി വരുന്ന യാത്രാനിരക്ക് മൂന്നും നാലും ഇരട്ടിയാണ്. ഇക്കാര്യത്തിൽ കേന്ദ്ര കേരള ഗവൺമെന്റുകൾ അടിയന്തര ഇടപെടലുകൾ നടത്തണമെന്നും കെഎംസിസി ഭാരവാഹികൾ ആവശ്യപ്പെടുന്നു.
നേരത്തെ, വിമാന താവളങ്ങളിലെ ഈ പരിശോധനകൾ സൗജന്യ നിരക്കിൽ നടത്തുന്നതിന് പ്രവാസി സഹകരണ സംഘത്തെ ചുമതലപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഇത് വ്യക്തമാക്കിയിരുന്നതുമാണ്. എന്നാൽ സുരക്ഷാ കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ തീരുമാനം എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചില്ല. പിന്നീട് സ്വകാര്യ ഏജൻസികളെ അവർ ചുമതലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ, അഷ്റഫ് താമരശ്ശേരി ചൂണ്ടിക്കാണിച്ച പ്രശ്നത്തിൽ പിണറായി സർക്കാരിന് യാതൊരു പങ്കുമില്ലെന്നാണ് വാദം. രക്തക്കറ മുഴുവൻ കേന്ദ്ര സർക്കാറിന്റെ കൈകളിലാണെന്ന് ഇടതു പ്രവർത്തകരും വാദിക്കുന്നു. എന്നാൽ, പ്രശ്നത്തിൽ പ്രവാസികൾ തന്നെയാണ് ഏറ്റവും അധികം ബുദ്ധിമുട്ടിലായിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ