തിരുവനന്തപുരം: കോട്ടൺഹില്ലിലെ ആരോപണങ്ങളെല്ലാം ശരിവച്ച് അന്വേഷണ റിപ്പോർട്ട്. കോട്ടൺ ഹിൽ സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തുവെന്ന പരാതിയിൽ ഡിഡിഇ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. സ്‌കൂളിൽ നടന്ന ചെറിയൊരു പ്രശ്‌നത്തെ അനാവശ്യമായി പർവതീകരിച്ചതാണ് പ്രധാന പ്രശ്‌നമെന്ന് ഡിഡിഇയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ പരാതികൾ ശരിയാണെന്നും സമ്മതിക്കുന്നു. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിരുന്നുവെന്നും വിശദീകരിക്കുന്നു. പെൺകുട്ടികളുടെ ഈ സ്‌കൂളിൽ സിസിടിവി ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

സീനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. എന്നാൽ അക്രമം നടത്തിയ കുട്ടികൾ ആരെന്ന് പരിക്കേറ്റ കുട്ടികൾക്കോ സ്‌കൂളിലെ അദ്ധ്യാപകർക്കോ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകളും ഇതുവരെ ലഭ്യമല്ല. എന്നാൽ അക്രമികളെ കണ്ടെത്താൻ നടത്തിയ വ്യാപക തെരച്ചിൽ വിദ്യാർത്ഥികളെ പരിഭ്രാന്തരാക്കിയെന്നും ഡിഡിഇയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. വിദ്യാർത്ഥികളിലെ ഈ പരിഭ്രാന്തി പിന്നീട് രക്ഷിതാകളിലേക്കും വ്യാപിച്ചു. വിഷയം വാർത്തയായതോടെ ചിത്രം തന്നെ മാറിയെന്നും ഡിഡിഇ റിപ്പോർട്ടിൽ പറയുന്നു.

ക്രിമിനൽ കേസെടുക്കേണ്ട പ്രവർത്തി കോട്ടൺഹിൽ സ്‌കൂളിൽ നടന്നു എന്നതാണ് പ്രധാനം. പ്രതികളെ കണ്ടെത്താൻ കഴിയാത്തതും ഗുരുതര പ്രശ്‌നമായി തന്നെ വിലയിരുത്താൻ. കോട്ടൺഹിൽ സ്‌കൂളിൽ പ്രശ്‌നമൊന്നുമില്ലെന്നും വ്യാജ വാർത്തകളാണ് പ്രചരിക്കുന്നതെന്നും സ്‌കൂൾ മാനേജ്‌മെന്റ് സമിതിയുടെ ചെയർമാൻ എന്ന് പരിചയപ്പെടുത്തി സിപിഎം നേതാവ് പ്രദീപ് വിശദീകരിച്ചിരുന്നു. പിന്നീട് മറുനാടൻ നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് സ്‌കൂളിൽ ഒരു അധികാരവും ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിക്രമം വിശദീകരിച്ച് ഡിഡിഇ റിപ്പോർട്ട് നൽകിയത്.

സ്‌കൂളിലെ വിദ്യാർത്ഥികൾ ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സിസിടിവികൾ സ്ഥാപിക്കണമെന്നും അദ്ധ്യാപകരുടെ പരിശോധനകൾ നിർബന്ധമാക്കണമെന്നും റിപ്പോർട്ടിലുണ്ട്. സ്‌കൂളിലെ വിഷയം സംബന്ധിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കുട്ടികൾ യൂണിഫോം മാറ്റുന്നില്ലെന്നും ആവശ്യപ്പെടും. ഒരു കുട്ടിയിൽ നിന്ന് ബിഡി കുറ്റി കണ്ടെത്തിയെന്നും പറയുന്നു.

സ്‌കൂളിൽ മയക്കു മരുന്ന് ഉപയോഗമില്ല. സ്‌കൂളിൽ ജോലിക്ക് വന്ന ഇതര സംസ്ഥാന തൊഴിലാളി ബിഡി ഉപയോഗിച്ചു. ആ ബിഡി കുറ്റി വലിച്ചെറിഞ്ഞു. അതൊരു കുട്ടി എടുത്തുപയോഗിച്ചു. അതിന് അപ്പുറത്തേക്ക് ഒന്നുമില്ലെന്നും പറയുന്നു. മറ്റ് കാര്യങ്ങളിലേക്കൊന്നും ഡിഡി കടന്നിട്ടില്ല. സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റിയുടെ തലപ്പത്ത് ആരുമല്ലാത്ത വ്യക്തി ഇരിക്കുന്നതിലും പരാമർശമില്ല. ഇതിനൊപ്പം ഹെഡ്‌മാസ്റ്ററുടെ വ്യാജ ചാരായ കേസിലും പരാമർശമൊന്നുമില്ല. കുട്ടികളുടെ പേരു പറഞ്ഞ് പൊതു സമൂഹത്തിൽ അപമാനം ഉണ്ടാക്കിയ സിപിഎം ഏര്യാ കമ്മറ്റി അംഗത്തെ കുറിച്ചും ഡിഡി ഒന്നും പറയുന്നില്ല.

സോഷ്യൽ മീഡിയയിൽ വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇതിന് പിന്നിലുള്ളവർക്കെതിരെ കേസു കൊടുക്കണമെന്നും ഡിഡി പറയുന്നു. ഒരു റേഡിയോ ജോക്കിയ്‌ക്കെതിരെ കേസെടുക്കണമെന്ന നിർദ്ദേശം ഇന്നലെ ചേർന്ന യോഗത്തിലുണ്ടായിരുന്നു. മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ഈ യോഗം. ഈ യോഗത്തിലെ ധാരണകൾ അതേ പടി ഡിഡി റിപ്പോർട്ടിൽ എഴുതി നൽകിയന്ന വിമർശനവും സജീവമാണ്. ഏതായാലും പ്രതിഷേധം തുടരാനാണ് കുട്ടികളുടെ മാതാപിതാക്കളുടെ തീരുമാനം.

അതേസമയം കോട്ടൺ ഹിസ് സ്‌കൂളിൽ യുപി വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചു. കോട്ടൺ ഹിൽ സ്‌കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ സ്‌കൂളാണ്. റാഗിങ് എന്ന പദപ്രയോഗം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് മന്ത്രി പറഞ്ഞത്. ഉത്തമ ബോധ്യമില്ലാത്ത കാര്യങ്ങൾ പറയരുത്. സംഭവത്തിൽ ഡിഡിയുടെ റിപ്പോർട്ട് കിട്ടിയിട്ടില്ല. ഹെഡ്‌മാസ്റ്റർക്ക് എതിരായ പരാതികൾ ശ്രദ്ധയിൽ പെട്ടിട്ടില്ല. പ്രധാന അദ്ധ്യാപകനെതിരെ ഉയർന്ന പരാതികൾ പരിശോധിച്ച് ആവശ്യമെങ്കിൽ നടപടി എടുക്കും. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് എടുക്കില്ല എന്നും മന്ത്രി പറഞ്ഞു.