തിരുവനന്തപുരം: ** എന്ന് പറയുന്ന കുട്ടി.. ആ കുട്ടിയെ കൊണ്ട് മനഃപൂർവം
പറയിച്ചു. *** എന്ന കുട്ടിയാണ് അതിന് പിന്നിൽ...... ഇത് പറയുന്നത് സിപിഎം നേതാവാണ്. പാളയം ഏര്യാ കമ്മറ്റി അംഗം ആർ പ്രദീപ്. കോട്ടൺഹിൽ സ്‌കൂളിലെ സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനാണ് പ്രദീപ്. പോരാത്തതിന് മന്ത്രി വി ശിവൻകുട്ടിയുടെ വിശ്വസ്തനും. അങ്ങനെ രാഷ്ട്രീയ ബോധമുള്ള നേതാവാണ് കുട്ടികളുടെ പേര് പരസ്യപ്പെടുത്തുന്നത്. പ്രായപൂർത്തിയായ കുട്ടി പ്രതിയായാലും ഇരയായാലും നിയമം അവർക്ക് സംരക്ഷണം നൽകുന്നുണ്ട്. പീഡന കേസിലെ പ്രതികളുടെ ഫോട്ടോയും ചിത്രവും പോലും നൽകാത്ത നാട്. ഇവിടെയാണ് സിപിഎം നേതാവ് സ്‌കൂളിനെതിരായ പരാതികളെ വെള്ളപൂശാൻ ആരോപണവുമായി രംഗത്തു വരുന്നത്. എല്ലാം മാധ്യമ സൃഷ്ടിയെന്ന് വരുത്താൻ പാവം കുട്ടികളുടെ പേരു പോലും മാധ്യങ്ങൾക്ക് മുമ്പിൽ വിളിച്ചു പറഞ്ഞു ഈ സിപിഎം നേതാവ്.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സ്‌കൂളാണ് കോട്ടൺഹിൽ. അത് തകരരുതെന്ന ആഗ്രഹത്തോടെയാണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത്. ഇവിടെയാണ് ചില പരാതിക്കാരുടെ പേരുകൾ പുറത്തു പറഞ്ഞ് സിപിഎം പ്രാദേശിക നേതാവ് തന്നെ അവരെ അക്രമികൾക്ക് പരിചയപ്പെടുത്തി നൽകുന്നത്. കോട്ടൺഹിൽ സ്‌കൂളിലെ പ്രശ്നക്കാരെ അറിയാമെന്നും അവർക്കെതിരെ ഒരു നടപടിയും എടുക്കില്ലെന്നും ഇന്നലെ രക്ഷിതാക്കളുടെ യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കൾ പരസ്യ പ്രതിഷേധവുമായി എത്തിയത്. ഇതോടെയാണ് സിപിഎം പ്രാദേശിക നേതാവ് പരാതി നൽകിയ പെൺകുട്ടികളുടെ പേര് പരസ്യമായി പറഞ്ഞതും. അവരെ കള്ളികളായി ചിത്രീകരിച്ചതും. അങ്ങനെ സംഭവിച്ചെങ്കിൽ പോലും കുട്ടികളുടെ പേര് പറയാതെ വേണമായിരുന്നു അത് വിശദീകരിക്കേണ്ടത്. അതാണ് സിപിഎം നേതാവ് ചാനൽ ക്യാമറയ്ക്ക് മുമ്പിൽ ലംഘിക്കുന്നത്.

കോട്ടൺഹില്ലിലെ വിഷയത്തിൽ അട്ടിമറിക്കപ്പെടുന്നത് ബാലാവകാശങ്ങളാണ്. തലസ്ഥാനത്തെ പ്രധാന സ്‌കൂളിൽ പ്രശ്നമുണ്ടായിട്ടും ബാലാവകാശ കമ്മീഷൻ ഇടപെടുന്നില്ല. പല വിഷയങ്ങളിലും സ്വമേധയാ കേസെടുക്കുന്ന ബാലാവകശാ കമ്മീഷൻ കോട്ടൺഹിൽ സ്‌കൂൾ വിഷയത്തിൽ മൗനത്തിലാണ്. സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലാണ് ഈ സ്‌കൂൾ എന്നതാണ് ഇതിന് കാരണം. രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കേണ്ട വ്യക്തിയാണ് ആർ പ്രദീപ്. അതുകൊണ്ട് തന്നെ പ്രദീപ് പരസ്യമായി പേരു പറഞ്ഞതോടെ ലംഘിക്കപ്പെട്ടത് കുട്ടികളുടെ അവകാശമാണ്. പക്ഷേ ആരും ഒന്നും ചെയ്യില്ല. പൊലീസോ ബാലാവകാശ കമ്മീഷനോ കേസെടുക്കില്ല. പോരാത്തതിന് സ്‌കൂൾ മാനേജ്മെന്റ് കമ്മറ്റിയിൽ നിന്ന് പോലും പുറത്തു പോകേണ്ടി വരില്ലെന്നതാണ് വർത്തമാന കാല യാഥാർത്ഥ്യം. കുട്ടികളുടെ പേര് പറഞ്ഞുള്ള ഗൂഢാലോചനാവാദം മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങൾ ബൈറ്റായി നൽകിയിട്ടുണ്ട്.

വെറുമൊരു മൂത്രപ്പുരയെ കുറിച്ചുള്ള തർക്കമാണ് കോട്ടൺഹില്ലിലേതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. എന്നാൽ ഇത് തള്ളിക്കളഞ്ഞു കൊണ്ടാണ് രക്ഷിതാക്കൾ തന്നെ പരസ്യ പ്രതിഷേധവുമായി എത്തിയത്. ഇതിന് പിന്നാലെയാണ് കള്ളപരാതിയാണ് കുട്ടികൾ നൽകുന്നതെന്ന പരിഹാസവുമായി സിപിഎം നേതാവ് എത്തിയത്. ഈ സ്‌കൂളിലെ മാനേജിങ് കമ്മറ്റിയിൽ ഉടനീളം സിപിഎമ്മുകാരാണ്. ഇവർക്കൊപ്പം ചില അദ്ധ്യാപകരും ചേർന്നാണ് സ്‌കൂളിലെ അച്ചടക്കം പോലും ഇല്ലാതാക്കിയത് എന്നതാണ് വസ്തുത. ഇതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. കുറ്റക്കാരിലേക്ക് നടപടികൾ എത്തിയാൽ പല അദ്ധ്യാപക മുഖം മൂടികളും അഴിഞ്ഞു വീഴും. പ്രശ്നമുണ്ടാക്കിയ കുട്ടികളെ കൗൺസിലിംഗിനും മറ്റും വിധേയമാക്കിയാൽ പല ചൂഷണവും പുറത്തു വരും. ഈ പേടിയിലാണ് സത്യം പറയുന്നവരെ പരസ്യമായി കളിയാക്കുന്നത്.

കോട്ടൺ ഹിൽ സ്‌കൂളിലെ റാഗിങ് വിഷയത്തിൽ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തു വന്നിരുന്നു. പരാതിക്കാരായ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കൾ ആണ് സ്‌കൂളിൽ പ്രതിഷേധിച്ചത്. ആക്രമണം നടത്തിയ സീനിയർ വിദ്യാർത്ഥിനികൾക്കെതിരെ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. അതേസമയം ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് പ്രിൻസിപ്പാൾ വിൻസെന്റ് പറഞ്ഞു. സ്‌കൂളിനെ തകർക്കാനുള്ള മനഃപൂർവ്വമായുള്ള ശ്രമമെന്നാണ് അദ്ധ്യാപക രക്ഷകർതൃ സമിതിയുടെ ആരോപണം. ചെറിയ സംഭവത്തെ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ആർ പ്രദീപ് പറഞ്ഞു. രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കുമെന്നും ആർ പ്രദീപ് പറഞ്ഞു. ഇതിനിടെയാണ് കുട്ടികളുടെ അടക്കം പേരു പറഞ്ഞുള്ള കുറ്റം പറച്ചിൽ.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാർത്ഥികൾ തടഞ്ഞ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കിൽ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂൾ കെട്ടിടത്തിന് മുകളിൽ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരിക്കേറ്റ ഒരു വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിദ്യാർത്ഥിയുടെ രക്ഷിതാവ് ഫേസ്‌ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിർന്ന വിദ്യാർത്ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാസ്‌ക്ക് ഇട്ടിരുന്ന വിദ്യാർത്ഥികൾ യൂണിഫോം ധരിച്ചിരുന്നില്ല.

മ്യൂസിയം പൊലീസ് സകൂളിൽ തിരിച്ചറിയൽ പരേഡ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ചെറിയ ക്ലാസിലെ കുട്ടികൾക്കുണ്ടായ മാനസികാഘാതം കുറയ്ക്കാൻ കൗൺസിലിങ്ങും ഒരുക്കിയിട്ടുണ്ട്. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യു പി സ്‌കൂൾ കുട്ടികളെ മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. എന്നാൽ പുറത്ത് നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കൾ സംശയിക്കുന്നു. ഈ വിഷയം മറുനാടനാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് മറ്റു മാധ്യമങ്ങളും ഏറ്റെടുത്തു.

സ്‌കൂൾ ഗെയിറ്റിനും ചുറ്റുമതിലിലും സി സി ടി വി ക്യാമറകൾ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ പൊലീസിലും ഉന്നതാധികാരികൾക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഹെഡ്‌മാസ്റ്റർ വിശദീകരിച്ചു. കോട്ടൺ ഹിൽ സ്‌കൂളിൽ അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടിയിട്ടുണ്ട്.